കണ്‍നിറയെ പെലെ
കണ്‍നിറയെ പെലെ
Tuesday, October 13, 2015 11:15 PM IST
കോല്‍ക്കത്ത: കോല്‍ക്കത്തയിലെ ഫുട്ബോള്‍ ആരാധകരുടെ മനംകവര്‍ന്ന് ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളര്‍. എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെയെ കണ്‍നിറയെ കണ്ടതിന്റെ ആവേശത്തിലാണ് കോല്‍ക്കത്ത നിവാസികള്‍. നാലു പ്രധാനപ്പെട്ട പരിപാടികളില്‍ പങ്കെടുത്ത പെലെയുടെ ആദ്യപരിപാടി മാധ്യമപ്രവര്‍ത്തകരോടുള്ള സല്ലാപമായിരുന്നു. അത്ലറ്റിക്കോ ഡി കോല്‍ക്കത്ത സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പിന്നിട്ട വഴികളെക്കുറിച്ചും ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ചും സമകാലിക ഫുട്ബോള്‍ താരങ്ങളെക്കുറിച്ചുമൊക്കെ പെലെ വാചാലനായി.

ഇന്ത്യന്‍ ഫുട്ബോളിലേക്ക് ഐഎസ്എലിന്റെ വരവ്

ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഐഎസ്എലിന്റെ കടന്നുവരവു ഗുണകരമാകുമെന്നാണ് എനിക്കു തോന്നുന്നത്. എന്നാല്‍, അതുകൊണ്ടു മാത്രമായില്ല. വളരെ താഴെത്തട്ടില്‍നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. താരങ്ങളെ വിദേശത്തു വിട്ട് മികച്ച പരിശീലനം ലഭ്യമാക്കണം. അതുപോലെ വിദേശത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവിടത്തെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കണം.

കോളജുകളിലും സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ഫുട്ബോളിനു മികച്ച പരിശീലന സൌകര്യം ഉണ്ടാക്കേണ്ടത് ആവശ്യമാണ്.

കോല്‍ക്കത്തയുടെ സ്നേഹം അനുപമം

കോല്‍ക്കത്തയില്‍ ഏവരും എന്നെ നിറഞ്ഞ മനസോടെ സ്വീകരിച്ചു. എന്നോടുള്ള സ്നേഹവും ബഹുമാനവും 38 വര്‍ഷം കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല. അതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. എല്ലാ ബ്രസീലുകാര്‍ക്കു വേണ്ടിയും ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു. ഇത്രവലിയ സ്വീകരണത്തിനു സ്നേഹത്തോടെ നന്ദി.

അത്ലറ്റിക്കോയോ ബ്ളാസ്റ്റേഴ്സോ?

എതിരാളി ഏതു ടീമാണെങ്കിലും അവരെ ബഹുമാനിക്കുക എന്നതാണ് ഒരു ടീമിനു വേണ്ട ഏറ്റവും വലിയ ഗുണം. ലീഗിലെ ഏറ്റവും മികച്ച രണ്ടു ടീമാണ് ഇതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ കൊമ്പുകോര്‍ത്തവര്‍. കേരള ബ്ളാസ്റ്റേഴ്സ് വളരെ മികച്ച ടീമാണ്. കരുതലോടെ കളിച്ചില്ലെങ്കില്‍ പരാജയപ്പെടും. ഇരുടീമിനും എന്റെ ആശംസകള്‍.

മെസി, റൊണാള്‍ഡോ, നെയ്മര്‍

താരങ്ങള്‍ തമ്മിലുള്ള താരതമ്യം വിഷമംപിടിച്ചതാണ്. എങ്കിലും കഴിഞ്ഞ 10 വര്‍ഷത്തെ കാര്യം പരിശോധിച്ചാല്‍ ലോകത്തെ ഏറ്റവും മികച്ച താരം അര്‍ജന്റീനയുടെ ലയണല്‍ മെസിയാണെന്നു നിസംശയം പറയാം. മികച്ച ഫോര്‍വേഡ് എന്ന നിലയില്‍ ക്രിസ്റ്യാനോ റൊണാള്‍ഡോ മികച്ച താരമാണ്. എന്നാല്‍, വ്യത്യസ്ത പൊസിഷനില്‍ വ്യത്യസ്ത ശൈലിയില്‍ കളിക്കുന്ന താരമാണ് മെസി. രണ്ടു പേരുടെയും കളി കാണാന്‍ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. ബ്രസീലിന്റെ നെയ്മറും വളരെ മികച്ച താരമാണ്. ലോകകപ്പ് നേടാന്‍ കഴിവുള്ള താരം. വരും വര്‍ഷങ്ങളില്‍ ലോകത്തെ മികച്ച താരമായി ഉയരാന്‍ നെയ്മര്‍ക്കാകും. എന്റെ ക്ളബ്ബായ സാന്റോസില്‍നിന്നാണ് നെയ്മറും വരുന്നത്. അവിടുത്ത ഗോള്‍ കീപ്പറാണ് ഇപ്പോള്‍ എന്റെ മകന്‍ എഡ്സണ്‍ നാസിമെന്റോ. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നെയ്മര്‍.

