കോപ്പയിൽ ലഹരി നുണയാൻ മണിക്കൂറുകൾ
കോപ്പയിൽ ലഹരി നുണയാൻ മണിക്കൂറുകൾ
Wednesday, June 1, 2016 11:23 AM IST
ന്യൂയോർക്ക്: കോപ്പ അമേരിക്ക സെന്റിനാറിയോ ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ യുഎസ്എ–കൊളംബിയ പോരാട്ടത്തോടെയാണ് ശതാബ്ദി ടൂർണമെന്റിന്റെ കിക്കോഫാകുക. 1916ൽ ആരംഭിച്ച കോപ്പ അമേരിക്ക ഫുട്ബോളിന്റെ 45–ാം പതിപ്പാണ് അമേരിക്കയിൽ നടക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റിന് ആദ്യമായാണ് യുഎസ്എ ആതിഥേയത്വം വഹിക്കുന്നത്.

1916ൽ സൗത്ത് അമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിലാണ് ടൂർണമെന്റ് ആരംഭിച്ചത്. 1967 വരെയുള്ള കാലഘട്ടം വരെ ടൂർണമെന്റ് തുടർച്ചയായ വർഷങ്ങളിലും ഒന്നിടവിട്ട വർഷങ്ങളിലുമാണ് ടൂർണമെന്റ് നടത്തിയിരുന്നത്. 1959ൽ രണ്ടു ടൂർണമെന്റാണ് നടന്നത്. പങ്കെടുക്കുന്ന ടീമുകൾ പരസ്പരം പോരാടി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം കിരീടം നേടുകയായിരുന്നു. ആദ്യമെത്തുന്ന ടീമുകൾക്ക് ഓരോ പോയിന്റാണെങ്കിൽ പ്ലേ ഓഫിലൂടെ ജേതാക്കളെ നിർണയിക്കുകയായിരുന്നു. 1961 മുതൽ 1967 വരെയുള്ള കാലത്ത് അർജന്റീനയാണ് ചാമ്പ്യൻഷിപ്പ് ഏറ്റവും കൂടുതൽ ഉയർത്തിയത്. ആദ്യ നാല് പതിപ്പിൽ അർജന്റീന, ബ്രസീൽ, ഉറുഗ്വെ, ചിലി ടീമുകൾ മാത്രമേ പങ്കെടുത്തുള്ളു. പന്ത്രണ്ട് തവണ അർജന്റീന ചാമ്പ്യന്മാരായപ്പോൾ ഉറുഗ്വെ പതിനൊന്നു പ്രാവശ്യവും കിരീടമുയർത്തി. ബ്രസീൽ മൂന്നു തവണയും. സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ആദ്യ എഡിഷനിലും അവസാന എഡിഷനിലും കിരീടം ഉറുഗ്വെയ്ക്കായിരുന്നു.

1975 മുതൽ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് കോപ്പ അമേരിക്ക എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. അപ്പോഴും ടൂർണമെന്റിന്റെ നടത്തിപ്പ് ശൈലിയിൽ പല മാറ്റങ്ങളുമുണ്ടായി. 1975 മുതൽ 1987 വരെ ഫൈനൽ മത്സരം നടത്തിയാണ് വിജയികളെ നിർണയിച്ചത്. 1989ലും 1991ലും ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഈ ഗ്രൂപ്പുകളിൽ ആദ്യ രണ്ടു സ്‌ഥാനത്തെത്തുന്നവർ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടുകയായിരുന്നു. ഇതിലെ ഒന്നാം സ്‌ഥാനക്കാർ ജേതാക്കളാകുകയായിരുന്നു. 1993 മുതലാണ് കോപ്പ അമേരിക്കൻ ടൂർണമെന്റിന്റെ ഇന്നു കാണുന്ന അവസ്‌ഥയിലേക്കു മാറിയത്. കോപ്പ അമേരിക്കയെന്ന പേരിലേക്കു ടൂർണമെന്റ് മാറിയതിൽപ്പിന്നെ ബ്രസീൽ അഞ്ചു തവണ ചാമ്പ്യന്മാരായി.

