കൃഷ്ണഗിരിയില്‍ ഇന്ത്യന്‍ ആധിപത്യം
കൃഷ്ണഗിരിയില്‍ ഇന്ത്യന്‍ ആധിപത്യം
Friday, August 28, 2015 10:13 PM IST
കൃഷ്ണഗിരി (കല്‍പ്പറ്റ): ഉത്രാടപ്പാച്ചിലില്‍ നാടോടുമ്പോള്‍ മഴ തോരാന്‍ കാത്തു നില്‍ക്കുകയായിരുന്നു കൃഷ്ണഗിരി. രാവിലെ മുതല്‍ തുടങ്ങിയ ചാറ്റല്‍ മഴ കളി തടസപ്പെടുത്തി. ലഞ്ചിന് ശേഷം 1.30നാണ് മൂന്നാം ദിനം കളിയാരംഭിച്ചത്. കളി നടന്ന 22 ഓവറില്‍ ഇന്ത്യ 75 റണ്ണെടുത്ത ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍417 റണ്‍സെന്ന ശക്തമായ നിലയിലാണ്. അക്ഷര്‍ പട്ടേര്‍ 69 റണ്‍സും കരണ്‍ ശര്‍മ 19 റണ്‍സുമായാണ് ക്രിസിലുള്ളത്.

ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകളുടെ രണ്ടാം ചതുര്‍ദിന മത്സരത്തിന്റെ മൂന്നാം ദിനം 82 റണ്‍സ് ലീഡുമായി ക്രീസിലിറങ്ങിയ ഇന്ത്യ എ ടീം ലീഡ് ഉയര്‍ത്താനുള്ള അടവുകളുമായാണ് ഗ്രൌണ്ടില്‍ ഇറങ്ങിയത്. അങ്കുഷ് 34 റണ്‍സും അക്ഷര്‍ 16 റണ്‍സുമാണ് നേടിയിരുന്നത്. എന്നാല്‍, ബാറ്റിംഗില്‍ താളം കണ്െടത്തുന്നതിന് മുമ്പേ അങ്കുഷ് പട്ടേല്‍ പുറത്തായി. മൂന്നാം ദിനം മൂന്നാം ഓവറില്‍ കേവലം അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ഡസ് വില്‍ജിയോണിന്റെ പന്തില്‍ റീസ ഹെന്‍ഡ്രിക്സിന് സ്ളിപ്പില്‍ ക്യാച്ച് നല്‍കി അങ്കുഷ് പട്ടേല്‍ മടങ്ങിയത്. ചതുര്‍ദിന മത്സരത്തിന്റെ മൂാന്നാം ദിനത്തില്‍ ഒരു റണ്‍ മാത്രമാണ് അങ്കുഷിന് നേടാനായത്. 72 പന്തില്‍ 35 റണ്‍സാണ് അങ്കുഷ് നേടിയത്. ഈ സമയം ഇന്ത്യന്‍ സ്കോര്‍ 347 എന്ന നിലയിലായിരുന്നു.

അങ്കുഷ് പട്ടേലിന് പകരക്കാരനായി ക്രീസിലെത്തിയത് ജയന്ത് യാദവാണ്. യാദവ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുമെന്ന് മഴയെപ്പോലും അവഗണിച്ചെത്തിയ ആരാധകര്‍ കരുതിയെങ്കിലും യാദവ് പൂജ്യനായി മടങ്ങി. മൂന്നാം ദിനത്തിലെ നാലാം ഓവറിലെ പീറ്റിന്റെ അവസാന പന്തിലാണ് യാഥവ് കുടുങ്ങിയത്. 348 റണ്‍സ് എന്ന ടീംടോട്ടലില്‍ നില്‍ക്കവെയാണ് യാഥവിനെ പീറ്റ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ഇതോടെ പീറ്റ് അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചു. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തതിന് പിന്നാലെയാണ് രണ്ടാം മത്സരത്തിലും പീറ്റ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. യാദവ് ഔട്ടായതിനു പുറകേ മഴ വീണ്ടും എത്തി. ഇതോടെ കളി വീണ്ടും നിര്‍ത്തിവച്ചു. ഒരു മണിക്കൂറോളം മഴ വീണ്ടും വില്ലനായെങ്കിലും കളി പുനരാരംഭിച്ചു. എന്നാല്‍ കേവലം രണ്േടാവര്‍ മാത്രം എറിഞ്ഞപ്പോഴേക്കും വെളിച്ചം കളിമുടക്കിയായെത്തി. ഒപ്പം മഴയും. കളി വീണ്ടും അരമണിക്കൂറോളം തടസപ്പെട്ടു.


ക്രീസില്‍ നിലയുറപ്പിച്ച അക്ഷര്‍ പട്ടേലിന് പിന്തുണയുമായി ക്രീസിലെത്തിയത് കരണ്‍ ശര്‍മയാണ്. അക്സറും കരണും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിന് വേഗം കൂട്ടി.

97-ാം ഓവറില്‍ ഇന്ത്യന്‍ ലീഡ് നൂറിലെത്തി. സ്കോര്‍ ബോര്‍ഡിന്റെ ചലനത്തിന് വേഗത വന്നത് അക്സറിന്റെ മിന്നുന്ന പ്രകടനത്തിലൂടെയായിരുന്നു. വില്‍ജിയോണിന്റെ പന്ത് ബൌണ്ടറി കടത്തിയാണ് അക്സര്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. അഞ്ച് വിക്കറ്റ് നേടിയ സ്പിന്‍ മാന്ത്രികന്‍ പീറ്റിനേയും പലവട്ടം ബൌണ്ടറി കടത്തി അക്സര്‍. കരണ്‍ അക്കൌണ്ട് തുറന്നതുതന്നെ ബൌണ്ടറി നേടിയായിരുന്നു. സ്കോര്‍ ബോര്‍ഡിന്റെ ചലനത്തിനും ഇതോടെ വേഗത കൈവന്നു.

പീറ്റും ലോന്‍വാബോ സോട്സോബെയും വില്‍ജിയോണും മാറി മാറി പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ അക്സറും കരണ്‍ ശര്‍മയും കരുതലോടെ ബാറ്റ് വീശി. ഇവരുടെ അപരാജിതമായ 69 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച ലീഡ് നല്‍കി. രണ്ട് സിക്സറും പത്ത് ബൌണ്ടറിയും അക്സര്‍ നേടി. വെളിച്ചക്കുറവും മഴയും കാരണം കളി നേരത്തേ അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.