ഫിഫ പ്രസിഡന്റാകാന്‍ ഉദ്ദേശിക്കുന്നില്ല

അന്താരാഷ്്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കാന്‍ എനിക്കു യാതൊരു ഉദ്ദേശ്യവുമില്ല.

ഫിഫയിലെ ആരോപണങ്ങള്‍

ഇല്ല, അതേക്കുറിച്ചു പറയാന്‍ താത്പര്യപ്പെടുന്നില്ല.

കഴിഞ്ഞ ലോകകപ്പിലെ ബ്രസീലിന്റെ പ്രകടനം

ഫുട്ബോളിനോടുള്ള പാഷന്‍ ബ്രസീലിനു നഷ്ടപ്പെട്ടിട്ടില്ല. വ്യക്തിഗതമായി മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷേ, ഒരു ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കന്‍ ഞങ്ങള്‍ക്കായില്ല. ഫുട്ബോള്‍ ഒരു വ്യക്തിയുടെ കളിയല്ലല്ലോ. ഒരു ടീമിന്റെ കളിയല്ലേ. ഒരു പരാജയം കൊണ്ട് ടീമിനെ എഴുതിത്തള്ളാനാവില്ല. ഇനിയും ഞങ്ങള്‍ ഫുട്ബോള്‍ നന്നായി കളിക്കും.


എക്കാലത്തെയും മികച്ച ബ്രസീല്‍ കളിക്കാരന്‍

ഒരു താരത്തിന്റെ പേര് പറയുന്നത് ഒട്ടും ശരിയല്ല. ഞാന്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ കൂടെ കളിച്ച നിരവധി പേരുണ്ട്. പിന്നീട്, എന്റെ പേര് മികച്ച കളിക്കാരന്റെ പേരായി പരിഗണിച്ചെങ്കിലും എനിക്ക് കൂടെ കളിച്ചവരാണ് മികച്ച കളിക്കാര്‍. സീക്കോയെ പോലെ ഒറ്റയ്ക്ക് പന്ത് മൈതാന മധ്യത്തുനിന്ന് പെനാല്‍റ്റി ബോക്സിലെത്തിക്കാന്‍ കഴിവുണ്ടായിരുന്ന ഒരു താരത്തിന്റെ പേര് പറയാതിരിക്കാന്‍ എനിക്കാവില്ല. അങ്ങനെ നിരവധി പേര്‍. ഞാന്‍ ഒറ്റയ്ക്കല്ലല്ലോ ഫുട്ബോള്‍ കളിച്ചിരുന്നത്. ഫുട്ബോള്‍ ടീം ഗെയിമല്ലേ. നിരവധി വിജയങ്ങള്‍ നേടിയ ബ്രസീല്‍ ഫുട്ബോള്‍ ടീമില്‍ ഒരംഗം എന്ന നിലയിലാണ് ഞാന്‍ എന്നെ അടയാളപ്പെടുത്തുന്നത്.

ഇംഗ്ളണ്ടിന്റെ ബോബി മൂറാണ് എന്റെ അഭിപ്രായത്തില്‍ എക്കാലത്തെയും മികച്ച ഫുട്ബോളര്‍ എന്ന പേരിന് അര്‍ഹന്‍. പുത്തന്‍ തലമുറയില്‍ ലയണല്‍ മെസിയെ ഞാന്‍ പരിഗണിക്കുന്നു. ഈ ദശാബ്ദത്തിലെ മികച്ച ഫുട്ബോളര്‍ അദ്ദേഹമാണ്.

