ചേതോഹരം പൂജാര
ചേതോഹരം പൂജാര
Sunday, August 30, 2015 11:37 PM IST
കൊളംബോ: ആരു പറഞ്ഞു, ടീമംഗങ്ങള്‍ക്കു ദാഹിക്കുമ്പോള്‍ വെള്ളമെത്തിക്കുകയാണ് ചേതേശ്വര്‍ പൂജാരയുടെ ജോലിയെന്ന്. അങ്ങനെ ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്െടങ്കില്‍ സിംഹളീസ് സ്പോര്‍ട്സ് ക്ളബ് മൈതാനത്തു നിറഞ്ഞാടിയ പൂജാരയുടെ ഇന്നിംഗ്സ് ഒന്നു കണ്ടുനോക്കൂ. ബാറ്റ് കൈയില്‍ കിട്ടിയാല്‍ എതിരാളികളെ വെള്ളം കുടിപ്പിക്കാന്‍ തനിക്കറിയാമെന്നു പൂജാര ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. വിധിനിര്‍ണായക ടെസ്റില്‍ നിലയില്ലാക്കയത്തില്‍ കൈകാലിട്ടടിച്ച ടീം ഇന്ത്യ കരകയറിയിരിക്കുന്നു, പൂജാരയുടെ മിടുക്കില്‍. മഴ ഇടയ്ക്കിടെ വിരുന്നെത്തിയ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ശ്രീലങ്കയ്ക്കെതിരേ എട്ടു വിക്കറ്റിന് 292 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ന്യൂജന്‍മാര്‍ക്ക് അടിതെറ്റിയപ്പോള്‍ ഓള്‍ഡ് ജനറേഷന്‍കാരായ പൂജാരയുടെയും (135 നോട്ടൌട്ട്) മിശ്രയുടെയും (59) ചെറുത്തുനില്പാണ് സന്ദര്‍ശകരുടെ നില ഭദ്രമാക്കിയത്.

ശിഖര്‍ ധവാനും മുരളി വിജയിക്കും പരിക്കേറ്റതുകൊണ്ടു മാത്രമാണ് പൂജാരയ്ക്കു അന്തിമ ഇലവനില്‍ അവസരം ലഭിച്ചത്. ബാറ്റ്സ്മാന്‍മാരോടുള്ള പതിവ് വിധേയത്വം അവസാനിപ്പിച്ച പിച്ചില്‍ ഓപ്പണറുടെ റോളിലേക്കു മാറേണ്ടിവന്നെങ്കിലും ക്ളാസ് ഒരിക്കലും നഷ്ടമാകില്ലെന്നു താരം തെളിയിച്ചു. ആദ്യ ഓവര്‍ മുതല്‍ മറുവശത്ത് ബാറ്റ്സ്മാന്‍മാര്‍ മാറിമാറി വന്നെങ്കിലും രാജ്കോട്ടിന്റെ രാജകുമാരന്‍ അക്ഷോഭ്യനായിരുന്നു. ആദ്യദിനം മഴയില്‍ കുതിര്‍ന്നപ്പോള്‍ ഇന്ത്യ 15 ഓവറില്‍ രണ്ടിന് 50. കെ.എല്‍. രാഹുല്‍ (2) ഇന്നിംഗ്സിലെ രണ്ടാം പന്തിലും അജിങ്ക്യ രഹാനെയെ (8) നാലാം ഓവറിലും ഇന്ത്യക്കു നഷ്ടമായിയിരുന്നു.

