മ്യൂണിക്കിനെതിരേ ഷംറോക്സ്
മ്യൂണിക്കിനെതിരേ ഷംറോക്സ്
Thursday, February 11, 2016 11:34 PM IST
ജോസഫ് പ്രിയന്‍

കോഴിക്കോട്: നാഗ്ജി ടൂര്‍ണമെന്റ് ആരംഭിച്ചതിനു ശേഷം കോഴിക്കോട് കോര്‍പറേഷന്‍ സ്റേഡിയം ഇത്രയധികം ആവേശംപൂണ്ട മറ്റൊരു മത്സരത്തിന് സാക്ഷ്യംവഹിച്ചിട്ടുണ്ടാവില്ല. യൂറോപ്യന്‍ ഫുട്ബോളിന്റെ മാസ്മരികത നിറഞ്ഞുനിന്ന മത്സരത്തില്‍ ഐറിഷ്പട, ജര്‍മന്‍ കോട്ടവാതിലുകള്‍ തകര്‍ത്തെറിഞ്ഞു. ജര്‍മനിയുടെ ടിഎസ്വി മ്യൂണിക്കിനെതിരെ അയര്‍ലന്‍ഡിന്റെ ഷംറോക്ക് റോവേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയംവരിച്ചത്.

ഫൌളുകള്‍ കളംനിറഞ്ഞപ്പോള്‍ ഇരു ടീമിനുമായി മൂന്നു പെനാല്‍റ്റികളാണ് റഫറി വിധിച്ചത്. കഴിഞ്ഞ കളിയില്‍ നിന്നും വ്യത്യസ്തമായി ആദ്യ ഇലവനില്‍ ആറ് മാറ്റങ്ങളുമായാണ് ഐറിഷ്പട കളത്തിലിറങ്ങിയത്. ആദ്യം മുതല്‍ അയര്‍ലന്‍ഡ് താരങ്ങള്‍ അക്രമം നടത്തിയപ്പോള്‍ ജര്‍മനി പ്രതിരോധത്തിലൂന്നി. പതിയെ താളം കണ്െടത്തിയ ജര്‍മനി ഇടതുവിംഗില്‍ നിക്കോളാസ് ഹെംബേര്‍ട്ടിന്റെ തന്ത്രങ്ങളിലൂടെ ആക്രമണമാരംഭിച്ചു. അതേസമയം ഡാനി നോര്‍ത്തിനെ മുന്നില്‍ നിര്‍ത്തിയാണ് ഐറിഷ്പട കരുക്കള്‍ നീക്കിയത്. ഇടതുവിംഗിലൂടെ ജര്‍മനി നടത്തിയ നീക്കത്തിലൂടെ 13ാം മിനിറ്റില്‍ ആദ്യഗോള്‍ പിറന്നു. ജര്‍മനിയുടെ സൈമണ്‍ സഫറിംഗ്സിനെ അയര്‍ലന്‍ഡിന്റെ ഡേവിഡ് വെസ്റ്റര്‍ വീഴ്ത്തിയതിന് കിട്ടിയ ആദ്യ പെനാല്‍റ്റി.

പെനാല്‍റ്റിയെടുത്ത ജര്‍മന്‍ ക്യാപ്റ്റര്‍ മൈക്കിള്‍ കൊക്കോസിന്‍കിക്ക് പിഴച്ചില്ല. ഗോള്‍ വീണതോടെ ഐറിഷ്പട പ്രത്യാക്രമണം ശക്തമാക്കി. നിരവധിതവണ ജര്‍മന്‍ ഗോള്‍മുഖത്ത് അപകടഭീഷണിയുയര്‍ത്തി. അയര്‍ലന്‍ഡിന്റെ മറുപടി ഗോളും പെനാല്‍റ്റിയിലൂടെ തന്നെയായിരുന്നു. 31ാം മിനിറ്റില്‍ അയര്‍ലന്‍ഡിന്റെ മികച്ചയൊരു മുന്നേറ്റം കോര്‍ണറില്‍ കലാശിച്ചു.