ഫുട്ബോള്‍ കളിച്ചത് നല്ല മനസോടെ

ഞാന്‍ കാലു കൊണ്ടല്ല ഹൃദയം കൊണ്ടാണ് ഫുട്ബോള്‍ കളിച്ചിട്ടുള്ളത്. എതിര്‍ കളിക്കാരെ ബഹുമാനിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അത് നമ്മള്‍ ജീവിതത്തില്‍ പാലിക്കേണ്ട ഒരു നിലപാടാണ്. വിമര്‍ശിക്കുന്നവരുണ്ടാവാം. പക്ഷേ, സഹിഷ്ണുതയോടെ കാള്‍ക്കാനുള്ള മനസുണ്ടാവണം. തിരുത്തേണ്ടത് തിരുത്തുകയും വേണം. അതു തന്നെയാവണം കളിക്കളത്തിലും പാലിക്കേണ്ടത്. എതിര്‍ കളിക്കാരന്‍ ചിലപ്പോള്‍ പ്രകോപിപ്പിച്ചേക്കാം. പക്ഷേ, ഒരിക്കലും ബോധപൂര്‍വം അദ്ദേഹത്തെ കൈകാര്യം ചെയ്യരുത്. ഇതാണ് പുതു തലമുറയോടു പറയാനുള്ള സന്ദേശം.

കോല്‍ക്കത്തയില്‍ തിരക്കിട്ട പരിപാടികള്‍

ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തോടെയാണ് പെലെയുടെ ഇന്ത്യന്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. തുടര്‍ന്ന് കോല്‍ക്കത്തയിലെ എന്‍എസ്എച്ച്എം നോളജ് കാമ്പസിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു. കോസ്മോസും മോഹന്‍ ബഗാനും തമ്മിലുള്ള മത്സരം നടന്ന ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയ പെലെ അവിടെ ഒരു മണിക്കൂറോളം ചെലവഴിച്ചു. നിരവധി ആരാധകരാണ് ഈയവസരത്തില്‍ അവിടെയെത്തിയത്. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി നടന്ന ചടങ്ങില്‍ 1977ലെ മോഹന്‍ ബഗാന്‍ ടീമിനെ പെലെ ആദരിച്ചു. ലെജന്‍ഡ്സ് നൈറ്റ് എന്നു പേരിട്ട ചടങ്ങില്‍വച്ച് പെലെ -സൌരവ് ഗാംഗുലി സംവാദം നടന്നു. സംഗീത വിസ്മയം എ.ആര്‍. റഹ്്മാനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പങ്കെടുത്തു. വീഡിയോ ക്ോണ്‍ഫറന്‍സിലൂടെ ടെന്നീസ് താരം റാഫേല്‍ നദാല്‍ ചടങ്ങില്‍ സാന്നിധ്യമറിയിച്ചത് സവിശേഷതയായി. ചടങ്ങില്‍ പെലെയ്ക്ക് അദ്ദേഹത്തിന്റെ പ്രശസ്തമായ ബൈസിക്കിള്‍ കിക്കിന്റെ പ്രതിമ സമ്മാനിച്ചു. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ചടങ്ങിലും പെലെ പങ്കെടുത്തു.

ഇന്നു കേരള ബ്ളാസ്റേഴ്സും അത്ലറ്റിക്കോ ഡി കോല്‍ക്കത്തയും തമ്മിലുള്ള മത്സരത്തില്‍ വിശിഷ്ടാതിഥിയായി പെലെ പങ്കെടുക്കുന്നുണ്ട്. സാള്‍ട്ട് ലേക്കിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗം സ്റേഡിയത്തിലാണ് മത്സരം. താരങ്ങളുമായും പെലെ സംവദിക്കുന്നുണ്ട്. തുടര്‍ന്ന് മമതാ ബാനര്‍ജി ഒരുക്കുന്ന ഡിന്നറിലും പെലെ പങ്കെടുക്കും.

നാളെ കോല്‍ക്കത്ത വിടുന്ന പെലെ 16നു ന്യൂഡല്‍ഹിയില്‍ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബോള്‍ ഫൈനലിലും മുഖ്യാതിഥിയാകും.

ബ്രസീലിനെ മൂന്നു തവണ ലോകജേതാക്കളാക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഫുട്ബോള്‍ താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലാണ് അദ്ദേഹം ബ്രസീലിനെ ലോകകിരീടമണിയിച്ചത്. സാന്റോസ് ക്ളബ്ബില്‍നിന്നാണ് അദ്ദേഹം ബ്രസീലിയന്‍ ടീമിലെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.