ജയത്തോടെ മക്കല്ലം വിടവാങ്ങി
ജയത്തോടെ മക്കല്ലം വിടവാങ്ങി
Tuesday, February 9, 2016 11:30 PM IST
ഹാമില്‍ട്ടണ്‍: ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് പരമ്പര സ്വന്തമാക്കി വെടിക്കെട്ട് വീരന്‍ ബ്രണ്ടന്‍ മക്കല്ലം ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. മൂന്നാം മത്സരത്തില്‍ ഓസീസിനെ 55 റണ്‍സിനു കിവീസ് കെട്ടുകെട്ടിച്ചു. സ്കോര്‍ ന്യൂസിലന്‍ഡ് 45.3 ഓവറില്‍ 246. ഓസ്ട്രേലിയ 43.4 ഓവറില്‍ 191. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര കിവീസ് 2-1ന് സ്വന്തമാക്കി. അവസാന ഏകദിനത്തിലും വെടിക്കെട്ടോടെയാണ് മക്കല്ലം തുടങ്ങിയത്. മാര്‍ട്ടിന്‍ ഗപ്ടിലുമായി ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 9.3 ഓവറില്‍ 84 റണ്‍സാണ് മക്കല്ലം അടിച്ചുകൂട്ടിയത്. 27 പന്തില്‍ 47 റണ്‍സ് നേടിയ മക്കല്ലം ആറ് ഫോറും മൂന്ന് സിക്സും പറത്തി. ഗപ്ടില്‍ 59 റണ്‍സും ഗ്രാന്‍ഡ് എലിയട്ട് 50 റണ്‍സും നേടി. ഇരുവരുടെയും അര്‍ധ സെഞ്ചുറികളാണു കിവീസിനു പൊരുതാനുളള സ്കോര്‍ സമ്മാനിച്ചത്. പരമ്പര വിജയത്തിനു 247 റണ്‍സ് വേണ്ടിയിരുന്ന ഓസീസിനു ഡേവിഡ് വാര്‍ണര്‍-ഉസ്മാന്‍ കവാജ സഖ്യം മികച്ച തുടക്കം നല്‍കി. രണ്ടാം മത്സരത്തിലെ വിജയശില്പി മിച്ചല്‍ മാര്‍ഷ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 41 റണ്‍സില്‍ വീണു. ഓസീസ് വാലറ്റം വന്നതും പോയതും ഒരുപോലെയായതോടെ മക്കല്ലത്തിനു അര്‍ഹിച്ച വിടവാങ്ങല്‍ നല്‍കാന്‍ കിവീസിനു കഴിഞ്ഞു. എട്ട് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ വംശജന്‍ ഇന്ദര്‍ബിര്‍ സിംഗ് സോധിയാണ് മാന്‍ ഓഫ് ദ മാച്ച്.


200 സിക്സറുകള്‍!

ഏകദിന കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ മക്കല്ലത്തിന് അപൂര്‍വ റിക്കാര്‍ഡുകള്‍ സ്വന്തം. 200 സിക്സറുകള്‍ സ്വന്തമാക്കിയ നാലാമത്തെ ബാറ്റ്സ്മാനാണു മക്കല്ലം. 228 ഇന്നിംഗ്സുകളില്‍നിന്നാണ് ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ മുമ്പന്‍ പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദിയാണ്. 195 ഇന്നിംഗ്സില്‍നിന്ന് 200 സിക്സറുകള്‍ നേടിയ അഫ്രീദി 369 ഇന്നിംഗ്സില്‍നിന്ന് 351 സിക്സറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാമത് സനത് ജയസൂര്യയാണ് 343 ഇന്നിംഗ്സില്‍നിന്ന്. ക്രിസ് ഗെയ്ലിനു വേണ്ടിവന്നത് 241 ഇന്നിംഗ്സ്. 260 ഏകദിനത്തില്‍ കിവീസ് ക്യാപ് അണിഞ്ഞ മക്കല്ലം 228 ഇന്നിംഗ്സുകളില്‍നിന്ന് 6083 റണ്‍സ് നേടി. അഞ്ച് സെഞ്ചുറിയും 32 അര്‍ധസെഞ്ചുറിയും നേടിയ മക്കല്ലത്തിന്റെ ഉയര്‍ന്ന സ്കോര്‍ 166 ആണ്. 2002 ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരേ സിഡ്നിയില്‍ അരങ്ങേറിയ മക്കല്ലം ഓസ്ട്രേലിയയ്ക്കെതിരേ തന്നെ കളിയും അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.