മെസിമികവിൽ ബാഴ്സ: കോപ്പ ഡെൽ റേ കിരീടം ബാഴ്സയ്ക്ക്
മെസിമികവിൽ ബാഴ്സ: കോപ്പ ഡെൽ റേ കിരീടം ബാഴ്സയ്ക്ക്
Monday, May 23, 2016 12:21 PM IST
മാഡ്രിഡ്: ലയണൽ മെസി ഗോളടിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ കാലുകൾ തീർത്ത വിസ്മയകരമായ പ്രകടനം ബാഴ്സലോണയ്ക്കു വിജയമൊരുക്കി. കോപ്പ ഡെൽ റേ ഫുട്ബോൾ ഫൈനലിൽ സെവിയ്യയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തി ബാഴ്സലോണ കിരീടം നിലനിർത്തി. 1998നുശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമാണ് ബാഴ്സലോണ. എക്സ്ട്രാ ടൈമിലേക്കു നീണ്ട ഫൈനലിൽ ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെവിയ്യയെ തകർത്തത്. ജോർഡി ആൽബ (97), നെയ്മർ (120+2) എന്നിവരാണ് ഗോൾ നേടിയത്. കോപ്പ ഡെൽ റേ വിജയത്തിലൂടെ 2015–16 സീസണിൽ രണ്ട് ആഭ്യന്തര കിരീടങ്ങൾ ബാഴ്സലോണയിലെത്തി. 1996–97 സീസണിലും 1997–98 സീസണിലും ബാഴ്സയായിരുന്നു ചാമ്പ്യന്മാർ. 28–ാം തവണയാണ് ബാഴ്സ കോപ്പ ഡെൽ റേ ചാമ്പ്യന്മാരാകുന്നത്.

മത്സരത്തിൽ ആകെ മൂന്നു പേരാണ് ചുവപ്പുകാർഡ് കണ്ടു പുറത്തായത്. ബാഴ്സയ്ക്ക് ഒരാളെയും സെവിയ്യയ്ക്കു രണ്ടു പേരെയും നഷ്‌ടമായി. 36–ാം മിനിറ്റിൽ ഹാവിയർ മസ്കെരാനോയ്ക്കു ചുവപ്പു കാർഡ് കണ്ട് പുറത്തായതുകൊണ്ട് ബാഴ്സയ്ക്ക് ഒരു മണിക്കൂറിലേറെ പത്തു പേരുമായി കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. സെവിയ്യയുടെ രണ്ടുപേർക്ക് മാർച്ചിംഗ് ഓർഡർ ലഭിച്ചു. അധിക സമയത്തിനു തൊട്ടുമുമ്പ് അർജന്റൈൻ താരം എവർ ബെനേഗ 90+2 മിനിറ്റിലും 120+1 മിനിറ്റിൽ ഡാനിയൽ കാരിക്കോയെയും സെവിയ്യയ്ക്കു നഷ്‌ടമായി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ലയണൽ മെസിയുടെ കാലിൽനിന്നുമാണ് രണ്ടു ഗോളിനും വഴിയൊരുങ്ങിയത്.

ലാലിഗ ചാമ്പ്യന്മാരായ ബാഴ്സലോണയും യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയും തുടക്കം മുതൽ മികച്ച പ്രകടനം പുറത്തെടുത്തു. തുടക്കത്തിൽ ബാഴ്സയുടെ മുന്നേറ്റം സെവിയ്യയുടെ ഗോൾമുഖത്ത് ഭീഷണി ഉയർത്തി. എട്ടാം മിനിറ്റിൽ ആന്ദ്രെ ഇനിയെസ്റ്റ സെവിയ്യ പ്രതിരോധക്കാരെ കബളിപ്പിച്ച് ലൂയിസ് സുവാരസിന് പന്ത് കൈമാറി.

