തിരിച്ചടിച്ച് ടീം ഇന്ത്യ
തിരിച്ചടിച്ച് ടീം ഇന്ത്യ
Saturday, February 13, 2016 11:25 PM IST
റാഞ്ചി: ധോണിയുടെ സ്വന്തം നഗരത്തില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ ഇനിയും നെഞ്ചുറപ്പ് കാണിക്കണം. ലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് 69 റണ്‍സിന്റെ മിന്നും ജയം. ആദ്യംബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാ നേ കഴിഞ്ഞു ള്ളൂ. 25 പന്തില്‍ 51 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും 36 പന്തില്‍ 43 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്കു ജയം സമ്മാനിച്ചത്.

പൂന മാജിക് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമല്‍ ബൌളിംഗ് തെരഞ്ഞെടുത്തത്. ധോണിയുടെ തട്ടകത്തില്‍ ആദ്യ പന്തു മുതല്‍ കടന്നാക്രമണം നടത്തുകയായിരുന്നു ധവാന്‍- രോഹിത് കൂട്ടുകെട്ട്. കഴിഞ്ഞ കളിയിലെ സൂപ്പര്‍ ബൌളര്‍ കശുന്‍ രജിതയെ ആദ്യ പന്തില്‍ ബൌണ്ടറി പറത്തി തുടങ്ങിയ ഇന്ത്യക്കു സ്വ്പ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ധവാനായിരുന്നു കൂടുതല്‍ അപകടകാരി. പൂനയില്‍ വെള്ളംകുടിപ്പിച്ചവരെല്ലാം ആ ബാറ്റിന്റെ ചൂടറിഞ്ഞു. മികച്ച പന്തുകള്‍ വരെ ബൌണ്ടറി കടന്നതോടെ സ്കോര്‍ബോര്‍ഡിന് എക്സ്ട്ര വേഗമായി. അഞ്ചാം ഓവറില്‍ ടീം സ്കോര്‍ 50 കടന്നു. അര്‍ധസെഞ്ചുറി തികച്ച ധവാനെ വീഴ്ത്തിദുഷ്മന്ത് ചമീരയാണ് ലങ്കയ്ക്ക് ആദ്യ ബ്രേക്ത്രൂ സമ്മാനിച്ചത്. 25 പന്തില്‍ രണ്ടു പടുകൂറ്റന്‍ സിക്സറും ഏഴു ബൌണ്ടറിയും അടങ്ങിയതായിരുന്നു ധവാന്റെ ഇന്നിംഗ്സ്. പിന്നാലെയെത്തിയ അജിങ്ക്യ രഹാനെയും റണ്‍നിരക്ക് താഴാതെ കാത്തു. 10 ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 93 റണ്‍സെന്നനിലയിരുന്നു ആതിഥേയര്‍.


എന്നാല്‍, അടുത്ത അഞ്ച് ഓവറില്‍ ബാറ്റ്സ്മാന്മാരെ നിയന്ത്രിക്കാന്‍ ലങ്കയ്ക്കായി. രോഹിത് (43), രഹാനെ (25) എന്നിവരുടെ വിക്കറ്റും നഷ്ടമായി. 200 കടക്കുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങിയ നിമിഷങ്ങളില്‍ ഹര്‍ദിക് പാണ്ഡയും സുരേഷ് റെയ്നയും ആളിക്കത്തി. 19-ാം ഓവര്‍ തുടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ മൂന്നിന് 179. എന്നാല്‍, ഹാട്രിക്കുമായി തീസര പെരേര തകര്‍ത്തെറിഞ്ഞതോടെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാമെന്ന മോഹം പൊലിഞ്ഞു. നാലാം പന്തില്‍ 11 പന്തില്‍ 27 റണ്‍സെടുത്തു പാണ്ഡെ പുറത്തായതിനു പിന്നാലെ റെയ്ന (19), യുവ്രാജ് സിംഗ് (പൂജ്യം) എന്നിവരെ പുറത്താക്കിയാണ് പെരേരയുടെ ഹാട്രിക്. അന്താരാഷ്ട്ര ട്വന്റി-20യിലെ നാലാമത്തെ ഹാട്രിക്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ വിക്കറ്റുകള്‍ തുടക്കത്തിലേ നിലംപൊത്തി. 16 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 32 റണ്‍സെടുത്ത കപുഗേദരയാണ് ടോപ് സ്കോറര്‍. ഇന്ത്യക്കു വേണ്ടി അശ്വിന്‍ മൂന്നും നെഹ്റയും ജഡേജയും രണ്ടു വിക്കറ്റ് വീതവും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.