കോപ്പ അമേരിക്ക സെന്റിനാരിയോയുടെ ഫേവറിറ്റുകൾ എക്കാലത്തെയും പോലെ അർജന്റീന, ബ്രസീൽ ടീമുകൾ തന്നെയാണ്. ഇവർക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ചിലി, മുൻ ചാമ്പ്യന്മാരായ ഉറുഗ്വെ എന്നിവരും കിരീട സാധ്യതയുള്ളവരാണ്. മെക്സിക്കോയും യുഎസ്എയും തങ്ങൾക്കാവുന്നത് ചെയ്യാനാണ് ടൂർണമെന്റിലെത്തുന്നത്. മറ്റുള്ള ടീമുകൾ അട്ടിമറികളിലൂടെ കരുത്തരെ ഞെട്ടിക്കാനും. നാളെയാരംഭിക്കുന്ന ടൂർണമെന്റിന് 23 ദിവസങ്ങളായി അമേരിക്കയിലെ പത്ത് നഗരങ്ങൾ വേദിയൊരുക്കും. 26 ഞായറാഴ്ചയാണ് ഫൈനൽ. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30ന് ഫൈനൽ നടക്കും.

<ആ>ജേതാക്കളാകാൻ അർജന്റീന, മെസി

അർജന്റീന എല്ലാ ഫുട്ബോൾ ടൂർണമെന്റുകളിലെയും പോലെ കോപ്പ അമേരിക്ക സെന്റിനാരിയോയുടെയും ഫേവറിറ്റുകൾ തന്നെ. 2014 ഫിഫ ലോകകപ്പ് ഫൈനലിൽ ജർമനിയോടും തൊട്ടടുത്ത വർഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഫൈനലിൽ ചിലിയോടും കീഴടങ്ങി. ഈ തോൽവിയെല്ലാം മറക്കാൻ കോപ്പ അമേരിക്കയുടെ സ്പെഷൽ ടൂർണമെന്റ് ജേതാക്കളാകാനാണ് അഞ്ചു തവണ ഫിഫയുടെ ലോക ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം നേടിയ ലയണൽ മെസി നയിക്കുന്ന ടീം എത്തുന്നത്. അതിനായി ഏറ്റവും ശക്‌തമായ ടീമിനെയാണ് ജെറാർഡോ മാർട്ടിനോ തെരഞ്ഞെടുത്തിരിക്കുന്നത്. ക്ലബ് ഫുട്ബോളിൽ ധാരാളം കിരീടങ്ങൾ സ്വന്തമാക്കിയ മെസിക്ക് ഒരു അന്താരാഷ്്ട്ര ഫുട്ബോൾ കിരീടം പോലുമില്ല എന്നത് തിളക്കം കുറയ്ക്കുന്നു. 28ാം വയസിൽ ഡിയേഗോ മാറഡോണ ലോകകപ്പ് കിരീടം ഉയർത്തിയതുപോലെ ആ പ്രായത്തിലെത്തിയ മെസി കോപ്പ അമേരിക്ക ഉയർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മാറഡോണ കോപ്പ ചാമ്പ്യനായിട്ടില്ല. ആ ഭാഗ്യം മെസിക്കുണ്ടാകുമെന്നും ആരാധകർ കരുതുന്നു. മെസിക്കൊപ്പം സെർജിയോ അഗ്വേറോ, ഗോൺസാലോ ഹിഗ്വെയ്ൻ, ഏയ്ഞ്ചൽ ഡി മരിയ, ഹാവിയർ മസ്കരാനോ, സെർജിയോ റൊമേരോ എന്നിവരും ചേരുമ്പോൾ മികച്ച ടീമാകും.

