ഡിവില്യേഴ്സിനു റിക്കാര്‍ഡ്
ഡിവില്യേഴ്സിനു റിക്കാര്‍ഡ്
Friday, August 28, 2015 10:14 PM IST
ഡര്‍ബന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗം 8000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാന്‍ എന്ന റിക്കാര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്സിന്. ഇന്നലെ ന്യൂസിലന്‍ഡിനെതിരേ നടന്ന ഏകദിന മത്സരത്തിലാണ് ഡിവില്യേഴ്സ് ഈ നേട്ടം കൈവരിച്ചത്. 182 ഏകദിനങ്ങളില്‍നിന്ന് 8000 റണ്‍സ് പിന്നിട്ട ഡിവില്യേഴ്സ് മുന്‍ ഇന്ത്യന്‍ ഓപ്പണറും നായകനുമായ സൌരവ് ഗാംഗുലിയുടെ റിക്കാര്‍ഡാണു പഴങ്കഥയാക്കിയത്. 200 ഏകദിനങ്ങളില്‍നിന്നാണ് സൌരവ് ഗാംഗുലി ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തില്‍ ഏറ്റവും വേഗം 7000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റിക്കാര്‍ഡ് 2014 നവംബര്‍ 14ന് ഡിവില്യേഴ്സ് സ്വന്തമാക്കിയിരുന്നു. 166 ഇന്നിംഗ്സുകളില്‍നിന്നായിരുന്നു ഇത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍(210) ബ്രയന്‍ ലാറ(211) എം.എസ്. ധോണി(214) എന്നിവരാണ് വേഗത്തില്‍ 8000 റണ്‍സ് പിന്നിട്ടവരുടെ പട്ടികയിലെ മറ്റു മൂന്നുപേര്‍. ഡിവില്യേഴ്സിന്റെ മികവില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 62 റണ്‍സിനു വിജയിച്ചു. ഇതോടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക 2-1നു സ്വന്തമാക്കി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഡിവില്യേഴ്സ്(64), വാന്‍ വിക്(58) ഹഷിം അംല(44) തുടങ്ങിയവരുടെ മികച്ച ബാറ്റിംഗിന്റെ ബലത്തില്‍ 283 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 49.2 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. 54 റണ്‍സെടുത്ത ലോതമാണ് ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡേവിഡ് വീസ് മൂന്നും റബാഡ. ആബട്ട് എന്നിവര്‍ രണ്ടും വിക്കറ്റ് സ്വന്തമാക്കി. എബി ഡിവില്യേഴ്സ് മാന്‍ ഓഫ് ദ മാച്ചും ഹഷിം അംല മാന്‍ ഓഫ് ദ സീരീസുമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.