വീണ്ടും മരതകദ്വീപിലെത്തുമ്പോള്‍...
വീണ്ടും മരതകദ്വീപിലെത്തുമ്പോള്‍...
Saturday, August 1, 2015 11:50 PM IST
മറ്റൊരു ശ്രീലങ്കന്‍ പര്യടത്തിനുകൂടി ടീം ഇന്ത്യ തയാറെടുക്കുകയാണ്. തോല്‍വികള്‍ ശീലമാക്കിയ ലങ്കയും സമീപകാലത്ത് ടെസ്റ്റില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്ത ടീം ഇന്ത്യയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യം. ദ്വീപുകാരുടെ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളായ കുമാര്‍ സംഗക്കാരയുടെ വിടവാങ്ങല്‍ പരമ്പര കൂടിയാണിത്. മൂന്നു ടെസ്റുകളുടെ പരമ്പരയ്ക്ക് ആറിനു കൊളംബോയില്‍ ത്രിദ്വിന പരിശീലനമത്സരത്തോടെ തുടക്കമാകും.

കോഹ്ലിക്കു പരീക്ഷണപരമ്പര

ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ലങ്കന്‍ പര്യടനത്തിനുള്ള ഒരുക്കത്തിലാണ് വിരാട് കോഹ്ലി. ചൂടന്‍ സ്വഭാവവും കാമുകി അനുഷ്ക ശര്‍മയുമൊത്തുള്ള കറക്കവും വിവാദങ്ങളുടെ തോഴനാക്കി മാറ്റിയ കോഹ്ലിക്കു കളത്തിലും കാര്യങ്ങള്‍ അത്ര പന്തിയല്ല. ബംഗ്ളാദേശ് പര്യടനത്തില്‍ വേണ്ടത്ര ക്ളിക്കാകാത്തതും ടീമിലെ പടലപിണക്കങ്ങളും യുവനായകനെ സമ്മര്‍ദത്തിലാക്കുന്നു. ആകെയുള്ള ആശ്വാസം സമീപകാലത്തെ ദുര്‍ബലമായ ടീമാണ് എതിരാളികളെന്നതാണ്. യുവത്വം നിറഞ്ഞതെങ്കിലും ഇന്ത്യന്‍ നിരയും അത്ര മികച്ചതല്ല. നീണ്ട ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ സ്പിന്നര്‍മാരായ ഹര്‍ഭജന്‍സിംഗും അമിത് മിശ്രയുമാണ് സീനിയര്‍ താരങ്ങള്‍.

ബാറ്റിംഗ് നിരയ്ക്കു പ്രാധാന്യം നല്കിയുള്ള ടീമാണ് ഇന്ത്യയുടേത്. ടെസ്റ് സ്പെഷലിസ്റ് ചേതേശ്വര്‍ പൂജാര, ലോകേഷ് രാഹുല്‍ എന്നിവര്‍ക്കൊപ്പം ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ രോഹിത് ശര്‍മ, മുരളി വിജയ് എന്നിവരാണ് ബാറ്റ്സ്മാന്‍മാര്‍. ഏകദിനത്തിലും ട്വന്റി-20യിലും പരിചയസമ്പന്നരാണെങ്കിലും ടെസ്റില്‍ വേണ്ടത്ര പരീക്ഷിക്കപ്പെടാത്തവരാണ് ബാറ്റിംഗ് യൂണിറ്റിലുള്ളത്. ലങ്കയിലെ വേഗംകുറഞ്ഞ പിച്ചില്‍ പക്ഷേ ഇവര്‍ കൂടുതല്‍ പരീക്ഷിക്കപ്പെട്ടേക്കില്ല.

