ഇന്ത്യ എ 135നു പുറത്ത്
ഇന്ത്യ എ 135നു പുറത്ത്
Thursday, July 30, 2015 11:44 PM IST
ചെന്നൈ: ആഷസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ക്കു കാലിടറുകയാണെങ്കിലും ഇന്ത്യയിലുള്ള രണ്ടാംനിരക്കാര്‍ മോശമാക്കിയില്ല. ചെന്നൈയില്‍ നടക്കുന്ന രണ്ടാം അനൌദ്യോഗിക ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയെ ആദ്യദിനം വെറും 135 റണ്‍സിനു കങ്കാരുക്കള്‍ എറിഞ്ഞിട്ടു. ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയുടെ സാന്നിധ്യവും ഇന്ത്യയെ കാത്തില്ല. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കു തുടക്കം മുതല്‍ വിക്കറ്റുകള്‍ നിലംപൊത്തി. പാതിമലയാളി കരുണ്‍നായര്‍ പൊരുതിനേടിയ 50 റണ്‍സാണ് മൂന്നക്കം തികയ്ക്കാന്‍ ഇന്ത്യന്‍ എയെ സഹായിച്ചത്. 42 പന്തുകള്‍ നേരിട്ട കോഹ്ലി 16 റണ്‍സെടുത്ത് ആസ്റണ്‍ ആഗര്‍ക്കു വിക്കറ്റു സമ്മാനിച്ചു മടങ്ങി. ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര 11 റണ്‍സെടുത്തപ്പോള്‍ അഞ്ചുപേര്‍ രണ്ടക്കം കടന്നില്ല. ഓസ്ട്രേലിയയ്ക്കായി ഇന്ത്യന്‍ വംശജന്‍ ഗുര്‍വീന്ദര്‍ സന്ധു മൂന്നുവിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ സന്ദര്‍ശകര്‍ ആദ്യദിനം കളിനിറുത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 43 റണ്‍സെടുത്തിട്ടുണ്ട്,


മത്സരത്തില്‍ താരങ്ങള്‍പങ്കെടുത്തത് കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ച്. അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായാണ് താരങ്ങള്‍ ബാന്‍ഡ് ധരിച്ചത്. മത്സരത്തിനു മുമ്പ് ഇരു ടീമംഗങ്ങളും രണ്ടു മിനിറ്റ് മൌനം ആചരിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.