ഡബിള്‍ ബോള്‍ട്ട്
ഡബിള്‍ ബോള്‍ട്ട്
Friday, August 28, 2015 10:11 PM IST
ബെയ്ജിംഗ്: വേഗലോകത്ത് ഉസൈന്‍ ബോള്‍ട്ടിന് എതിരാളികളില്ല എന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ആരൊക്കെ വെല്ലുവിളിച്ചാലും ആരൊക്കെ എതിരുനിന്നാലും ട്രാക്കുകണ്ടാല്‍ ചീറ്റപ്പുലിയേപ്പോലെ തന്റെ ലെയ്നിലൂടെ പായുന്ന ബോള്‍ട്ടിനു യാതൊരു കുലുക്കവുമില്ല. ബെയ്ജിംഗിലെ കിളിക്കൂട്ടില്‍ ഇന്നലെയും സംഭവിച്ചത് അതാണ്. ലോകചാമ്പ്യന്‍ഷിപ്പ് 200 മീറ്ററിലും ചക്രവര്‍ത്തി പട്ടത്തിന് മറ്റൊരാളുണ്ടായില്ല. സ്വര്‍ണത്തിന് അവകാശി ജമൈക്കയുടെ ഈ കറുത്തമുത്ത് തന്നെ. വെല്ലുവിളി ഉയര്‍ത്തുമെന്നു കരുതപ്പെട്ടിരുന്ന അമേരിക്കയുടെ ജസ്റിന്‍ ഗാറ്റ്ലിനെ നിഷ്പ്രഭനാക്കിയാണ് ബോള്‍ട്ട് ഫിനിഷിംഗ് ലൈന്‍ കടന്നത്. ആദ്യത്തെ 100 മീറ്ററില്‍ മാത്രമായിരുന്നു ഗാറ്റ്ലിന്‍ മുന്നിട്ടുനിന്നത്. എന്നാല്‍, അതിനുശേഷം വേഗലോകം ഭരിക്കാന്‍ താന്‍ മാത്രമേയുള്ളൂ എന്നുറക്കെ പ്രഖ്യാപിച്ച് ബോള്‍ട്ട് സ്വര്‍ണമണിഞ്ഞു. സമയം 19.55 സെക്കന്‍ഡ്. സീസണിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ബോള്‍ട്ട് 200 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 100 മീറ്ററില്‍ ബോള്‍ട്ടിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ ഗാറ്റ്ലിന്‍ ഫിനിഷിംഗ് ലൈനില്‍ തൊടുമ്പോള്‍ 19.74 സെക്കന്‍ഡ് കുറിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ അനാസോ ജോബോദ്വാനയ്ക്കാണ് വെങ്കലം. സമയം 19.87 സെക്കന്‍ഡ്. നൂറുമീറ്ററിലും സ്വര്‍ണം നേടിയ ബോള്‍ട്ടിന് ഇതോടെ സ്പ്രിന്റ് ഡബിളായി.

200 മീറ്ററിലും മികച്ച തുടക്കമാണ് ബോള്‍ട്ടിനു ലഭിച്ചത്. പതിഞ്ഞ താളത്തില്‍ തുടങ്ങി വേഗം കൈവരിക്കുകയായിരുന്നു ബോള്‍ട്ട്. ട്രാക്കില്‍ ആത്മവിശ്വാസത്തിന്റെ കരുത്തിന്റെയും പാദങ്ങള്‍ ഓരോന്നു പതിയുമ്പോഴും എതിരാളികളുടെ ചങ്കിടിച്ചു. ഇതുപോലെ ഒരാളുടെ മുന്നില്‍ പൊരുതാനുള്ള കരുത്ത് ഇനിയും ആര്‍ജിക്കേണ്ടിയിരിക്കുന്നു എന്നവര്‍ ഒരിക്കല്‍ക്കൂടി മനസിലാക്കുകയായിരുന്നു. 9.79 സെക്കന്‍ഡിലായിരുന്നു ബോള്‍ട്ട് 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. ഗാറ്റ്ലിനാകട്ടെ, 9.80 സെക്കന്‍ഡിലും.

ഇതു തുടര്‍ച്ചയായ നാലാം തവണയാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണം നേടുന്നത്. ലോകചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിന്റെ 10-ാം സ്വര്‍ണം കൂടിയാണിത്. 4-100 മീറ്റര്‍ റിലേയിലും പങ്കെടുക്കുന്ന ബോള്‍ട്ട് 11 സ്വര്‍ണം ഏറെക്കുറെ ഉറപ്പിച്ചു എന്നു വിലയിരുത്താം. 4-100 മീറ്റര്‍ റിലേയിലും ബോള്‍ട്ടും ഗാറ്റ്ലിനും മുഖാമുഖം വരും.

ലോകചാമ്പ്യന്‍ഷിപ്പിനു മുമ്പ് ബോള്‍ട്ടും ഗാറ്റ്ലിനും ഏറ്റുമുട്ടിയത് ഒരേ ഒരു തവണയാണ് 2005ല്‍ ഹെല്‍സിങ്കിയില്‍വച്ചായിരുന്നു ഇത്. അന്ന് വളരെ ചെറുപ്പമായിരുന്ന ബോള്‍ട്ടിനെ ഗാറ്റ്ലിന്‍ പരാജയപ്പെടുത്തി. പിന്നീട് രണ്ടു തവണ മരുന്നടി വിലക്കു നേരിട്ട ഗാറ്റ്ലിന്‍ ഇപ്പോഴാണ് ബോള്‍ട്ടിനെ നേരിടുന്നത്.


