അമ്പയർമാരുടെ തീരുമാനത്തിൽ ധോണിക്കു നിരാശ
അമ്പയർമാരുടെ തീരുമാനത്തിൽ ധോണിക്കു നിരാശ
Monday, August 29, 2016 11:15 AM IST
ഫ്ളോറിഡ: വെസ്റ്റിൻഡീസിനെതിരായ രണ്ടാമത്തെ ട്വന്റി–20 മത്സരം ഉപേക്ഷിക്കേണ്ടിവന്നതിൽ നിരാശയുണ്ടെന്ന് മഹേന്ദ്രസിംഗ് ധോണി. ഇടയ്ക്ക് മഴ നിന്നെങ്കിലും മൈതാനം മത്സരത്തിനു യോഗ്യമല്ലെന്നു പറഞ്ഞ് അമ്പയർമാർ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇത് ധോണിക്ക് രസിച്ചില്ല. മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ ആദ്യമത്സരം ജയിച്ച വെസ്റ്റിൻഡീസ് പരമ്പര 1– 0 ന് സ്വന്തമാക്കി. സമീപ ഭാവിയിൽ തീരെ നിറംമങ്ങിയ പ്രകടനമാണ് ധോണിയിൽ നിന്ന് ഉണ്ടാവുന്നത്. അത്യവശ്യഘട്ടങ്ങളിൽ മത്സരം ജയിപ്പിക്കാൻ അദ്ദേഹത്തിനു കഴിയാറില്ല. ഇത് വിമർശനം വിളിച്ചുവരുത്തിയിരുന്നു.

രണ്ടാം മത്സരം ജയിച്ച് പരമ്പര സമനിലയാക്കാനുള്ള സുവർണാവസരമാണ് അമ്പയർമാരുടെ തീരുമാനം മൂലം നഷ്‌ടപ്പെട്ടത്. ഇന്നലത്തേത് ഉപേക്ഷിക്കാൻമാത്രം മോശമായ അവസ്‌ഥയായിരുന്നില്ല. ഇതിലും മോശമായ സ്‌ഥിതിയിൽ ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2011ലെ ഇംഗ്ലണ്ട് പര്യടനം അതിന് ഉദാഹരണമാണ്. അന്ന് മിക്കവാറും എല്ലാ ഏകദിനങ്ങളും മഴഭീഷണിയിലാണ് നടന്നത്. വളരെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലും കളികൾ നടന്നിരുന്നു. അന്ന് ആർക്കും മത്സരം ഉപേക്ഷിക്കണമെന്നില്ലായിരുന്നു. വിൻഡീസ് നിരയിൽ 150 കിലോമീറ്റർ സ്പീഡിൽ പന്തെറിയാൻ ഷോയിബ് അക്‌തർ ഒന്നും ഇല്ലല്ലോ. ബൗളർമാർക്ക് റൺ അപ്പിന് ആവശ്യത്തിന് സ്‌ഥലമില്ലെന്ന അമ്പയർമാരുടെ വാദം അത്രശരിയാണെന്നു ഞാൻ കരുതുന്നില്ല. അമ്പയർമാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടിയിരുന്നത്. അവർ കളിക്കാൻ പറഞ്ഞാൽ ഞങ്ങൾ കളിക്കും. അവർ കളിക്കാനാവില്ല എന്ന് പറഞ്ഞാൽ കളിക്കാനാവില്ല അത്ര തന്നെ.–മത്സര ശേഷം ധോണി പറഞ്ഞു.


ജയിക്കാൻ 144 റൺസ് വേണ്ടിയിരുന്ന ഇന്ത്യ രണ്ടോവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 15 ൽ നിൽക്കുമ്പോഴാണ് മഴ വില്ലനായെത്തിയത്. അഞ്ചോവർ മത്സരം നടന്നിരുന്നെങ്കിൽ ഡക്ക് വർത്ത് ലൂയിസ് നിയമം ഉപയോഗിച്ച് വിജയികളെ കണ്ടെത്താനാവുമായിരുന്നു. പക്ഷേ, മഴയും മോശം കാലാവസ്‌ഥയും കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം 40 മിനിറ്റ് വൈകി തുടങ്ങിയതും ഇന്ത്യക്കു തിരിച്ചടിയായി.

എന്നാൽ, വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ കാർലോസ് ബ്രാത്വെയ്റ്റിന് വിരുദ്ധാഭിപ്രായമാണ്. മൈതാനത്ത് തീരുമാനം എടുക്കേണ്ടത് അമ്പയർമാരാണ്. അവർ തീരുമാനിച്ചതിനോട് എനിക്ക് വിയോജിപ്പില്ല. മത്സരം ജയിക്കുകയോ തോൽക്കുകയോ ചെയ്യാം.

മൈതാനത്ത് അമ്പയർമാരുടെ തീരുമാനം അനുസരിക്കാൻ ടീമുകൾ ബാധ്യസ്‌ഥരാണ്. ഇന്നലെ കളിതുടരാൻ അമ്പയർമാർ തീരുമാനിച്ചിരുന്നുവെങ്കിൽ ഞങ്ങൾ തയാറാവുമായിരുന്നു. പക്ഷേ, ഞങ്ങളുടെ ബൗളർമാരുടെ റണ്ണപ്പ് വളരെ ദീർഘമാണ്. വെള്ളം കെട്ടിക്കിടക്കുന്നത് അവർക്കു ബുദ്ധിമുട്ടുണ്ടാക്കും എന്നത് ഒരു വസ്തുതയാണ്. അത് ഞങ്ങൾ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ –ബ്രാത്വെയ്റ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.