യൂറോ യോഗ്യത: ജര്‍മനി ഇന്നിറങ്ങും
Friday, September 4, 2015 10:59 PM IST
മ്യൂണിക്: യൂറോ യോഗ്യത ഫുട്ബോള്‍ മത്സരങ്ങളില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി, പോളണ്ട്, മുന്‍ യൂറോ ചാമ്പ്യന്‍മാരായ ഗ്രീസ് എന്നിവര്‍ ഇന്നിറങ്ങും.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഡിയില്‍ ഒന്നൂം രണ്ടും സ്ഥാനക്കാരായ പോളണ്ട് ജര്‍മനി മത്സരമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജര്‍മനിയുടെ സ്വന്തം ആരാധകരുടെ മുന്നിലാണ് മത്സരം നടക്കുന്നതെന്നത് അവര്‍ക്ക് ആശ്വാസവും കരുത്തും നല്‍കുന്നു. കഴിഞ്ഞ വര്‍ഷം വാഴ്സോയില്‍ നടന്ന മത്സരത്തില്‍ ജര്‍മനിയെ പോളണ്ട് 2-0ന് കീഴ്പ്പെടുത്തിയിരുന്നു. ഗ്രൂപ്പില്‍ പോളണ്ട് ഇതുവരെ ഒരു തോല്‍വി പോലും അറിഞ്ഞിട്ടില്ല. ജര്‍മനി തോറ്റ ഏക മത്സരവും പോളണ്ടിനോടായിരുന്നു. പരിക്കിനെത്തുടര്‍ന്ന് മുന്നേറ്റനിര താരം മാര്‍ക്കോ റൂസിനു കളിക്കാനാകാത്തത് ജര്‍മനിക്കു തിരിച്ചടിയാകും. മെസ്യൂട്ട് ഓസിലിന്റെ കാര്യവും സംശയത്തിലാണ്. എന്നാല്‍, ഇന്നലെ അദ്ദേഹം പരിശീലനത്തിനിറങ്ങിയത് ആശ്വാസം പകരുന്നു. തോമസ് മ്യൂളറുടെ ഗോളടി മികവിലാണ് ജര്‍മനിയുടെ പ്രതീക്ഷകള്‍. മ്യൂളര്‍ ജര്‍മന്‍ ബുണ്ടസ് ലിഗയുടെ പുതിയ സീസണില്‍ അഞ്ചു ഗോളുമായി ഗോള്‍ വേട്ടയില്‍ മുന്നിലാണ്. മറ്റ് മത്സരങ്ങളില്‍ ജോര്‍ജിയ മൂന്നാം സ്ഥാനത്തുള്ള സ്കോട്ലന്‍ഡിനെതിരെയും ജിബ്രാട്ടര്‍ റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡിനെയും നേരിടും. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായ റുമേനിയയും മൂന്നാം സ്ഥാനത്തുള്ള ഹംഗറിയും ഏറ്റുമുട്ടും. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ഗ്രീസിന് ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. വടക്കന്‍ അയര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് ഐയില്‍ ഇന്ന് രണ്ടു മത്സരങ്ങളാണുള്ളത്. പോയിന്റ് നിലയില്‍ രണ്ടാമതുള്ള ഡെന്മാര്‍ക്ക് മൂന്നാം സ്ഥാനത്തുള്ള അല്‍ബേനിയയെ നേരിടും. പോയിന്റ് നിലയില്‍ അവസാന സ്ഥാനക്കാരായ സെര്‍ബിയ അര്‍മേനിയയെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.