കായികനയം മന്ത്രിസഭയുടെ പരിഗണനയില്‍
Tuesday, July 28, 2015 12:00 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഒന്‍പതു മത്സരയിനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്കിക്കൊണ്ടുള്ള കായികനയം സംസ്ഥാന സര്‍ക്കാരിനു കൈമാറി. അത്ലറ്റിക്സ്, നീന്തല്‍, ബാഡ്മിന്റണ്‍, വോളിബോള്‍, സൈക്ളിംഗ്, ഫെന്‍സിംഗ്, കനോയിംഗ് ആന്‍ഡ് കയാക്കിംഗ്, റോവിംഗ്, ഷൂട്ടിംഗ് എന്നീ ഇനങ്ങള്‍ക്കാണ് സ്പോര്‍ട്സ് പോളിസിയില്‍ ഏറ്റവുമധികം പ്രാധാന്യം നല്കിയിട്ടുള്ളത്.

സംസ്ഥാനത്തെ കായികതാരങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം മികവു പുലര്‍ത്തുന്നതും അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ളതുമായ ഇനങ്ങള്‍ എന്ന രീതിയിലാണ് ഹൈ പൊട്ടന്‍ഷ്യല്‍ ഗെയിംസ് എന്ന ഇനത്തില്‍ ഈ ഒന്‍പതു മത്സര ഇനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടാം വിഭാഗത്തില്‍ ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും അന്താരാഷ്ട്ര നിലവാരത്തില്‍ കേരളത്തിന് എത്താന്‍ കഴിയാത്തതുമായ ഇനങ്ങളെയാണ് ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, ടെന്നീസ്, തായ്കോണ്ട്വാ, ഹാന്‍ഡ് ബോള്‍, ഹോക്കി, റെസ്ലിംഗ്, ടേബിള്‍ ടെന്നീസ്, വെയ്റ്റ്ലിഫ്റ്റിംഗ്, ജൂഡോ, ആര്‍ച്ചറി എന്നിവയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്റേറ്റ് സ്പോര്‍ട്സ് ഗ്രിഡ് എന്ന ആശയം അടിസ്ഥാന സൌകര്യ വികസനം ലക്ഷ്യമിടുന്നു. ഇതില്‍ ദേശീയ ഗെയിംസ് നടക്കാത്ത ജില്ലകള്‍ക്ക് മുന്‍ഗണന നല്കും. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേടുന്ന കായികതാരത്തിന് ഒരു കോടി രൂപ നല്കണമെന്നാണ് സ്പോര്‍ട്സ് പോളിസിയില്‍ ശിപാര്‍ശ ചെയ്യുന്നത്. വെള്ളിനേട്ടം സ്വന്തമാക്കിയാല്‍ 75 ലക്ഷവും വെങ്കലത്തിന് 50 ലക്ഷവും മത്സരത്തില്‍ പങ്കെടുത്താല്‍ 20 ലക്ഷവും നല്കണമെന്നും നയത്തില്‍ പറയുന്നു. കോച്ചുമാര്‍ക്ക് സ്വര്‍ണം വെള്ളി വെങ്കലം എന്നതിന് യഥാക്രമം 50, 35, 25 ലക്ഷം എന്നിങ്ങനെയാണു സമ്മാനം.


വേള്‍ഡ് കപ്പ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ മെഡല്‍ സ്വന്തമാക്കുന്ന കായികതാരങ്ങള്‍ക്കു സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയ്ക്ക് യഥാക്രമം 75 ലക്ഷം 50 ലക്ഷം 30 ലക്ഷം എന്നീ ക്രമത്തിലും ഇവരുടെ കോച്ചുമാര്‍ക്ക് 35, 25, 15 ലക്ഷം രൂപ വീതവും നല്കണം. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍നേട്ടം സ്വന്തമാക്കുന്നവര്‍ക്ക് സ്വര്‍ണം -40 ലക്ഷം, വെള്ളി- 20 ലക്ഷം, വെങ്കലം- 10 ലക്ഷം എന്നിങ്ങനെയും നല്കണമെന്നു ശിപാര്‍ശ ചെയ്യുന്നു.

ദേശീയ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണനേട്ടത്തിന് ഒരുലക്ഷവും വെള്ളിയ്ക്ക് 50000 രൂപയും വെങ്കലത്തിന് 25000 രൂപയും നല്കണമെന്നാണ് സ്പോര്‍ട്സ് പോളിസിയില്‍ പറയുന്നത്. സ്പോര്‍ട്സ കൌണ്‍സില്‍ സെക്രട്ടറി ഡോ. ബിനു ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് കായികനയം തയാറാക്കിയത്. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പോര്‍ട്സ് നയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.