ദക്ഷിണേഷ്യന്‍ ഗെയിംസ്: ഇന്ത്യ കുതിപ്പ് തുടങ്ങി
ദക്ഷിണേഷ്യന്‍ ഗെയിംസ്: ഇന്ത്യ കുതിപ്പ് തുടങ്ങി
Sunday, February 7, 2016 11:43 PM IST
ഗോഹട്ടി: സൌത്ത് ഏഷ്യന്‍ ഗെയിംസില്‍ ആദ്യദിനം തന്നെ ഇന്ത്യയുടെ സമഗ്രാധിപത്യം. 14 സ്വര്‍ണവും അഞ്ചു വെള്ളിയും സ്വന്തമാക്കി ഇന്ത്യ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് നാലു സ്വര്‍ണവും 10 വെള്ളിയും ഏഴു വെങ്കലവുമാണുള്ളത്. പാക്കിസ്ഥാനാണു മൂന്നാമത്. പുലര്‍ച്ചെ നടന്ന സൈക്ളിംഗോടെയാണ് ഇന്ത്യ മെഡല്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ഈയിനത്തില്‍ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഇന്ത്യ സ്വന്തമാക്കി.

പുരുഷന്മാരുടെ 40 കിലോമീറ്റര്‍ വ്യക്തിഗത ടൈം ട്രയലില്‍ അരവിന്ദ് പന്‍വാറാണ് ഇന്ത്യയെ പൊന്നണിയിച്ചത്. സമയം-1: 08:28.80
ഈയിനത്തില്‍ വെള്ളിയും ഇന്ത്യക്കാണ്. മന്‍ജിത് സിംഗിനാണ് വെള്ളി.

വനിതാ വിഭാഗം 30 കിലോമീറ്റര്‍ വ്യക്തിഗത ടൈം ട്രയില്‍ വിദ്യാലക്ഷ്മി തോറാംഗ്ബാം സ്വര്‍ണവും ഇന്ത്യയുടെ തന്നെ ചോബ ദേവി എലംഗ്ബാം വെള്ളിയും സ്വന്തമാക്കിയപ്പോള്‍ വെങ്കലം പാക്കിസ്ഥാനാണ്.

ഇന്നലെ നാലു സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ നീന്തിയെടുത്തത്. 4-100 മീറ്റര്‍ ഫ്രീസ്റൈല്‍ റിലേയില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യക്കാണു സ്വര്‍ണം. അതേസമയം, പുരുഷ വിഭാഗത്തില്‍ ലങ്ക സ്വര്‍ണം നേടി.

അവന്തിക, വി. മാളവിക, മാനാ പട്ടേല്‍, ശിവാനി കട്ടാറിയ എന്നിവരുടെ സംഘമാണ് ഇന്ത്യക്കു സ്വര്‍ണമേകിയത്. ശ്രീലങ്ക വെള്ളിയും പാക്കിസ്ഥാന്‍ വെങ്കലവും സ്വന്തമാക്കി. ചിരന്ദ ഡിസല്‍വ, കൈല്‍ അബേ സിംഗ്, ശീഷന്‍ ഡിസല്‍വ, മാത്യു അഭയസിംഗെ എന്നിവരുടെ സംഘമാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ ദാമിനി ഗൌഡയിലൂടെ ഇന്ത്യ പൊന്നണിഞ്ഞു. സമയം: 1:04.92. ശ്രീലങ്കയ്ക്കാണ് വെള്ളിയും വെങ്കലവും. പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ ശ്രീലങ്കയുടെ മാത്യു അഭയസിംഗെ (55.42 സെക്കന്‍ഡ്) സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ സുപ്രിയോ മൊണ്ടാലിനാണ് (55.86) വെള്ളി.

പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രെസ്റ്സ്ട്രോക്കില്‍ സൂപ്പര്‍ താരം സന്ദീപ് സേജ്വാള്‍ സ്വര്‍ണം നേടി. സമയം: 2: 20.66. ശ്രീലങ്ക വെള്ളിയും ബംഗ്ളാദേശ് വെങ്കലവും നേടി. വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ ശിവാനി കട്ടാരിയ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്കയുടെമാച്ചിക്കോ റഹിം വെള്ളി നേടി. പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റൈലില്‍ ശ്രീലങ്കയുടെ മാത്യു അഭയ സിംഗെ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ സൌരഭ് സംഗ്വേകര്‍ വെള്ളിയണിഞ്ഞു.


അമ്പെയ്ത്തിലും ഇന്ത്യ വിജയത്തോടെ ആരംഭിച്ചു. ഇന്നലെ നടന്ന എല്ലായിനത്തിലും ഇന്ത്യമുന്നിലെത്തി. പരുഷവിഭാഗം കോംപൌണ്ട് ഇനത്തില്‍ 704 പോയിന്റോടെ അഭിഷേക് വര്‍മ ഒന്നാമതെത്തിയപ്പോള്‍ 693 പോയിന്റോടെ രജത് ചൌഹാന്‍ രണ്ടാമതും 692 പോയിന്റോടെ മനാഷ് ജ്യോതി ചംഗ്മായി മൂന്നാമതുമെത്തി. വനിതാ കോംപൌണ്ട് ഇനത്തില്‍ സുധീര്‍ ഷെന്‍ഡെ(686 പോയിന്റ്) ഒന്നാമതെത്തിയപ്പോള്‍ ജ്യോതി സുരേഖയ്ക്കാണ്(684) രണ്ടാം സ്ഥാനം.

പുരുഷന്മാരുടെ വ്യക്തിഗത റിക്കര്‍വ് ഇനത്തില്‍തരുണ്‍ ദീപ് റായി (676) മുന്നിലെത്തി. വനിതാ സൂപ്പര്‍ താരം ദീപിക കുമാരിയും വിജയത്തോടെ പോരാട്ടം ആരംഭിച്ചു. വനിതകളുടെ വ്യക്തിഗത റീക്കര്‍വ് ഇനത്തില്‍ 668 പോയിന്റോടെയാണ് ദീപിക

ഏറെ പ്രതീക്ഷയര്‍പ്പിച്ച ഭാരോദ്വഹനത്തില്‍ ഇന്ത്യ മികച്ചുനിന്നു. ഇതില്‍നിന്നു മാത്രം മൂന്നു സ്വര്‍ണമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗുസ്തിയില്‍ അഞ്ചു സ്വര്‍ണവും ഇന്ത്യ സ്വന്തമാക്കി.

കബഡിയില്‍ പുരുഷ, വനിതാ ടീം ഇനത്തില്‍ ഇന്ത്യ ആദ്യറൌണ്ടില്‍ വിജയിച്ചു. വനിതാ വിഭാഗത്തില്‍ ശ്രീലങ്കയെ 16-6നു തറപറ്റിച്ചപ്പോള്‍ പുരുഷവിഭാഗത്തില്‍ നേപ്പാളിനെതിരേ 23-11നായിരുന്നു ഇന്ത്യയുടെ വിജയം.

പുരുഷ വോളിയില്‍ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലേക്കു യോഗ്യത നേടി. നേപ്പാളിനെ 25-15, 25-16, 25-16 എന്ന സ്കോറിനാണു പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിലും ഇന്ത്യ വിജയിച്ചു. മാലദ്വീപിനെ 25-9, 25-9, 25-10 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.