പോരാടാം ഇംഗ്ളീഷില്‍
പോരാടാം ഇംഗ്ളീഷില്‍
Wednesday, August 5, 2015 11:15 PM IST
ലണ്ടന്‍: ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോള്‍ ലീഗുകളില്‍ ഒന്നായ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന് ശനിയാഴ്ച കിക്കോഫ്. പുതിയ ഉണര്‍വില്‍ പുതിയ താരസമ്പത്തുമായി ഇറങ്ങുന്ന മാഞ്ചസ്റര്‍ യുണൈറ്റഡ് ടോട്ടനം ഹോട്സ്പറുമായി കൊമ്പുകോര്‍ക്കുന്നതോടെയാണ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന്റെ 24-ാം പതിപ്പിനു തുടക്കമാകുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 5.15ന് മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം. അന്നേ ദിവസം മറ്റ് അഞ്ചു മത്സരങ്ങള്‍ കൂടി നടക്കും. നിലവിലെ ചാമ്പ്യന്‍ ചെല്‍സി തങ്ങളുടെ ആദ്യമത്സരത്തില്‍ സ്വാന്‍സീ സിറ്റിയോടു കൊമ്പുകോര്‍ക്കുന്നതും അന്നാണ്. എവര്‍ടണ്‍, സണ്ടര്‍ലന്‍ഡ്, ക്രിസ്റ്റല്‍ പാലസ്, ആസ്റണ്‍ വില്ല എന്നീ ടീമുകളും ശനിയാഴ്ച കളത്തിലിറങ്ങും.

20 ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനങ്ങളിലെത്തിയ ഹള്‍ സിറ്റി, ബേണ്‍ലി, ക്വീന്‍സ് പാര്‍ക് റേഞ്ചേഴ്സ് എന്നിവര്‍ ഇത്തവണ ഇല്ല. പകരം ഫുട്ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പിലെ വിജയത്തോടെയെത്തിയ വാറ്റ്ഫോര്‍ഡ്, വെസ്റ്റ്ബ്രോംവിച്ച് ആല്‍ബിയോണ്‍, വെസ്റ്റ്ഹാം യുണൈറ്റഡ് എന്നിവര്‍ ഇടം നേടി. ഇതില്‍ വെസ്റ്റ്ബ്രോമും വെസ്റ്റ്ഹാമും കഴിഞ്ഞ തവണയും കളിച്ചവരാണ്. വാറ്റ്ഫോര്‍ഡിനൊപ്പം മികച്ച ടീമുമായി ബോണ്‍മൌത്തും നോര്‍വിക് സിറ്റിയുമാണ് പുതിയതായി അവസാന ഇരുപതിലെത്തിയ ടീം.

ടീമുകള്‍ ആഴ്സണല്‍

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയ ആഴ്സണല്‍ ഇത്തവണ കിരീടനേട്ടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ലീഗ് പോരാട്ടങ്ങള്‍ക്കു മുന്നോടിയായി നടന്ന കമ്യൂണിറ്റി ഷീല്‍ഡില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയെ പരാജയപ്പെടുത്തി കിരീടം ചൂടിയത് ആഴ്സിന്‍ വെംഗര്‍ക്കും കുട്ടികള്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഹൊസെ മൌറീഞ്ഞോ പരിശീലകനായ ശേഷം ആദ്യമായാണ് ആഴ്സണല്‍ ചെല്‍സിയെ പരാജയപ്പെടുത്തുന്നത്.

ആസ്റണ്‍വില്ല

കഴിഞ്ഞ സീസണില്‍ റെലഗേഷന്‍ സോണില്‍നിന്നു കഷ്ടിച്ചാണ് ആസ്റ്റണ്‍വില്ല രക്ഷപ്പെട്ടത്. 38 മത്സരങ്ങളില്‍നിന്ന് 38 പോയിന്റ് മാത്രമാണ് അവര്‍ക്കു ലഭിച്ചത്. ഇത്തവണ വന്‍താരങ്ങളെ സ്വന്തമാക്കാന്‍ വലിയ നീക്കങ്ങളൊന്നും ടീം അധികൃതര്‍ നടത്തിയിട്ടുമില്ല. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്യന്‍ ബെന്റക്കെ, ഫാബിയാന്‍ ഡെല്‍ഫ് എന്നിവരെ വില്‍ക്കുകയും ചെയ്ത ആസ്റണ്‍വില്ല ഇത്തവണ കൂടുതല്‍ വിയര്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബോണ്‍മൌത്താണ് അവരുടെ ആദ്യ എതിരാളികള്‍.

ബോണ്‍മൌത്ത്

ലീഗ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ബോണ്‍മൌത്ത് ഇത്തവണ അട്ടിമറികള്‍ക്കു ശേഷിയുള്ളവരാണെന്നാണു വിലയിരുത്തപ്പെടുന്നത്. വലിയ താരങ്ങളില്ലെങ്കിലും ഒത്തൊരുമയും ടീം സ്പിരിറ്റുമാണ് അവരുടെ മുഖമുദ്ര. പല വമ്പന്മാരെയും തങ്ങള്‍ തകര്‍ക്കുമെന്നാണ് അവരുടെ വീമ്പ്. ആസ്റണ്‍വില്ലയ്ക്കെതിരേ ശനിയാഴ്ചയാണ് അവരുടെ ആദ്യമത്സരം.