<ആ>തിരിച്ചുവരവിന് ബ്രസീൽ

സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ സെന്റിനാറിയോ ടൂർണമെന്റിന് ഇറങ്ങുന്നത്. ലോകകപ്പിൽ സ്വന്തം നാട്ടുകാരുടെ മുന്നിൽ സെമി ഫൈനലിൽ ജർമനിയോടു നാണംകെട്ട തോൽവി ഏറ്റവുവാങ്ങി. അടുത്ത വർഷം കോപ്പ അമേരിക്കയിലും ക്വാർട്ടറിൽ പുറത്താകാനായിരുന്നു വിധി. ജർമനിയോടു തോറ്റ സെമിയിൽ നെയ്മറിനു പരിക്കായതിനെത്തുടർന്ന് കളിക്കാനായില്ല. കോപ്പയിലെത്തിയപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ കൊളംബിയയ്ക്കെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ കളത്തിൽ നടത്തിയ കൈയാങ്കളിയിൽ നെയ്മറിനു ചുവപ്പ് കാർഡ് കിട്ടി. ഇതോടെ ക്വാർട്ടറിൽ കളിക്കാനുമായില്ല. ക്വാർട്ടറിൽ പരാഗ്വെയോടു പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു ബ്രസീൽ പുറത്തായി. യുവത്വവും പരിചയസമ്പത്തും നിറഞ്ഞ ടീമിനെയാണ് പരിശീലകൻ കാർലോസ് ദുംഗ തെരഞ്ഞെടുത്തിരിക്കുന്നത്. നെയ്മറില്ലെങ്കിലും നൂറാം വർഷത്തെ ടൂർണമെന്റിന് ബ്രസീൽ നിരയിൽ വെറ്ററൻ താരം കക്ക, ഹൾക്ക്, ഫിലിപ്പെ കുടിഞ്ഞോ, ഡാനി ആൽവ്സ്, വില്യൻ, ഡഗ്ലസ് കോസറ്റ, ഗബ്രിയേൽ, ജോനാസ്, കസേമിറോ എന്നിവരുടെ പേരുകേട്ട ഒരു നിര തന്നെയുണ്ട്. റഫീഞ്ഞയുടെ പരിക്കിനെത്തുടർന്ന് പകരം ലൂകാ മൗറ ടീമിലെത്തി. ലോകകപ്പ്, കോൺഫെഡറേഷൻസ് കപ്പ് എന്നിവ സ്വന്തമാക്കിയ ടീമിലെ അംഗമായ കക്കയ്ക്ക് കോപ്പ് അമേരിക്ക നേടാനായാൽ അതൊരു ചരിത്രനേട്ടമാകും.


<ആ>മികവ് തുടരാൻ ചിലി

കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന കോപ്പ അമേരിക്ക കിരീടത്തിൽ ഏറ്റവും മികച്ച പോരാട്ടം നടത്തിയാണ് ചിലി മുത്തമിട്ടത്. ചിലി നേടുന്ന ആദ്യത്തെ കോപ്പ അമേരിക്ക കിരീടം. ആ പ്രകടനം തുടരാൻ തന്നെയാണ് ചിലി അമേരിക്കയിൽ ഇറങ്ങുന്നത്. ചിലിയുടെ ഗ്രൂപ്പിൽ കഴിഞ്ഞ വർഷം ഫൈനലിൽ തോറ്റ അർജന്റീനയുമുണ്ട്. ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നാകുമത്. ചിലിയൻ ടീമിൽ അലക്സിസ് സാഞ്ചസ്, അർതുറോ വിദാൽ, എഡ്വേർഡോ വർഗാസ്, കൗഡിയോ ബ്രാവോ എന്നിവരുണ്ട്.

<ആ>കരുത്തോടെ ഉറുഗ്വെ

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയ്ക്കു വേണ്ടി ഗോളടിച്ചുകൂട്ടിയ ലൂയിസ് സുവാരസിന്റെ സേവനം മുഴുവൻ മത്സരങ്ങളിലും ലഭിക്കില്ല. ടീം നോക്കൗട്ടിലെത്തിയാൽ സുവാരസും ടീമിലുണ്ടാകും. പരിക്കാണ് സുവാരസിനെ അലട്ടുന്നത്. പരിചയസമ്പന്നമായ മധ്യനിരയും പ്രതിരോധവും ഉറുഗ്വെയ്ക്കുണ്ട്. മുന്നിൽ എഡിൻസൺ കവാനിയും പ്രതിരോധത്തിൽ നായകൻ ഡിയേഗോ ഗോഡിന്റെ പരിചയസമ്പത്തും ചേരും.