എന്നാൽ, സുവാരസിന്റെ അടി പോസ്റ്റിനു വെളിയിലേക്കു പറന്നു. മറുവശത്ത് സെവിയ്യയുടെ സെർജിയോ എസ്കർഡോ ബാഴ്സയുടെ വലയിലേക്കു തൊടുത്തെങ്കിലും ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർ സ്റ്റെഗൻ രക്ഷപ്പെടുത്തി. എന്നാൽ ആദ്യ പകുതി പിരിയാൻ ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോൾ ബാഴ്സയ്ക്ക് ആദ്യ തിരിച്ചടിയേറ്റു. പ്രതിരോധഭടൻ മസ്കരാനോയ്ക്കു ചുവപ്പ് കാർഡ്. കെവിൻ ഗെമിറോയെ വീഴ്ത്തിയതിനായിരുന്നു അർജന്റൈൻതാരത്തിനു മാർച്ചിംഗ് ഓർഡർ. പത്തുപേരുമായി ചുരുങ്ങിയെങ്കിലും ബാഴ്സയുടെ ആക്രമണം കൂടുതൽ ശക്‌തമായി. 57ാം മിനിറ്റിൽ സുവാരസിന്റെ പരിക്കിന്റെ രൂപത്തിൽ ബാഴ്സയ്ക്കു വീണ്ടും തിരിച്ചടി.


തുടഞരമ്പിനേറ്റ പരിക്കിനെത്തുടർന്ന് സുവാരസിനെ പിൻവലിച്ച് പകരം റഫീഞ്ഞ എത്തി. ഇതിനു തൊട്ടുമുമ്പ് മെസിയുടെ തലയ്ക്കു പരിക്കേറ്റിരുന്നു. ഇതിനുശേഷം സെവിയ്യ ആക്രമണം കൂടുതൽ ശക്‌തമാക്കി. 67–ാം മിനിറ്റിൽ ബനേഗയുടെ അടി വലയ്ക്കു മുകളിലൂടെ പറന്നു. ബാഴ്സയിൽനിന്നും ഗോൾശ്രമങ്ങൾ ഒറ്റപ്പെട്ടു. അധികസമയത്തേക്കു കടക്കും മുമ്പ് സെവിയ്യയ്ക്കു ബെനേഗയെ നഷ്‌ടമായി. ഇതോടെ രണ്ടു കൂട്ടരുടെയും അംഗബലം തുല്യമായി. ഇഞ്ചുറി ടൈമിൽ ബാഴ്സയ്ക്കായിരുന്നു ആധിപത്യം. മികച്ച മുന്നേറ്റങ്ങളും കറ്റാലൻ ടീമിൽനിന്നുണ്ടായെങ്കിലും സെവിയ്യയുടെ വല കുലുക്കാനായില്ല. മുഴുവൻ സമയം ഗോൾരഹിതമായി പൂർത്തിയായതോടെ മത്സരം അധികസമയത്തേക്കു നീണ്ടു. അധികസമയത്തിന്റെ തുടക്കത്തിൽ മെസി മധ്യനിരയിലേക്കു വലിഞ്ഞു കളിച്ചു. ഈ മാറ്റം ആദ്യ ഗോളിനു വഴിയൊരുക്കി.

മെസിയുടെ ത്രൂബോളിൽ ആൽബയുടെ ഇടംകാലൻ അടി വല ചലിപ്പിച്ചു.

മൂന്നു മിനിറ്റിനുശേഷം മെസിയുടെ അടി വലയുടെ മുകളിലൂടെ പറന്നു. അധിക സമയം തീരാൻ കുറച്ചു മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ മെസിയെ മാരകമായി ഫൗൾ ചെയ്തതിനു കാരികോയ്ക്കു രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും. തൊട്ടടുത്ത മിനിറ്റിൽ മെസിയുടെ ത്രൂബോളിൽനിന്നും നെയ്മർ ബാഴ്സയുടെ രണ്ടാം ഗോളും വല യിൽ എത്തിച്ചു.

<ആ>സുവാരസിനു പരിക്ക്

ബാഴ്സലോണ: കോപ്പ ഡെൽ റേ കലാശപ്പോരിനിടെ തുടയ്ക്ക് പരിക്കേറ്റ ലൂയിസ് സുവരസിന് അടുത്തമാസം ആദ്യം അമേരിക്കയിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക സെന്റിനാറിയോയിൽ കളിക്കാനായേക്കില്ല. സുവാരസിന്റെ പരിക്ക് ഭേദമാകണമെങ്കിൽ മൂന്നാഴ്ച വിശ്രമം വേണമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഉറുഗ്വെയ്ക്ക് കനത്ത തിരിച്ചടിയാകും. ബ്രസീൽ ലോകകപ്പിനിടെ എതിർ ടീം താരത്തെ കടിച്ചതിലൂടെ ലഭിച്ച വിലക്കിനെത്തുടർന്ന് ചിലിയിൽ നടന്ന കോപ്പ അമേരിക്കയിലും സുവാരസിനു കളിക്കാനായിരുന്നില്ല. സ്പാനിഷ് ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതാരമാണ് സുവാരസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.