വിലക്കിയവര്‍ക്കു ദുരനുഭവങ്ങള്‍ മനസിലാകില്ല: ദ്യുതി ചന്ദ്
വിലക്കിയവര്‍ക്കു ദുരനുഭവങ്ങള്‍ മനസിലാകില്ല: ദ്യുതി ചന്ദ്
Wednesday, July 29, 2015 11:22 PM IST
ലോസാന്‍: എനിക്ക് എന്റെ കായികജീവിതം മാത്രമല്ല, ജീവിതം തന്നെയാണ് തിരിച്ചു കിട്ടിയത്. ഇന്ത്യയുടെ അണ്ടര്‍ 18 വിഭാഗത്തില്‍ ദേശീയ ചാമ്പ്യനായ ദ്യുതി ചന്ദിന്റെ വാക്കുകളാണിത്. ലിംഗ വിവാദത്തെത്തുടര്‍ന്നു മത്സരങ്ങളില്‍നിന്നു വിലക്കപ്പെട്ടിരുന്ന ദ്യുതി തന്റെ വിലക്ക് പിന്‍വലിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു. അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയാണ് (സിഎഎസ്) ദ്യുതിയുടെ വിലക്ക് നീക്കുന്നതിന് ഉപോത്ബലകമായ സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ദ്യുതിക്ക് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാകുമെന്നും വിധിയിലുണ്ട്. വിധി വന്ന പശ്ചാത്തലത്തില്‍ ദ്യുതിയുടെ വിലക്ക് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും നീക്കി. സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്മാരില്‍ കാണുന്ന ടെസ്റോസ്റെറോണ്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ അളവില്‍ ഉണ്ട് എന്ന കാരണത്താല്‍ അവര്‍ സ്ത്രീയല്ല എന്നു പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ ഉത്തേജക നിരോധന നിയമത്തിലെ വ്യവസ്ഥ പുനര്‍നിര്‍ണയിക്കേണ്ടിവരുമെന്നുറപ്പായി. അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷനോട് ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനും തര്‍ക്കപരിഹാര കോടതി ആവശ്യപ്പെട്ടു. വിശദീകരണത്തോടൊപ്പം ശാസ്ത്രീയ തെളവുകള്‍ ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. “”

വിലക്ക് നേരിട്ട രണ്ടു വര്‍ഷം എന്റെ ജീവിതം വലിയ ദുരിതമായിരുന്നു. എന്റെ കായിക ജീവിതം മാത്രമല്ല വ്യക്തി ജീവിതം പോലും വലിയ പ്രതിസന്ധിയിലായിരുന്നു. ജീവിതം ശരിക്കും ഇരുട്ടിലായിരുന്നു. പുറത്തേക്കിറങ്ങാന്‍ പേടിയായിരുന്നു. പൊതുഇടത്തില്‍ ഇറങ്ങി നടക്കാനാവുമായിരുന്നില്ല. അത്രമാത്രം അവഹേളിക്കപ്പെട്ടു. വിലക്ക് ഏര്‍പ്പെടുത്തിയവര്‍ക്ക് ഒരിക്കലും എനിക്കുണ്ടായ ദുരനുഭവങ്ങള്‍ മനസിലാവില്ല -ദ്യുതി പരിതപിച്ചു.

വനിതകളുടെ 100 മീറ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡ് തകര്‍ത്താണ് ദ്യുതി വാര്‍ത്തകളില്‍ നിറയുന്നത്. 200 മീറ്ററില്‍ പൂനയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡലും ദ്യുതി നേടിയിരുന്നു. 2013 കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ നിന്ന് ദ്യുതി ഒഴിവാക്കപ്പെട്ടതോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. ദേശീയ റിക്കാര്‍ഡിന് ഉടമയായ ഒരു താരത്തെ പുറത്താക്കിയതിനുള്ള കാരണം വിശദീകരിക്കാന്‍ സായി തയാറാകാതിരുന്നതോടെ വിലക്ക് മാധ്യമ ശ്രദ്ധ നേടി. യാഥാര്‍ഥ കാരണം മറച്ചുവച്ച് 2013 ജൂണില്‍ ലക്നോവില്‍ നടന്ന ദേശീയ അന്തര്‍സംസ്ഥാന മീറ്റില്‍ യോഗ്യത നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടികയില്‍ നിന്നും ദ്യുതിയെ സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ തന്ത്രപൂര്‍വം ഒഴിവാക്കിയത്. മറ്റു കാരണങ്ങള്‍ കൊണ്ടല്ല, യോഗ്യതാ മാര്‍ക്ക് കടക്കാത്തതു കൊണ്ടുമാത്രമാണ് ഒഴിവാക്കിയതെന്നും വിശദീകരിച്ചു.


പക്ഷേ, വിവാദങ്ങള്‍ കെട്ടടങ്ങിയില്ല. അതു കൂടുതല്‍ തലങ്ങളിലേക്കു വ്യാപിച്ചു. അവസാനം, മനുഷ്യ ശരീരത്തില്‍പുരുഷ ഹോര്‍മോണായ ടെസ്റോസ്റെറോണ്‍ ക്രമാതീതമായ അളവിലുയരുന്ന ഹൈപ്പര്‍ ആന്‍ഡോജനിസം എന്ന പ്രതിഭാസം ദ്യുതിയില്‍ കണ്െടത്തിയതിനെത്തുടര്‍ന്നാണ് വിലക്കിയതെന്നു സായിക്കു സമ്മതിക്കേണ്ടിവന്നു. ഈ വിലക്കിനെതിരേ ദ്യുതി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി വിധിയോടെ ദ്യുതിക്ക് അടുത്ത രണ്ടുവര്‍ഷത്തേക്ക് മത്സരിക്കാം. പുരുഷ ഹോര്‍മോണായ ടെസ്റോസ്റെറോണ്‍ കായികതാരങ്ങള്‍ ശാരീരികക്ഷമത വര്‍ധിക്കുന്നതിനായി കൃത്രിമമായി കുത്തിവയ്ക്കാറുണ്ട്. അത്തരത്തില്‍ ഉപയോഗിക്കുന്നത് ഉത്തേജക നിരോധന നിയപ്രകാരം കുറ്റകരമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സായിയും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും സംയുക്തമായി ദ്യുതിയെ വിലക്കിയത്. എന്നാല്‍, ദ്യുതിയുടെ കാര്യത്തില്‍ ഇത് നൈസര്‍ഗികമായി സംഭവിക്കുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദ്യുതി കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചത്.

ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്കന്‍ വനിതാ അത്ലറ്റ് കാസ്റര്‍ സെമന്യയ്ക്കും സമാനമായ അനുഭവമുണ്ടായിരുന്നു. ലോക അത്ലറ്റിക് മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് കാസ്റര്‍ സെമന്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.