ക്രിസ്റല്‍ പാലസ്

നോര്‍വിക് സിറ്റിക്കെതിരേ മാജിക് ടച്ച്. അതാണ് ക്രിസ്റ്റല്‍ പാലസ് ആദ്യമത്സരത്തില്‍ ലക്ഷ്യമിടുന്നത്. ന്യൂകാസിലിന്റെ മുന്‍ പരിശീലകന്‍ അലന്‍ പാര്‍ഡിയൂ ആണ് ഇത്തവണ ക്രിസ്റല്‍ പാലസിന്റെ കാര്യം നോക്കുന്നത്. യോഹന്‍ കബായെയാണ് അവരുടെ സൂപ്പര്‍ താരം. കഴിഞ്ഞ തവണ 10-ാം സ്ഥാനത്തായിരുന്ന ക്രിസ്റല്‍ പാലസ് ഇത്തവണ സ്ഥാനം മെച്ചപ്പെടുത്താന്‍ ശ്രമിക്കും.

എവര്‍ടണ്‍

കഴിഞ്ഞ തവണ 11-ാം സ്ഥാനത്തായിരുന്ന എവര്‍ടണ്‍ പുതിയ സീസണ്‍ വിജയത്തോടെ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. പുതുമുഖം വാറ്റ്ഫോര്‍ഡിനെതിരേ ഇറങ്ങുന്ന എവര്‍ടണ്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ടോം ക്ളവര്‍ലിയിലും ജെറാര്‍ഡ് ഡെലുഫുവിലുമാണ്. ബെല്‍ജിയം താരം റൊമേലു ലുക്കാക്കു ഉണ്ടായിരുന്ന കാലത്ത് എവര്‍ടണ്‍ മികച്ച ടീമായിരുന്നു.

ലീസ്റര്‍സിറ്റി

കഴിഞ്ഞ സീസണില്‍ 38 മത്സരങ്ങളില്‍നിന്ന് 41 പോയിന്റ് മാത്രം സ്വന്തമാക്കിയ ലീസ്റ്ററിന് 14-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഇത്തവണയും വലിയ പ്രതീക്ഷകളില്ലാതെ വരുന്ന ലീസ്റര്‍ ജപ്പാന്‍ സ്ട്രൈക്കര്‍ ഷിന്‍ജി ഒക്കസാക്കിയുടെ പ്രകടനമാണ് ഉറ്റുനോക്കുന്നത്.

ലിവര്‍പൂള്‍


ഒരുകാലത്ത് പ്രതാപികളായിരുന്ന ലിവര്‍പൂള്‍ വളരെ മോശമായാണ് ഇപ്പോള്‍ കളിക്കുന്നത്. ഏറ്റവും കൂടുതല്‍ യൂറോപ്യന്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള അവര്‍ 18 തവണയാണ് പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിയിട്ടുള്ളത്. എഴു തവണ എഫ്എ കപ്പിലും അഞ്ച് യൂറോപ്യന്‍ കപ്പും സ്വന്തമാക്കിയ അവര്‍ പക്ഷേ, പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ട് 23 വര്‍ഷമായി. ഏറ്റവും പാരമ്പര്യമുള്ള ലിവര്‍പൂള്‍ കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിരുന്നു. 38 മത്സരങ്ങളില്‍നിന്ന് 60 പോയിന്റ് നേടിയ അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാനായില്ല. യോഗ്യതാ റൌണ്ട് കളിച്ചു വിജയിച്ചാല്‍ മാത്രം യൂറോപ്പ ലീഗ് കളിക്കാമെന്ന അവസ്ഥയാണുള്ളത്. ഞായറാഴ്ച സ്റോക് സിറ്റിക്കെതിരേയാണ് ലിവറിന്റെ സീസണിലെ ആദ്യമത്സരം. മികച്ച ഒരുപിടി താരങ്ങള്‍ ഇത്തവണ ക്ളബ്ബിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ക്രിസ്റ്യന്‍ ബെന്റക്കെ, ജയിംസ് മില്‍നര്‍, റോബര്‍ട്ടോ ഫെര്‍മിനോ തുടങ്ങി കുറേ താരങ്ങള്‍ ഇത്തവണ ടീമിലെത്തിയത് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ക്ളബ് പരിശീലകന്‍ ബ്രണ്ടന്‍ റോജേഴ്സ്.

ന്യൂകാസില്‍ യുണൈറ്റഡ്

സമഗ്രമാറ്റം അവകാശപ്പെട്ടാണ് ന്യൂകാസില്‍ ഇത്തവണ ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ സീസണില്‍ ആദ്യപാദത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അവര്‍ രണ്ടാംപാദത്തില്‍ തീര്‍ത്തും നിറംമങ്ങി. സെര്‍ബിയന്‍ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ മിത്രോവിക്കച്ചിന്റെ സാന്നിധ്യമാണ് ന്യൂകാസിലിന്റെ കരുത്ത്. കൂടാതെ ജോര്‍ജിനിയോ വിനാല്‍ഡവും ടീമിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ 15-ാം സ്ഥാനത്തായിരുന്ന അവര്‍ ആദ്യമത്സരത്തില്‍ ഞായറാഴ്ച സതാംപ്ടണെ നേരിടും.

