കവിതയ്ക്കും നിതേന്ദറിനും ഒളിമ്പിക്സ് യോഗ്യത
കവിതയ്ക്കും നിതേന്ദറിനും ഒളിമ്പിക്സ് യോഗ്യത
Saturday, February 13, 2016 11:25 PM IST
ഗോഹട്ടി: കാത്തിരിപ്പിന് ഒടുവില്‍ മരുന്നിന് മികവിന്റെ മാരത്തണ്‍. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഒളിമ്പിക് ബര്‍ത്ത് ലക്ഷ്യമാക്കി മത്സരിച്ച ഇന്ത്യന്‍ അത്ലറ്റുകള്‍ക്കു നാരാശയുടെ ദിനങ്ങളായിരുന്നു ഇതുവരെ. എന്നാല്‍, ഒളിമ്പിക്സ് ഭാഗ്യവുമായി മാരത്തണ്‍ എത്തി. അതെ, ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പുരുഷ, വനിതാ മാരത്തണില്‍ ഇന്ത്യയുടെ കവിത റാവത്തും നിതേന്ദര്‍ സിംഗും സ്വര്‍ണവും ഒളിമ്പിക്സ് യോഗ്യതയും നേടി. റിയോ ഒളിമ്പിക്സ് മാരത്തണില്‍ യോഗ്യത നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണു കവിത. 30 വയസുള്ള കവിത 2:38:38 സമയം കൊണ്ടാണു മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് 2:42:00 ആണ്. ഒ.പി ജെയ്ഷ, ലളിത ബാബര്‍, സുധ സിംഗ് എന്നിവരാണു മാരത്തണില്‍ യോഗ്യത നേടിയ മറ്റ് ഇന്ത്യക്കാര്‍. എന്നാല്‍, മാരത്തണില്‍ താന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കില്ലെന്നു മലയാളികൂടിയായ ജെയ്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. 5000, 10000 മീറ്ററുകളില്‍ യോഗ്യതയ്ക്കായുള്ള ശ്രമമാണ് ജെയ്ഷ നടത്തുന്നത്. സുധ, സിംഗ്, ലളിത ബാബര്‍ എന്നിവര്‍ക്ക് നേരത്തെ യോഗ്യത ലഭിച്ചിരുന്നു. എന്‍. ജി. രാജശേഖര(2:50:47) വെള്ളിയും ബി. അനുരാധി വെങ്കലവും നേടി.

പുരുഷവിഭാഗത്തിലും ഇന്ത്യക്കാണു സ്വര്‍ണം. നിതേന്ദര്‍ സിംഗ് റാവത്ത് (2:15:18) സ്വര്‍ണം നേടിയപ്പോള്‍ ശ്രീലങ്കയുടെ ഇന്ദ്രജിത് കുറെ വെള്ളി സ്വന്തമാക്കി. ഈ പ്രകടനത്തോടെ ഇരുവരും ഒളിമ്പിക് യോഗ്യത സ്വന്തമാക്കി.

അതേസമയം, ദക്ഷിണേഷ്യന്‍ ഗെയിംസ് അവസാനഘട്ടത്തിലേക്കു കടക്കുമ്പോള്‍ എതിരാളിക്കു കൈയെത്തിപ്പിടിക്കാനാവാത്ത ദൂരത്തിലേക്ക് ഇന്ത്യ മുന്നേറിക്കഴിഞ്ഞു. ഇതുവരെ 146 സ്വര്‍ണവും 79 വെള്ളിയും 23 വെങ്കലവുമടക്കം 248 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 25 സ്വര്‍ണവും 53 വെള്ളിയും 79 വെങ്കലവും മാത്രമാണുള്ളത്. ഏഴു സ്വര്‍ണമുള്ള പാക്കിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്.


ഷൂട്ടിംഗില്‍ ഇന്നലെയും ഇന്ത്യ മികവു പുലര്‍ത്തി. നാലു സ്വര്‍ണമാണ് ഇന്നലെ ഇന്ത്യ നേടിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ റൈഫിള്‍ ടീം വിഭാഗത്തില്‍ ഗഗന്‍ നരംഗ്, ചായിന്‍ സിംഗ്, ഇമ്രാന്‍ഹസന്‍ ഖാന്‍ എന്നിവരുടെ സംഘമാണ് ഇന്ത്യയെ പൊന്നണിയിച്ചത്. 1863 പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ബംഗ്ളാദേശിനാണ് വെള്ളി.

ഇതേയിനത്തില്‍ വ്യക്തിഗത വിഭാഗത്തിലും ഇന്ത്യക്കാണ് സ്വര്‍ണം. ചായിന്‍ സിംഗ് സ്വര്‍ണം നേടിയപ്പോള്‍ ഗഗന്‍ നരംഗിനു വെള്ളിയാണു ലഭിച്ചത്.

പുരുഷന്മാരുടെ 25 മീറ്റര്‍ സ്റ്റാന്‍ഡാര്‍ഡ് പിസ്റള്‍ ടീം വിഭാഗത്തില്‍ നീരജ് കുമാര്‍, ഗുര്‍പ്രീത് സിംഗ് മഹേന്ദര്‍ സിംഗ് എന്നിവരുടെ സംഘം ഇന്ത്യക്കായി സ്വര്‍ണം വെടിവച്ചിട്ടു. ഇതേയിനത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ മൂന്നു മെഡലും ഇന്ത്യക്കാണ്. നീരജ് കുമാര്‍ സ്വര്‍ണം നേടിയപ്പോള്‍ ഗുര്‍പ്രീത് സിംഗ് വെള്ളിയും മഹേന്ദര്‍ സിംഗ് വെള്ളിയും നേടി. ഇന്ന് ബോക്സിംഗ് റിംഗ് ഉണരും. ഇന്ത്യയുടെ ഒന്നാം നിര താരങ്ങളാണ് വിവിധ വിഭാഗങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ഒളിമ്പിക് മെഡലിസ്റ് മേരികോമും ശിവ ഥാപ്പയുമാണ് സൂപ്പര്‍ താരങ്ങള്‍. 10 വെയ്റ്റ് വിഭാഗങ്ങളിലാണ് മത്സരം.

മേരികോം 51 കിലോഗ്രാം വിഭാഗത്തിലും ശിവ ഥാപ്പ 56 കിലോഗ്രാം വിഭാഗത്തിലുമാണ് മാറ്റുരയ്ക്കുക. ദേവേന്ദ്രോ സിംഗ്, മന്ദീപ് ജാംഗ്ര, വികാസ് കൃഷ്ണന്‍, എല്‍. സരിതാ ദേവി തുടങ്ങിയ പ്രമുഖരും മത്സരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.