ഫ്രഞ്ച് ഓപ്പൺ ഇന്നു മുതൽ
ഫ്രഞ്ച് ഓപ്പൺ ഇന്നു മുതൽ
Saturday, May 21, 2016 12:29 PM IST
പാരീസ്: കളിമൺ കോർട്ടിലെ സൂപ്പർ പോരാട്ടങ്ങൾക്ക്, ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് ഇന്നു തുടക്കം. ടെന്നീസ് ആരാധകരുടെ ഇഷ്ടതാരങ്ങളായ റോജർ ഫെഡററും മരിയ ഷറപ്പോവയും ഇത്തവണ ടൂർണമെന്റിനില്ല. പരിക്കാണ് ഫെഡറർക്കു തിരിച്ചടിയായതെങ്കിൽ മരുന്നടിക്കു പിടിക്കപ്പെട്ടതാണ് റഷ്യൻ സുന്ദരിയുടെ വരവിന് തടസമായത്. നിലവിലെ പുരുഷ വിഭാഗം ചാമ്പ്യൻ സ്റ്റാൻ വാവ്റിങ്ക, ലോക ഒന്നാംനമ്പർ നൊവാക് ജോക്കോവിച്ച്, കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാൽ... കിരീടം തേടിയിറങ്ങുന്നവർ ചില്ലറക്കാരല്ല. വനിതാ വിഭാഗത്തിൽ സെറീന വില്യംസിനാണ് ഏവരും സാധ്യത കല്പിക്കുന്നതെങ്കിലും ശക്‌തമായ വെല്ലുവിളി ഉണ്ടാകുമെന്നുറപ്പ്. സമീപകാലത്തെ മോശം പ്രകടനങ്ങൾ സെറീനയുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുന്നു.

<ആ>ജോക്കോ ശ്രദ്ധാകേന്ദ്രം

തകർപ്പൻ ഫോം തുടരുന്ന ജോക്കോവിച്ച് തന്നെയാണ് റൊളാങ് ഗാരോയിലെ ശ്രദ്ധാകേന്ദ്രം. ഇവിടെ ഇതുവരെ കിരീടം നേടിയിട്ടില്ലെനന്ന നാണക്കേട് ഇല്ലാതാക്കുകയാണ് സെർബിയൻ താരത്തിന്റെ ലക്ഷ്യം. ഓസ്ട്രേലിയൻ ഓപ്പണിനു പിന്നാലെ രണ്ടാം ഗ്രാൻഡ്സ്ലാമാണ് ജോക്കോ ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെ മാഡ്രിഡ് ഓപ്പണിലും റോമിലും കിരീടം ചൂടിയതിന്റെ ആത്മവിശ്വാസത്തിലാണ് വരവ്. കാര്യമായ വെല്ലുവിളി ഉയർത്താവുന്ന താരങ്ങൾ പുരുഷവിഭാഗത്തിൽ ഇല്ലെന്നതാണ് വാസ്തവം. കളിമൺ കോർട്ടിലെ രാജകുമാരനാണെങ്കിലും നദാലിന്റെ ഫോം അടുത്തകാലത്ത് അത്ര മെച്ചമല്ല.

എന്നാൽ, അവസാനം കളിച്ച രണ്ടു ടൂർണമെന്റിലും കിരീടമുയർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് നദാൽ. നിലവിലെ ചാമ്പ്യൻ വാവ്റിങ്കയാണ് മറ്റൊരു എതിരാളി. കഴിഞ്ഞവർഷത്തെ ഫൈനലിൽ വാവ്റിങ്കയോടേറ്റ തോൽവിക്ക് പകരംവീട്ടാമെന്ന വിശ്വാസത്തിലാണ് ജോക്കോ.


<ആ>പത്താം കിരീടത്തിനായി നദാൽ

വല്ലാത്ത പ്രണയമാണ് നദാലിന്; റോളണ്ട് ഗാരോസിലെ കളിമൺ പ്രതലത്തോട്. 11 വർഷത്തിനിടെ ഒൻപതു തവണയാണ് ആ കൈകകൾ ഫ്രഞ്ച് ഓപ്പൺ കിരീടമേന്തിയത്. തിരിച്ചടികളുടെ വർഷമായിരുന്ന 2015ൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് സ്പാനിഷ് താരം. ഈ വർഷം തുടക്കത്തിൽ മോശം ഫോമിലായിരുന്നെങ്കിലും മോ കാർലോയിലും ബാഴ്സലോണ ഓപ്പണിലും വിജയിക്കാനായത് താരത്തിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഫ്രാൻസിലേക്കു വരുന്നത് വെറുംകൈയോടെ മടങ്ങാനല്ലെന്ന് വ്യക്‌തമാക്കിക്കഴിഞ്ഞു താരം.

<ആ>വാഴാൻ സെറീന

ഒൻപതു മാസത്തിനിടെ വെറും ഒരേയൊരു കിരീടം മാത്രം. സെറീന വില്യംസിന്റെ കരുത്തു ചോർന്നുതുടങ്ങിയോ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്കുകയെന്ന ബാധ്യതയുമായാണ് അമേരിക്കൻ താരം ഫ്രാൻസിൽ എത്തിയിരിക്കുന്നത്. അവസാനം കളിച്ച റോം ഓപ്പണിൽ കിരീടം നേടിയെങ്കിലും സെറീനയ്ക്കു പഴയ കരുത്തില്ലെന്ന് എതിരാളികൾ അടക്കം പറയുന്നു. വിക്ടോറിയ അസരെങ്കയും എയ്ഞ്ചലീന കെർബറുമാകും സെറീനയ്ക്കു വെല്ലുവിളി സൃഷ്‌ടിക്കുന്ന താരങ്ങൾ. ഈ രണ്ടു എതിരാളികളും സെറീനയെ ഈ വർഷം വിവിധ ഫൈനലുകളിൽ മലർത്തിയടിച്ചിട്ടുണ്ട്.

ക്വാർട്ടറിലെത്തിയാൽ അസരെങ്കയാകും എതിരാളിയെന്നത് സെറീനയുടെ സമ്മർദം ഉയർത്തും. മരിയ ഷറപ്പോവയെന്ന സുന്ദരിയുടെ അഭാവം തന്നെയാകും ആരാധകരെ ഏറെ ദുഃഖിപ്പിക്കുക. ഉത്തേജകമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ടതാണ് ഷറപ്പോവയ്ക്കു തിരിച്ചടിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.