നോര്‍വിക് സിറ്റി

മിഡില്‍സ്ബ്രോയുമായി പ്ളേ ഓഫ് കളിച്ചു വിജയിച്ചെത്തിയ നോര്‍വിക്കിന് ഇത്തവണ ചില ലക്ഷ്യങ്ങളുണ്ട്; ആദ്യനാലില്‍ ഒരു ടീമാകണം. അത് വിശ്വസിക്കാന്‍ പ്രയാസമുണ്െടങ്കിലും മികച്ച താരനിരയുള്ള നോര്‍വിക്കിന് അതു സാധിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. അലക്സ് നീലിന്റെ സാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയം. കൂടാതെ ഗ്രഹാം ഡോറന്‍സ്, യൂസഫ് മുളുംബു, റോബി ബ്രാഡി എന്നിവരും മികച്ചവരാണ്. ക്രിസ്റല്‍ പാലസിനെതിരേ ശനിയാഴ്ചയാണ് നോര്‍വിക്കിന്റെ ആദ്യമത്സരം.

സതാംപ്ടണ്‍

കഴിഞ്ഞ സീസണില്‍ പല വന്‍കിട ടീമുകളെയും അട്ടിമറിച്ച ചരിത്രമാണ് സതാംപ്ടണുള്ളത്. മാഞ്ചസ്റര്‍ യുണൈറ്റഡ് അടക്കമുള്ളവര്‍ സതാംപ്ടണ്‍ കുതിപ്പില്‍ കടപുഴകി. ഏഴാം സ്ഥാനത്തെത്താനും അവര്‍ക്കായി. ഇത്തവണയും ആ മികവ് ആവര്‍ത്തിക്കാനാകുമെന്നാണ് അവരുടെ വിശ്വാസം. ആദ്യമത്സരത്തില്‍ ന്യൂകാസിലിനെതിരേ ഞായറാഴ്ച ഇറങ്ങുന്ന അവരുടെ പ്രധാന തലവേദന മിന്നും താരങ്ങള്‍ കൂടുവിട്ടു എന്നതാണ്. റൊണാള്‍ഡ് കോമാനാണ് ടീമിലെത്തിയ പ്രമുഖന്‍. യൂറോപ്പ ലീഗില്‍ യോഗ്യത നേടാനുള്ള സാഹചര്യവും ഇത്തവണ സതാംപ്ടണുണ്ട്.

കൈമാറ്റം: ഇതുവരെ മുടക്കിയത് 5000 കോടി രൂപ

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ താരങ്ങളുടെ ട്രാന്‍സ്ഫറിനായി ക്ളബ്ബുകള്‍ ഇതുവരെ മുടക്കിയത് 500 മില്യണ്‍ പൌണ്ട് (ഏകദേശം 5000 കോടി രൂപ). ഈ സീസണിലെ ട്രാന്‍സ്ഫര്‍ ഇനിയും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ ഇതേ കാലയളവില്‍ 335 മില്യണ്‍ പൌണ്ട്മുടക്കിയാണ് ക്ളബുകള്‍ താരങ്ങളെ ചാക്കിട്ടത്. അടുത്ത ശനിയാഴ്ച പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങള്‍ ആരംഭിച്ചാലും സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം ആറുമണിവരെയാണ് കൈമാറ്റം നടത്താനാവുക. ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാകാന്‍ ഇനിയും ഒരു മാസം കൂടി ഉണ്െടന്നിരിക്കെ തുക 800 മില്യണ്‍ പൌണ്ടു(8000 കോടി രൂപ) വരെയാവുമെന്നാണ് കണക്കു കൂട്ടല്‍. ചെറുക്ളബുകള്‍ 99 മില്യണ്‍ പൌണ്ട്(990 കോടി രൂപ) വരെ താരങ്ങളുടെ ട്രാന്‍സ്ഫറിനു വേണ്ടി മുടക്കുമ്പോള്‍ വമ്പന്‍ ക്ളബുകള്‍ 150 മില്യണ്‍ പൌണ്ട് (1500 കോടി രൂപ) മുതല്‍ മുകളിലേക്കു മുടക്കുന്നു.

ചെല്‍സി എവര്‍ട്ടണില്‍ നിന്നു ജോണ്‍ സ്റോണിനെ വാങ്ങാന്‍ 26 മില്യണ്‍ പൌണ്ട് മുടക്കുമ്പോള്‍ പാരി സാന്‍ ഷെര്‍മെയ്ന്‍ എയ്ഞ്ചല്‍ ഡി മരിയയെ വാങ്ങുന്നത് 83 മില്യണ്‍ പൌണ്ടിനാണ്. ഈ ട്രാന്‍സ്ഫറുകള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ തുക ഇനിയും ഉയരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.