അഡ്ലെയ്ഡില്‍ പിങ്ക് പന്തിന്റെ വിളയാട്ടം
Sunday, November 29, 2015 10:54 PM IST
അഡ്ലെയ്ഡ്: രണ്ടു ദിവസം കൊണ്ട് വീണത് പതിനഞ്ചു വിക്കറ്റുകള്‍. ടെസ്റ് ക്രിക്കറ്റിലെ ആദ്യത്തെ ഡേ-നൈറ്റ് മത്സരമെന്ന നിലയിലും പിങ്ക് പന്തു കൊണ്ട് കളിക്കുന്ന ആദ്യ ടെസ്റെന്ന നിലയിലും ചരിത്രമായ ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് മൂന്നാം മത്സരത്തിലാണ് അമിത വിക്കറ്റ് വീഴ്ച. രണ്ടാം ദിനം ഓസീസിന്റെ എട്ട് വിക്കറ്റുകള്‍ വീണപ്പോള്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കിവീസിനു നഷ്ടമായത് അഞ്ചു വിക്കറ്റുകള്‍. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് അഞ്ചു വിക്കറ്റിന് 116 എന്ന നിലയിലാണ്. മിച്ചല്‍ സാന്ററും (13), ബ്രാഡ്ലി-ജോണ്‍ വാട്ലിംഗു(7)മാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് കൂടിശേഷിക്കേ കീവിസിനു 94 റണ്‍സിന്റെ ലീഡാണുള്ളത്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 224 റണ്‍സില്‍ തീര്‍ന്നിരുന്നു. ഓസീസ് ഒന്നാം ഇന്നിംഗ്്സില്‍ 22 റണ്‍സിന്റെ ലീഡ് നേടി. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 202 റണ്‍സ് എടുത്തിരുന്നു.

രണ്ടു വിക്കറ്റിന് 54 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനത്തിലിറങ്ങിയ ഓസീസിന്റെ ബാറ്റിംഗ് നിര തകര്‍ന്നു വീണു. ഒരു ഘട്ടത്തില്‍ എട്ട് വിക്കറ്റിന് 116 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന കംഗാരുക്കളെ ഒമ്പതാം വിക്കറ്റിലെയും പത്താം വിക്കറ്റിലെയും കൂട്ടുകെട്ടുകള്‍ രക്ഷിച്ചു. ഒമ്പതാം വിക്കറ്റില്‍ നഥാന്‍ ലിയോണ്‍-പീറ്റര്‍ നെവില്‍ സഖ്യത്തിന്റെ സംഭാവന 74 റണ്‍സായിരുന്നു. അതിനുശേഷം നെവില്‍-സ്റാര്‍ക്ക് കൂട്ടുകെട്ട് അടിച്ചെടുത്തത് 34 റണ്‍സും. പത്താമനായി പുറത്തായ നെവില്‍ (66) ടോപ് സ്കോററായി. സ്റ്റീവന്‍ സ്മിത്ത് 53 റണ്‍സെടുത്തു. സാന്റെറിന്റെ 53-ാം ഓവറിന്റെ നാലാം പന്തില്‍ ലിയോണിനെതിരെ ക്യാച്ചിനും എല്‍ബിഡബ്ള്യുവിനും ശക്തമായ അപ്പീലിനെയും തുടര്‍ന്നുള്ള റിവ്യുവിലും ലിയോണ്‍ നോട്ടൌട്ട്. ഹോട്ട് സ്പോടില്‍ ബാറ്റില്‍ പന്ത് ഉരുമിയെന്ന് കാണിച്ചു. എന്നാല്‍, റിയല്‍ ടൈം സ്നിക്കോയില്‍ ഒന്നും തെളിഞ്ഞില്ല. എല്‍ബിഡബ്ളു പരിശോധിച്ചെങ്കിലും അതും ലിയോണിന് അനുകൂലം. ഡിആര്‍എസും പിഴയ്ക്കുകയാണോ എന്ന ചോദ്യമുണ്ടായ നിമിഷം. ഓസീസ് സ്കോര്‍ 190ലെത്തിയപ്പോള്‍ ലിയോണ്‍ (34) പുറത്തായി. നെവിലിനു കൂട്ടായി കാലിനേറ്റ പൊട്ടലിനെ അവഗണിച്ച് മിച്ചല്‍ സ്റാര്‍ക്കെത്തി. പരിക്കിനെത്തുടര്‍ന്ന് സിംഗിളുകള്‍ക്കോ ഡബിളുകള്‍ക്കോ മുതിരാതെ ഫോറുകളും സിക്സറുകളുമായിരുന്ന സ്റ്റാര്‍ക്കിന്റെ ലക്ഷ്യം. മാര്‍ക് ക്രെയ്ഗിന്റെ 70ാം ഓവറില്‍ 20 റണ്‍സാണ് സ്റ്റാര്‍ക്ക് അടിച്ചുകൂട്ടിയത്. സ്റ്റാര്‍ക്ക് 24 പുറത്താകാതെ നിന്നു. ഡഗ് ബ്രെയ്സ്വെല്‍ മൂന്നും മാര്‍ക്ക് ക്രെയ്ഗ്, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.


രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസിന് 98 റണ്‍സിലെത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നെണ്ണം ഹെയ്സല്‍വുഡിന് രണ്െടണ്ണം മിച്ചല്‍ മാര്‍ഷിനും. കീവിസിനു വേണ്ടി റോസ് ടെയ്ലറും (32) ബ്രണ്ടന്‍ മക്കല്ലവും (20) ഏകദിനശൈലിയിലുള്ള ബാറ്റിംഗ് നടത്തിയെങ്കിലും ഇരുവരും പുറത്തായതോടെ വലിയ പോരാട്ടം കിവീസിനു നടത്താനാകാതെ പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.