പേസര്‍മാര്‍ക്ക് അസാധാരണ സ്വിംഗും ബൌണ്‍സും കനിഞ്ഞനുഗ്രഹിച്ച പിച്ചില്‍ ബാറ്റിംഗ് അത്ര എളുപ്പമായിരുന്നില്ല. ബൌളര്‍മാരെ കടന്നാക്രമിക്കുന്ന വിരാട് കോഹ്ലിയുടെ ബാറ്റ് നിശബ്ദമായപ്പോഴും (60 പന്തില്‍ 18 റണ്‍സ്), രോഹിത് ശര്‍മയുടെ പ്രതിരോധം 65 പന്തുകളിലൊതുങ്ങിയപ്പോഴും പ്രതീക്ഷയത്രയും പൂജാരയിലായിരുന്നു. മോശം പന്തുകളെ തിരഞ്ഞുപിടിച്ചു ശിക്ഷിച്ചും ബഹുമാനം നല്കേണ്ടവയ്ക്കു നല്കിയുമായിരുന്നു സെഞ്ചുറിയിലേക്കുള്ള യാത്ര. കൂട്ടുകാര്‍ മാറിമാറി വന്നപ്പോഴും പൂജാര അസ്വസ്ഥനായില്ല. 124 പന്തുകള്‍ വേണ്ടിവന്നു അര സെഞ്ചുറി പൂര്‍ത്തിയാക്കാന്‍. നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ ഏഴു പേര്‍ പവലിയനിലെത്തിയ സെഞ്ചുറിയിലേക്കുള്ള യാത്രയില്‍ 214 പന്തുകളാണു നേരിട്ടത്. ലങ്കന്‍ ഫീല്‍ഡര്‍മാര്‍ ചില അര്‍ധാവസരങ്ങള്‍ കൈവിട്ടതൊഴിച്ചാല്‍ തികച്ചും ക്ളാസിക് ഇന്നിംഗ്സ്. 13തവണ മാത്രമാണ് പൂജാരയുടെ ബാറ്റില്‍നിന്ന് പന്ത് അതിര്‍ത്തി കടന്നത്.


ആശ്രയമായി മിശ്ര

മറ്റു ബാറ്റ്സ്മാന്‍മാര്‍ ക്രീസിലെ ജോലി മറന്നപ്പോള്‍ അമിത് മിശ്ര അവസരത്തിനൊത്തുയര്‍ന്നതാണ് ടീം ഇന്ത്യയെ തുണച്ചത്. ഒരു ഘട്ടത്തില്‍ ഏഴിന് 180 റണ്‍സെന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. എട്ടാം വിക്കറ്റില്‍ പൂജാര-മിശ്ര സഖ്യം കൂട്ടിച്ചേര്‍ത്തത് 104 റണ്‍സ്. ലങ്കയില്‍ ഇന്ത്യയുടെയും എസ്എസ്സിയിലെയും എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണിത്. മിശ്രയുടെ ഇന്നിംഗ്സില്‍ ഏഴു തവണ പന്ത് അതിര്‍ത്തി കടന്നു. 87 പന്തില്‍നിന്ന് 59 റണ്‍സെടുത്ത മിശ്രയെ വീഴ്ത്തിയത് രംഗനെ ഹെറാതായിരുന്നു. രണ്ടു റണ്‍സെടുത്ത ഇഷാന്ത് ശര്‍മയാണ് കളിയവസാനിക്കുമ്പോള്‍ പൂജാരയ്ക്കു കൂട്ട്.

സ്കോര്‍ ബോര്‍ഡ്

ഇന്ത്യ ബാറ്റിംഗ്: രാഹുല്‍ ബി പ്രസാദ് 2, പൂജാര ബാറ്റിംഗ് 135, രഹാനെ എല്‍ബിഡബ്ള്യു പ്രദീപ് 8, കോഹ്ലി സി പെരേര ബി മാത്യൂസ് 18, രോഹിത് സി തരംഗ ബി പ്രസാദ് 26, ബിന്നി എല്‍ബിഡബ്ള്യു പ്രസാദ് പൂജ്യം, ഓജ സി തരംഗ ബി കൌശല്‍ 21, അശ്വിന്‍ സി പെരേര ബി പ്രസാദ് 5, മിശ്ര സ്റമ്പ്ഡ് പെരേര ബി ഹെറാത് 59, ഇഷാന്ത് നോട്ടൌട്ട് 2 എക്സ്ട്രസ് 16 ആകെ 95.3 ഓവറില്‍ എട്ടിന് 292

ബൌളിംഗ്: പ്രസാദ് 23.3-4-83-4, പ്രദീപ് 22-6-52-1, മാത്യൂസ് 13-6-24-1, ഹെറാത് 25-3-81-1, കൌശല്‍ 12-2-45-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.