2012 ലണ്ടന്‍ ഒളിമ്പിക്സില്‍ പുറത്തെടുത്തതിനുശേഷം ഇത്രയും മികച്ച പ്രകടനം ബോള്‍ട്ട് നടത്തുന്നത് ഇതാദ്യമാണ്.

അമേരിക്ക ഉണര്‍ന്നു

ലോകചാമ്പ്യന്‍ഷിപ്പ് നാലം ദിനം എത്തിയപ്പോഴാണ് അമേരിക്കയ്ക്ക് നേട്ടമുണ്ടാക്കാനായത്. ഇന്നലെ നടന്ന നാലു ഫൈനലുകളില്‍ രണ്െടണ്ണത്തില്‍ സ്വര്‍ണം നേടാന്‍ അമേരിക്കയ്ക്കായി.

അത്യന്തം ആവേശം നിറഞ്ഞ വനിതകളുടെ 400 മീറ്ററില്‍ ഒരിക്കല്‍ക്കൂടി അമേരിക്കയുടെ ആലിസണ്‍ ഫെലിക്സ് പ്രതീക്ഷ കാത്തു. മുമ്പ് 100,200 മീറ്റര്‍ താരമായിരുന്ന ആലിസണ്‍ ഫെലിക്സ് 49.26 സെക്കന്‍ഡിലാണ് 400 മീറ്റര്‍ ഫിനിഷ് ചെയ്തത്. ബഹാമസിന്റെ ഷാവോണി മില്ലര്‍ക്ക് (49.67) വെള്ളിയും ജമൈക്കയുടെ ഷെറിക്ക ജാക്സണാണ്(49.99) വെങ്കലം.

പുരുഷന്മാരുടെ ലോംഗ്ജംപിലും അമേരിക്കയ്ക്കാണു സ്വര്‍ണം. ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം (18.21 മീറ്റര്‍) നടത്തിയ ക്രിസ്റ്യന്‍ ടെയ്ലറാണ് അമേരിക്കയെ പൊന്നണിയിച്ചത്. ഏറ്റവും അവസാനത്തെ ശ്രമത്തിലാണ് ടെയ്ലര്‍ 18.21 മീറ്റര്‍ കണ്െടത്തിയത്. അതുവരെ മുന്നിലുണ്ടായിരുന്നു ക്യൂബയുടെ പെഡ്രോ പി. പിച്ചാര്‍ഡോയ്ക്ക്(17.73) രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പോര്‍ച്ചുഗലിന്റെ നെല്‍സണ്‍ എവോറയ്ക്കാണ് (17.52) വെങ്കലം.

വനിതകളുടെ ഹാമര്‍ ത്രോയില്‍ പോളണ്ടിന്റെ അനിറ്റ ബ്യോഡര്‍ഷിക്കിനാണു സ്വര്‍ണം. 80.85 മീറ്റര്‍ ദൂരം കണ്െടത്തിയ അനിറ്റയ്ക്കു പിന്നില്‍ രണ്ടാമതായി ചൈനയുടെ വെന്‍സുയി സാംഗും(76.33 മീറ്റര്‍) മൂന്നാമതായി ഫ്രാന്‍സിന്റെ അലക്സാന്‍ഡ്ര ടാവര്‍നിയറു(74.02)മെത്തി.

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗം 200 മീറ്റര്‍ സെമിയും ഇന്നലെ നടന്നു. മുന്‍ ചാമ്പ്യന്‍ വെറോനിക്ക കാംപെല്‍ ബ്രൌണ്‍ അടക്കം മൂന്നു ജമൈക്കന്‍ താരങ്ങള്‍ ഫൈനലില്‍ കടന്നു. ഷെറോണ്‍ സിംപ്സണ്‍, എലീന്‍ തോംസണ്‍ എന്നിവരാണ് ഫൈനലില്‍ കടന്ന ജമൈക്കക്കാര്‍. അമേരിക്കയുടെ കാന്‍ഡിസ് മക്്ഗ്രോണ്‍, ജനേബ തര്‍മോ, ഹോളണ്ടിന്റെ ഡഫനി ഷിപ്പേഴ്സ് എന്നിവരും ഫൈനലില്‍ കടന്നു. ഇന്നാണ് വനിതകളുടെ 200 മീറ്റര്‍ ഫൈനല്‍. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലും ഇന്നു നടക്കും. ഇന്നലെ നടന്ന സെമിയില്‍ ലോകചാമ്പ്യന്‍ അമേരിക്കയുടെ ഏരീസ് മെറിറ്റ്, റഷ്യയുടെ സെര്‍ജി ഷുബന്‍കോവ്, ജമൈക്കയുടെ ഒമര്‍ മക്്ലിയോഡ് തുടങ്ങിയവര്‍ ഫൈനലില്‍ കടന്നു.

മീറ്റ് അഞ്ചു ദിനം പിന്നിടുമ്പോള്‍ ആറു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമടക്കം 11 മെഡല്‍ നേടിയ കെനിയയാണു മുന്നില്‍. അമേരിക്ക മൂന്നു സ്വര്‍ണവുമായി രണ്ടാ മതെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.