കോര്‍ണര്‍കിക്ക് ഗോളി രക്ഷപ്പെടുത്തിയെങ്കിലും ഡേവിഡ് വെബ്സ്റ്ററിനെ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഐറിഷ് നായകന്‍ ഗാരി മെക്കാബ് ലക്ഷ്യം കണ്ടു. ഇരുവശത്തും ഗോള്‍ വീണതോടെ കളി കൂടുതല്‍ ആവേശത്തിലായി. സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ കാണികള്‍ ഇരുടീമുകള്‍ക്കും ആര്‍പ്പുവിളികളോടെ പ്രോത്സാഹനം നല്‍കി. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ രണ്ട് ഗോളുകള്‍ കൂടി പിറന്നു. 41ാം മിനിറ്റില്‍ നിക്കോളസ് ഹെംബര്‍ട്ടിനെ അയര്‍ലന്‍ഡിന്റെ ഡേവിഡ് ഒക്കോണര്‍ പെനാല്‍റ്റിബോക്സില്‍ വച്ച് ഫൌള്‍ ചെയ്തതിന് വീണ്ടും റഫറി പെനാല്‍റ്റി വിധിച്ചു. രണ്ടാമതും പെനാല്‍റ്റി കിക്കെടുക്കാനെത്തിയ ജര്‍മന്‍ നായകന്‍ മൈക്കിളിന് തെല്ലും പിഴച്ചില്ല. മൂന്ന് മിനിറ്റ് കഴിയും മുമ്പേ അയര്‍ലന്‍ഡിന്റെ മറുപടി ഗോളെത്തി. മൈതാനത്തിന്റെ മ—ധ്യത്തില്‍ നിന്ന് പന്തുമായി കുതിച്ച ഡാനി നോര്‍ത്ത് പ്രതിരോധനിരയെ മറികടന്ന് ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഐറിഷ് ഗോളി കൈഫ്രിറ്റ്സ് സമര്‍ഥമായി തട്ടിയകറ്റി. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് വീണ്ടും ലഭിച്ച പന്ത് മുന്നോട്ട് കയറിയ ഡാനി നോര്‍ത്ത് തന്നെ വലയിലേക്ക് തട്ടിയിട്ടു.


ജര്‍മന്‍ താരങ്ങള്‍ ഓഫ്സൈഡിനായി മുറവിളി കൂട്ടിയെങ്കിലും റഫറി അനുവദിച്ചില്ല. രണ്ട് ഗോള്‍ വീതം നേടി ഇരു ടീമുകളും ആദ്യ പകുതിയിലെ പോരാട്ടം അവസാനിപ്പിച്ചു. പടക്കുതിരകളുടെ കരുത്തുമായാണ് ഐറിഷ് പട രണ്ടാം പകുതിയില്‍ ഇറങ്ങിയത്. തുടരെ തുടരെ നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 51ാം മിനിറ്റില്‍ അയര്‍ലന്‍ഡ് മൂന്നാമതും ലക്ഷ്യംകണ്ടു. അയര്‍ലന്‍ഡിന്റെ ഡാനി നോര്‍ത്ത് മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നും നീട്ടിനല്‍കിയ പാസ് ഗാരി മക്കാബ് സ്വീകരിച്ചു. ജര്‍മന്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞടുത്ത ഗവിന്‍ ബ്രണ്ണന് പാസ് കൈമാറേണ്ട താമസമേ ഉണ്ടായുള്ളൂ. പോസ്റ്റിലേക്ക് ഓടിക്കയറിയ ബ്രണ്ണന്‍ നല്ലൊരു ഹെഡറിലൂടെ പന്ത് വലയ്ക്കുള്ളിലേക്ക് കുത്തിയിട്ടു. അയര്‍ലന്‍ഡ് മുന്നിലെത്തിയതോടെ ജര്‍മന്‍പട ഐറിഷ് ഗോള്‍മുഖത്തേക്ക് തേനീച്ചകളെപ്പോലെ പാഞ്ഞടുത്തു.

എന്നാല്‍, അയര്‍ലന്‍ഡ് പ്രതിരോധം ശക്തമാക്കിയത് ജര്‍മനിയുടെ ഗോള്‍ നേട്ടത്തിന് വിഘാതമായി. ആദ്യ കളിയില്‍ അര്‍ജന്റീനയെ നിഷ്കരുണം വീഴ്ത്തിയ ജര്‍മനിയെയാണ് ആദ്യകളിയില്‍ പരാജിതരായ ഐറിഷ് ടീം തറപറ്റിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ബ്രസീലിയന്‍ ടീമായ അത്ലറ്റിക്കോ പരാനെന്‍സ് യുക്രെയിന്‍ ടീമായ എഫ്സി വോലിയന്‍ ലുട്സ്കിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.