റയല്‍ വീണ്ടും വിജയവഴിയില്‍
റയല്‍ വീണ്ടും വിജയവഴിയില്‍
Tuesday, December 1, 2015 11:58 PM IST
ഐബര്‍: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. എതിരാളികളായ ഐബറിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഗരത് ബെയ്ല്‍ (43), ക്രിസ്റ്യാനോ റൊണാള്‍ഡോ (82 പെനാല്‍റ്റി) എന്നിവരുടെ ഗോളില്‍ റയല്‍ 2-0ത്തിന് ജയിച്ചു. എല്‍ ക്ളാസിക്കോയില്‍ ബാഴ്സലോണയില്‍ നിന്നും സെവിയ്യയില്‍ നിന്നുമേറ്റ കനത്ത തോല്‍വിക്കുശേഷം റയല്‍ നേടുന്ന ജയമാണ്.

13 കളിയില്‍ 27 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്താണ്. അത്ര തന്നെ കളികളില്‍ നിന്ന് ഒന്നാമതുള്ള ബാഴ്സലോണയ്ക്കു 33 ഉം രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിഡിന് 29 പോയിന്റുമാണുള്ളത്. മത്സരത്തില്‍ ജയിച്ചെങ്കിലും റയലിനു തങ്ങളുടെ യഥാര്‍ഥ മികവ് പുറത്തെടുക്കാനായില്ല. ബെയ്ല്‍ ഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോയ്ക്ക് ഒരു ഗോളിനായി പെനാല്‍റ്റി വരെ കാത്തിരിക്കേണ്ടി വന്നു. തുറന്ന അവസരങ്ങള്‍ പലതും ലഭിച്ചിട്ടും ഒന്നും വലയിലെത്തിക്കാന്‍ പോര്‍ച്ചുഗീസ് താരത്തിനായില്ല.

15-ാം മിനിറ്റില്‍ ഐബര്‍ ഒരുക്കിയ ഓഫ്സൈഡ് കെണി പൊട്ടിച്ചു കടന്ന റൊണാള്‍ഡോയ്ക്ക് ഗോള്‍ കീപ്പര്‍ അസിയര്‍ റീസ്ഗോ മാത്രം മുന്നില്‍ നില്ക്കേ തൊടുത്ത ഷോട്ട് വലയിലെത്തിക്കാനായില്ല. റൊണാള്‍ഡോയുടെ അടി റീസ്ഗോ മികച്ചൊരു രക്ഷപ്പെടുത്തലിലൂടെ തട്ടിയകറ്റി. റീബൌണ്ട് ചെയ്ത പന്ത് മാത്യോ കൊവാസിച്ച് ക്രോസ് ബാറിനു മുകളിലൂടെ പറത്തി. ഇതിനു ശേഷവും ബലന്‍ ഡിയോര്‍ ജേതാവ് അവസരം നഷ്ടപ്പെടുത്തി. ആദ്യപകുതി തീരും മുമ്പ് റയല്‍ മുന്നിലെത്തി. ലൂക്കാ മോഡ്രിച്ച്-ഹാമിഷ് റോഡ്രിഗസ് മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. മോഡ്രിച്ച് പോസ്റിനു മുന്നിലേക്ക് അപകടകരമായ രീതിയില്‍ പന്ത് ഉയര്‍ത്തിവിട്ടു. അവസരം കാത്തിരുന്ന ബെയ്ല്‍ ഹെഡ് ചെയ്ത് പന്ത് വലയിലാക്കി.


റയലിന്റെ ലൂകാസ് വാസ്കസിനെ ഡാനി ഗാഴ്സിയ ബോക്സിനുള്ളില്‍ ഫൌള്‍ ചെയ്തതിന് റയലിനനുകൂലമായ സ്പോട് കിക്ക്. കിക്കെടുത്ത റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചു. റൊണാള്‍ഡോയുടെ ലാ ലിഗയിലെ 234-ാം ഗോളായിരുന്നു. മുന്‍ റയല്‍ ഇതിഹാസം ഹ്യൂഗോ സാഞ്ചസിനൊപ്പം റൊണാള്‍ഡോ ഗോള്‍ വേട്ടയില്‍ മൂന്നാം സ്ഥാനത്തായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.