<ആ>മുന്നേറാൻ കൊളംബിയ

ലോകകപ്പിലും കോപ്പ അമേരിക്കയിലും ക്വാർട്ടർ ഫൈനലിലെത്തി. ക്വാർട്ടറും കടന്നുള്ള മുന്നേറ്റമാണ് കൊളംബിയ ഉറ്റുനോക്കുന്നത്. ടീമിലെ സൂപ്പർ താരം റഡമേൽ ഫാൽക്കോവ പരിക്കിനെത്തുർന്ന് ടീമിൽ ഇടംപിടിച്ചിട്ടില്ല. ഇതുകൊണ്ട് ഹാമിഷ് റോഡ്രിഗസിനു ജോലി ഭാരം കൂടും. ലോകകപ്പിൽ ആറു ഗോളടിച്ച റോഡ്രിഗസ് കൊളംബിയയുടെ പല വിജയങ്ങൾക്കും നിർണായകമായിരുന്നു. റോഡ്രിഗസിനൊപ്പം കാർലോസ് ബക്കയും ചേരുമ്പോൾ കൊളംബിയയ്ക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. ഡേവിഡ് ഓസ്പിന എന്ന ഗോൾ കീപ്പറും കൊളംബിയയ്ക്കുവേണ്ടി മികച്ച ഫോമിലാണ്.

<ആ>സ്വന്തം കാണികളുടെ മുന്നിൽ യുഎസ്എ

ഗോൾഡ് കപ്പിലും ലോകകപ്പ് യോഗ്യത മത്സരങ്ങളിലും മോശമായ യുഎസ്എ പഴയതെല്ലാം മറന്ന് മികച്ചരീതിയിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ്. പരിചയസമ്പത്തും യുവത്വം കൂട്ടിച്ചേർത്ത ടീമിനെയാണ് യുർഗൻ ക്ലിൻസ്മാൻ തെരഞ്ഞെടുത്തിരിക്കുന്നത്. ശക്‌തരായ ലാറ്റിൻ അമേരിക്കൻ ടീമുകളുമായി പോരാടി സെമി പ്രവേശനമെങ്കിലും സാധ്യമാക്കുകയാണ് യുഎസ്എയുടെ ലക്ഷ്യം.

<ആ>പോരാടാൻ മെക്സിക്കോ

കോപ്പ അമേരിക്ക ഫുട്ബോളിലെ സ്‌ഥിരം സാന്നിധ്യമായ മെക്സിക്കോ ഇതുവരെ ചാമ്പ്യന്മാരായിട്ടില്ല. ഹാവിയർ ഹെർണാണ്ടസ് എന്ന മുന്നേറ്റക്കാരന്റെ ഫോമിൽ മെക്സിക്കോയുടെ പ്രതീക്ഷകൾ. പരിചയസമ്പത്തുള്ള കളിക്കാരാണ് ടീമിലുള്ളത്.

ലാറ്റിൻ അമേരിക്കൻ ടീമുകളായ പരാഗ്വെ, ഇക്വഡോർ, ബൊളീവിയ, വെനസ്വലേ, പെറു ടീമുകൾ അട്ടിമറി പ്രതീക്ഷിച്ചാണ് സ്പെഷൽ ടൂർണമെന്റിനെത്തുന്നത്. പ്രത്യേകിച്ച് പരാഗ്വെ, ഇക്വഡോർ ടീമുകൾ പരിചയസമ്പന്നരും യുവാക്കളും നിറഞ്ഞ ടീമാണ്. സെന്റിനാറിയോയുടെ അതിഥികളായ ജമൈക്ക, ഹെയ്തി, പാനമ, കോസ്റ്റാറിക്ക ശക്‌തരായ ലാറ്റിൻ അമേരിക്കൻ ടീമുകൾക്കുമുന്നിൽ തങ്ങളുടെ മികവ് കാണിക്കാനാണ് ഇറങ്ങുന്നത്. ജമൈക്ക സൗഹൃദ മത്സരത്തിൽ ചിലിയെ തോൽപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.