ലങ്ക തകർന്നു; 91ന് പുറത്ത്
ലങ്ക തകർന്നു; 91ന് പുറത്ത്
Friday, May 20, 2016 12:30 PM IST
ലീഡ്സ്: ജോണി ബെയർസ്റ്റോ വഴികാട്ടിയായപ്പോൾ ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ആധിപത്യം. ആദ്യ ഇന്നിംഗ്സിൽ 298 റൺസിന് പുറത്തായെങ്കിലും ഒന്നാം ഇന്നിംഗ്സിൽ ലങ്കയെ കേവലം 91ന് റൺസിനു പുറത്താക്കാൻ ഇംഗ്ലീഷ് ബൗളർമാർക്കായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആൻഡേഴ്സനാണ് ലങ്കയെ തകർത്തത്. 207 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആതിഥേയർക്കുണ്ട്.

ആദ്യ ദിനത്തിലെ അഞ്ചിന് 171ൽ നിന്നു ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ബെയർസ്റ്റോ– അലക്സ് ഹെയ്ൽസ് സഖ്യം മുന്നോട്ടുനയിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പന്തെറിഞ്ഞ ലങ്കൻ ബൗളർമാരെ സമർഥമായി നേരിട്ട ഇരുവരും സ്കോർബോർഡ് ചലിപ്പിച്ചു. മികച്ച ഫോമിലായിരുന്ന ബെയർസ്റ്റോ അനായാസം ബൗണ്ടറികൾ കണ്ടെത്തിയപ്പോൾ ഹെയ്ൽസ് പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. 145 പന്തിലാണ് ബെയർസ്റ്റോ രണ്ടാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ഇതിനിടെ 206 പന്തിൽ 86 റൺസെടുത്തു സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഹെയ്ൽസിനെ ഹെരാത്ത് വീഴ്ത്തി. തൊട്ടുപിന്നാലെ ഇംഗ്ലീഷ് തകർച്ചയും തുടങ്ങി. വാലറ്റം കാര്യമായ പ്രതിരോധം തീർക്കാതെ കീഴടങ്ങിയപ്പോൾ ഇംഗ്ലീഷ് ഇന്നിംഗ്സ് 300 കടക്കാതെ അവസാനിച്ചു. 183 പന്തിൽ 13 ഫോറും ഒരു സിക്സറുമടക്കമാണ് ബെയർസ്റ്റോ 140 റൺസെടുത്തത്. ദുഷ്മന്ത് ചമീരയും ദസ്നു ചമീരയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.


അതിദയനീയമായിരുന്നു ലങ്കയുടെ മറുപടി ബാറ്റിംഗ്. 12 റൺസെടുക്കുമ്പോഴേക്കും ആദ്യ മൂന്നു വിക്കറ്റുകൾ വീണു. ദിമുത് കരുണരത്നെ (പൂജ്യം), ജീവൻ സിൽവ (11), കുശാൽ മെൻഡിസ് (പൂജ്യം) എന്നിവർക്കു ന്യൂബോളിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസ് (34) പൊരുതിനിന്നെങ്കിലും ജയിംസ് ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി.

ചായയ്ക്കുശേഷം രണ്ടാം സ്പെല്ലിൽ ആൻഡേഴ്സനും സ്റ്റുവർട്ട് ബ്രോഡും തകർത്തെറിഞ്ഞതോടെ ലങ്ക നാമാവശേഷമായി. 14 റൺസിനാണ് അവസാന ആറു വിക്കറ്റുകൾ ഇംഗ്ലണ്ട് പിഴുതത്. ബ്രോഡ് നാലു വിക്കറ്റുമായി ആൻഡേഴ്സന് മികച്ച പിന്തുണ നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.