എഫ്സി ഗോവയ്ക്ക് 11 കോടി പിഴയും ഉടമകൾക്കു വിലക്കും
എഫ്സി ഗോവയ്ക്ക് 11 കോടി പിഴയും ഉടമകൾക്കു വിലക്കും
Thursday, May 5, 2016 12:38 PM IST
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് എഫ്സി ഗോവയ്ക്ക് ഇരുട്ടടി. ഫൈനലിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ട ശേഷം സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ച എഫ്സി ഗോവയുടെ നടപടിക്കു കടുത്ത ശിക്ഷയാണ് ഐഎസ്എൽ അച്ചടക്ക സമിതി ശിപാർശ ചെയ്തിരിക്കുന്നത്. 11 കോടിയാണ് പിഴയായി എഫ്സി ഗോവ ഒടുക്കേണ്ടത്. ഇതിൽ ഒരു കോടി രൂപ എഫ്സി ഗോവ ചെന്നൈയിൻ എഫ്സിക്കു നൽകണം. അതുപോലെ അടുത്ത വർഷംഎഫ്സി ഗോവ നേടുന്ന പോയിന്റിൽ 15 പോയിന്റ് കുറച്ചുകൊണ്ടുള്ള അപൂർവ ഉത്തരവും ഐഎസ്എൽ ഭരണസമിതി നിയമിച്ച അച്ചടക്ക സമിതി പുറത്തിറക്കി.

ഉടമസ്‌ഥരായ ദത്താരാജ് സാൽഗോക്കറെ അടുത്ത മൂന്നു സീസണിലേക്ക് ഒരു മത്സരവുമായും സഹകരിപ്പിക്കില്ല. സ്റ്റേഡിയത്തിൽ കയറാൻ പോലും അദ്ദേഹത്തിന് അനുമതി ഉണ്ടാകില്ല. കൂടാതെ ശ്രീനിവാസ ഡെംപോയെ അടുത്ത രണ്ടുവർഷത്തേക്ക് ഐഎസ്എൽ പ്രവർത്തനങ്ങളിൽനിന്നു വിലക്കിയിട്ടുണ്ട്. അദ്ദേഹത്തിനും ഇക്കാലയളവിൽ സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടായിരിക്കില്ല.


മാച്ച് ഒഫീഷ്യൽസിനെതിരേ പരസ്യമായി രംഗത്തെത്തിയതും മത്സരം ഒത്തുകളിയായിരുന്നു എന്നുമൊക്കെ എഫ്സി ഗോവ അധികൃതർ പറഞ്ഞത് അച്ചടക്ക രാഹിത്യമാണെന്നും സമിതി ചൂണ്ടിക്കാട്ടി. മത്സരശേഷം ഉടമകളിൽ ഒരാൾ ചെന്നൈയിൻ താരം എലാനോ ബ്ലൂമറുമായി അടിപിടിയുണ്ടാക്കിയതു നാണക്കേടായി. ലീഗിന്റെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇതൊക്കെയെന്ന് അച്ചടക്ക സമിതി വിലയിരുത്തി. ജസ്റ്റീസ് ഡി.എ. മേത്ത(മുൻ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി), ജസ്റ്റീസ് ബി.എൻ. മേത്ത, ഡി. ശിവാനന്ദൻ, വിദുഷ്പദ് സിംഗാനിയ, കിരൺ മോറെ എന്നിവരടങ്ങിയ അച്ചടക്ക സമിതിയാണ് ഏകകണ്ഠമായി ഗോവയ്ക്കെതിരായ നടപടികൾ തീരുമാനിച്ചത്. ഐഎസ്എൽ നിയമപ്രകാരം ഇവർക്ക് അപ്പൽ നൽകാനുള്ള അവസരമുണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.