മഹാരാഷ്ട്രയിൽ ഐപിഎൽ വേണ്ടെന്നു സുപ്രീം കോടതിയും
മഹാരാഷ്ട്രയിൽ ഐപിഎൽ വേണ്ടെന്നു സുപ്രീം കോടതിയും
Wednesday, April 27, 2016 12:34 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വരൾച്ച രൂക്ഷമായ മഹാരാഷ്ട്രയിൽ മേയ് മുതൽ ഐപിഎൽ മത്സരങ്ങൾ വേണ്ടെന്നു സുപ്രീം കോടതി. മത്സരങ്ങൾ സംസ്‌ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്. മേയ് മുതലുള്ള ഐപിഎൽ മത്സരങ്ങൾ സംസ്‌ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ര്‌ട ക്രിക്കറ്റ് അസോസിയേഷൻ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് തള്ളി.

സംസ്‌ഥാനത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ളപ്പോൾ കളിക്കളത്തിൽ ഒഴുക്കി കളയാൻ വെള്ളമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഐപിഎൽ മത്സരങ്ങൾ സംസ്‌ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നു ഉത്തരവിട്ടത്. ഇതിനെതിരേ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കുടിവെള്ളം ഉപയോഗിക്കില്ലെന്നും മലിനജലം ശുദ്ധീകരിച്ചതു മാത്രമേ പിച്ചുകളിൽ ഉപയോഗിക്കുകയുള്ളുയെന്നും വരൾച്ച ബാധിത പ്രദേശങ്ങളിൽനിന്ന് ഐപിഎല്ലിനായി ജലം എടുക്കുന്നില്ലെന്നും അസോസിയേഷൻ വ്യക്‌തമാക്കിയിരുന്നു. ഇതു പരിഗണിച്ച കോടതി ആദ്യം കടുത്ത നിബന്ധനകളോടെ മത്സരം നടത്താമെന്ന നിലപാട് സ്വീകരിച്ചെങ്കിലും ബെഞ്ചിലെ ജസ്റ്റീസുമാരായ ആർ. ഭാനുമതിയും യു.യു. ലളിതും കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.


ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ചാണ് പിച്ചിന്റെ പരിപാലനത്തിനു ഉപയോഗിക്കുന്നതെന്ന ഹർജിക്കാരുടെ അഭിഭാഷകരായ പി. ചിദംബരം, അഭിഷേക് സിംഗ്വി എന്നിവരുടെ വാദത്തെയും കോടതി വിമർശിച്ചു. വെള്ളം ശുദ്ധീകരിക്കുന്നതിനു എന്തെല്ലാം രീതികളിലാണെന്നു ചോദിച്ച മൂന്നംഗ ബെഞ്ച്, കളി കാണാനെത്തുന്ന ലക്ഷക്കണക്കിനു ആളുകൾക്ക് കുടിവെള്ളം എങ്ങനെ സജ്‌ജമാക്കുമെന്നും ചോദിച്ചു. അതേസമയം, മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്ന സംവിധാനങ്ങളെ കോടതി ഉത്തരവ് തകിടം മറിക്കുമെന്നും 60 ലക്ഷം ലിറ്റർ വെള്ളമാണ് സജ്‌ജമാക്കിയിരിക്കുന്നതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഇവയൊന്നും കണക്കിലെടുക്കാൻ കോടതി തയാറായില്ല. കൂടുതൽ നിയന്ത്രണങ്ങളും സജ്‌ജീകരണങ്ങളും ഏർപ്പെടുത്തുന്നതിലും നല്ലത് മത്സരങ്ങൾ മറ്റു സ്‌ഥലത്തേക്കു മാറ്റുന്നതാണെന്നു കോടതി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.