ലോകകപ്പ് ഫുട്ബോള്‍ യോഗ്യത: ഇന്ത്യ തുര്‍ക്ക്മെനിസ്ഥാനെതിരേ
Thursday, October 8, 2015 12:40 AM IST
ആഷ്ഗബറ്റ്: രാജ്യം ഐഎസ്എല്‍ ആവേശത്തില്‍ അലിഞ്ഞിരിക്കേ ഇന്ത്യ ലോകകപ്പ് ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാമത്സരത്തിന് ഇറങ്ങുന്നു. ശക്തരായ തുര്‍ക്ക്മെനിസ്ഥാനെതിരേ അവരുടെ നാട്ടിലാണ് പോരാട്ടം. വൈകുന്നേരം 6.30നാണ് മത്സരം.

ഗ്രൂപ്പ് ഇയില്‍ ഒരു പോയിന്റ് പോലുമില്ലാത്ത ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചതാണ്. ആശ്വാസ വിജയം തേടിയാണ് സ്റ്റീഫന്‍ കോണ്‍സ്റ്ററ്റൈന്‍ പരിശീലിപ്പിക്കുന്ന ടീം കളത്തിലിറങ്ങുന്നത്. സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റനിര ശക്തമായ പ്രതിരോധമുള്ള തുര്‍ക്ക്മെനിസ്ഥാന്‍ ഗോള്‍മുഖത്ത് അത്ഭുതം സൃഷ്ടിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. ഇറാനെതിരേ ബംഗളൂരുവില്‍ തോറ്റെങ്കിലും പൊരുതി തന്നെയാണ് കീഴടങ്ങിയത്. ഈ പോരാട്ടവീര്യം ആവര്‍ത്തിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.


ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വിവിധ ക്ളബുകള്‍ക്കായി കളിക്കുന്ന താരങ്ങളാണ് ടീമിലെ ഭൂരിപക്ഷവും. ഫ്രാഞ്ചൈസികള്‍ക്കൊപ്പം വിദേശത്തു കഠിന പരിശീലനം നടത്തിയ താരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ എത്രമാത്രം തിളങ്ങുമെന്നത് ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. കേരള ബ്ളാസ്റേഴ്സിന്റെ പ്രതിരോധക്കോട്ടയായ സന്ദേശ് ജിംഗന്‍, ചെന്നൈയിന്‍ എഫ്സിയുടെ മലയാളി താരം റിനോ ആന്റോ തുടങ്ങിയവരും ടീമിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.