വിസ്മയമായി സാനിയ-ഹിംഗിസ്
വിസ്മയമായി സാനിയ-ഹിംഗിസ്
Sunday, October 11, 2015 11:57 PM IST
ബെയ്ജിംഗ്: സാനിയ മിര്‍സയുടെയും മാര്‍ട്ടിന ഹിംഗിസിന്റെയും വിജയയാത്ര തുടരുന്നു. സമീപകാലത്ത് ലോകം കണ്ട മികച്ച വനിതാ ഡബിള്‍സ് കൂട്ടുകെട്ടായി വളര്‍ന്ന ഇന്ത്യയുടെ സാനിയ മിര്‍സ- സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ലഖ്യത്തിന് ചൈന ഓപ്പണ്‍ കിരീടവും. തുടര്‍ച്ചയായ വിജയങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന സാനിയ- ഹിംഗിസ് സഖ്യം ഇന്നലെ നടന്ന ഫൈനലില്‍ ആറാം സീഡ് തായ്പേയ് താരങ്ങളായ ഹാവോ- ചിംഗ് ചാന്‍- യംഗ് ജാന്‍ സഖ്യത്തെ ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിലാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-7, 6-1, 10-8. ആദ്യത്തേതും അവസാനത്തേതും സെറ്റില്‍ ടൈബ്രേക്കറിലാണ് വിധി നിര്‍ണയിക്കപ്പെട്ടത്. നിര്‍ണായകമായ അവസാന സെറ്റില്‍ 7-7 എന്ന നിലയില്‍ മത്സരം വളരെ ആവേശ അവസ്ഥയിലായിരുന്നു. എന്നാല്‍, അവസാനത്തെ നാലില്‍ മൂന്നു പോയിന്റും സ്വന്തമാക്കി സാനിയ-ഹിംഗിസ് സഖ്യം കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ സാനിയ- ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ നാലാം കിരീടമാണിത്. ഒപ്പം തുടര്‍ച്ചയായ 17-ാം വിജയവും. 2015 സീസണ്‍ തുടങ്ങിയ ശേഷം സാനിയ നേടുന്ന ഒമ്പതാമത്തെ കിരീടമാണിത്, ഹിംഗിസിന്റെ എട്ടാമത്തേതും. ഇന്ത്യന്‍വെല്‍സ്, മയാമി, ചാള്‍സ്റണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ഗ്വാന്‍ഷു, ചൈനീസ് ഓപ്പണ്‍ എന്നീ കിരീടങ്ങളാണ് മാര്‍ട്ടിന ഹിംഗിസ്- സാനിയ മിര്‍സ സഖ്യം ഇതുവരെ നേടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.