ടെസ്റ് ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ പാടുപെടുന്ന രോഹിതിനു നിര്‍ണായകമാണ് പരമ്പര. രണ്ടു സെഞ്ചുറികള്‍ നേടിയിട്ടുണ്െടങ്കിലും 11 ടെസ്റില്‍നിന്ന് വെറും 668 റണ്‍സാണ് മുംബൈ താരത്തിന്റെ അക്കൌണ്ടിലുള്ളത്. ഈ പരമ്പര തന്റെ ടെസ്റ് കരിയറില്‍ നിര്‍ണായകമാണെന്ന തിരിച്ചറിവിലാണ് 28കാരനായ രോഹിത്. ടെസ്റ്റ് സ്പെഷലിസ്റെന്നു മുദ്രകുത്തപ്പെട്ട പൂജാരയാണ് പര്യടനത്തെ പ്രതീക്ഷയോടെ സമീപിക്കുന്ന മറ്റൊരാള്‍. വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍മുറക്കാരനെന്നു വാഴ്ത്തപ്പെട്ട തുടക്കമായിരുന്നു പൂജാരയുടേത്. എന്നാല്‍, തുടക്കത്തിലേ സ്ഥിരത കൈമോശം വന്നതോടെ പലപ്പോഴും വെള്ളക്കാരന്റെ റോളിലേക്ക് മാറ്റപ്പെട്ടു. ആദ്യ ഇലവനില്‍ സ്ഥാനംപിടിക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഓസ്ട്രേലിയ എയ്ക്കെതിരേ കളിക്കുന്ന പൂജാരയ്ക്കുള്ളത്.


ബൌളിംഗില്‍ കാര്യങ്ങള്‍ ഒട്ടും പന്തിയല്ല. സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. മനോഹരമായി പന്തെറിയുന്ന ആര്‍. അശ്വിനൊപ്പം അമിത് മിശ്രയും ഹര്‍ഭജനും ചേരുന്നതോടെ ലങ്കന്‍ ബാറ്റ്സ്മാന്‍മാരെ വെള്ളംകുടിപ്പിക്കാനാകും. പേസ് നിര പക്ഷേ അത്ര പോരാ. കരിയറിലുടനീളം പരിക്കിനോടു പൊരുതുന്ന ഇഷാന്ത് ശര്‍മയടക്കമുള്ള പേസര്‍മാര്‍ക്ക് വേഗം കുറഞ്ഞ പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. ഭുവനേശ്വര്‍ കുമാര്‍ ടീമിലുണ്െടങ്കിലും സമീപകാലത്തെങ്ങും താരം ഫോമിലെത്തിയിട്ടില്ല. വരുണ്‍ ആരോണും ഉമേഷ് യാദവുമാണ് അവശേഷിക്കുന്ന പേസര്‍മാര്‍. 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ ശേഷിയുള്ള ബൌളിംഗ് നിരയാണോ ഇന്ത്യയുടേതെന്ന ചോദ്യം അവശേഷിക്കുന്നു.

ദുര്‍ബലം ലങ്ക

മറുവശത്ത് ലങ്കയും തട്ടിയും മുട്ടിയുമാണു പോകുന്നത്. കുമാര്‍ സംഗക്കാരയ്ക്ക് ഉചിതമായ വിടവാങ്ങല്‍ നല്കണമെങ്കില്‍ അസാധാരണ പ്രകടനം പുറത്തെടുക്കേണ്ടിവരും. ഇന്ത്യയേക്കാള്‍ ദുര്‍ബലരായ പാക്കിസ്ഥാനോടുപോലും പരമ്പര അടിയറവയ്ക്കേണ്ടിവന്ന അവസ്ഥയിലാണ് അവര്‍. മഹേല ജയവര്‍ധനെയും മുരളീധരനുമെല്ലാം വിടപറഞ്ഞശേഷം മികച്ച താരങ്ങളെ കണ്െടത്താനാകുന്നില്ലെന്ന ദയനീയാവസ്ഥയിലാണ് ലങ്ക.

പാക്കിസ്ഥാനെതിരായ പരമ്പരയില്‍ 35 പിന്നിട്ട ജെഹാന്‍ മുബാറക്കിനെ പോലുള്ള പഴയ താരങ്ങളെ ടീമിലുള്‍പ്പെടുത്തേണ്ട അവസ്ഥയിലാണ് സെലക്ടര്‍മാര്‍. എന്തായാലും തുല്യശക്തികളുടെ പോരാട്ടമെന്നു ഇന്ത്യ-ശ്രീലങ്ക പരമ്പരയെ വിശേഷിപ്പിക്കാം. ടീമുകളുടെ കരുത്തുകൊണ്ടല്ല വിശേഷണം ചേരുകയെന്നു മാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.