ഇന്ത്യക്ക് ഇന്ന് 500
ഇന്ത്യക്ക് ഇന്ന് 500
Wednesday, September 21, 2016 12:06 PM IST
കാൺപുർ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലാകുന്ന ടെസ്റ്റ് മത്സരം മനോഹരമായി തുടങ്ങാൻ ടീം ഇന്ത്യ. എതിരാളിയായി ന്യൂസിലൻഡ്. കാൺപുർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ഇന്ന് ആഘോഷപ്പോരാട്ടത്തിനു തുടക്കമാകും. ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ടീമും ആരാധകരും ആഗ്രഹിക്കുന്നില്ല. മറുവശത്തുള്ള ന്യൂസിലൻഡാണെങ്കിൽ ഇന്ത്യയിൽ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്. അതിനായി മികച്ച തുടക്കം ലഭിക്കുന്നതിനും ആത്മവിശ്വാസത്തോടെ പരമ്പരയിലെ മറ്റ് മത്സരങ്ങളിലേക്കു കടക്കുന്നതിനും കിവീസിന് ആദ്യ മത്സരം ജയിക്കണം. ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ യുഗത്തിലേക്കു കൈപിടിച്ചു നടത്താൻ നിയോഗിക്കപ്പെട്ടിരുന്ന വിരാട് കോഹ്ലിയും അനിൽ കുംബ്ലെയും ടീമംഗങ്ങളും പരമ്പര അത്യുജ്വലമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

ഇന്ത്യക്ക് ഇനി വരാൻ പോകുന്നത് ടെസ്റ്റ് പരമ്പരകളുടെ നാളുകളാണ്. ഇന്ത്യയിൽ ഈ സീസണിൽ നടക്കേണ്ട 13 ടെസ്റ്റുകളിൽ ആദ്യ മത്സരമാണ് കാൺപുരിലേത്.

<ആ>ഇന്ത്യ കിവീസിന്റെ മോശം സ്‌ഥലം

ഇന്ത്യയിൽ ഇതുവരെ ന്യൂസിലൻഡ് 31 ടെസ്റ്റ് മത്സരങ്ങളിൽ ഇറങ്ങി. ഇതിൽ രണ്ട് കളിയിൽ മാത്രമേ ജയിച്ചുള്ളു. പതിമൂന്നെണ്ണം തോറ്റപ്പോൾ പതിനാറെണ്ണം സമനിലയായി. പത്ത് ടെസ്റ്റ് പരമ്പരകളിൽ എട്ടെണ്ണം ആതിഥേയർക്കായിരുന്നു. രണ്ടെണ്ണം സമനിലയായി. ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ കിവീസ് ജയിച്ചിട്ടില്ല.

2012 ക്രിക്കറ്റ് സീസണിൽ ന്യൂസിലൻഡിനെ രണ്ടു ടെസ്റ്റിലും പരാജയപ്പെടുത്തിയ ഇന്ത്യ പരമ്പര തൂത്തുവാരി. ഈ സമ്പൂർണ ജയത്തിന്റെ ആവേശത്തിൽ ഇന്ത്യ ഒരിക്കൽക്കൂടി ന്യൂസിലൻഡിനെ നേരിടാൻ ഇറങ്ങുകയാണ്. 2012ലെ ഇന്ത്യ–ന്യൂസിലൻഡ് ടീമിൽ നാലു വർഷം കൊണ്ട് പല മാറ്റങ്ങൾ ഉണ്ടായി. അന്നത്തെ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റിൽനിന്നു വിരമിച്ചു. ഇന്ത്യൻ ടീമിലുണ്ടായിരുന്ന സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, സഹീർ ഖാൻ എന്നിവർ അന്താരാഷ് ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഗൗതം ഗംഭീറിനു നിലവിലെ ടീമിൽ സ്‌ഥാനം നേടാനായില്ല.

അതുപോലെ കിവീസ് ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനും ഓപ്പണറുമായിരുന്ന ബ്രണ്ടൻ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. അന്ന് നായകനായിരുന്ന റോസ് ടെയ്ലർ ടീമിലുണ്ടെങ്കിലും നായക സ്‌ഥാനത്തില്ല. പകരം കെയ്ൻ വില്യംസണാണ് ടീമിനെ നയിക്കുന്നത്.

<ആ>ഇന്ത്യ കരുത്തർ

കോഹ്ലി, ചേതേശ്വർ പുജാര, മുരളി വിജയ്, കെ.എൽ രാഹുൽ എന്നിവർ മികച്ച ഫോമിലാണ്. ബാറ്റ്സ്മാന്മാർ പലരും ഫോമിലുള്ളപ്പോൾ ആരാകും ഇന്ത്യയുടെ ഇന്നിംഗ്സ് തുടങ്ങുക എന്നതാണ് ടീം ഇന്ത്യക്കു തലവേദനയാകുന്നത്. വിജയിക്കൊപ്പം ശിഖർ ധവാനോ രാഹുലോ ഓപ്പണിംഗിനിറങ്ങും. എന്നാൽ ധവാൻ മോശം ഫോം രാഹുലിനു സാധ്യത നൽകുന്നു. വിൻഡീസ് പര്യടനത്തിൽ ടെസ്റ്റിലും ട്വന്റി–20യിലും സെഞ്ചുറി നേടിയ രാഹുൽ ഓപ്പണിംഗിനു പരിഗണിക്കാൻ യോഗ്യനാണെന്നു തെളിയിച്ചു. ധവാനാണെങ്കിൽ വിൻഡീസിൽ ഒരു അർധശതകം മാത്രമേ നേടാനായുള്ളൂ. മധ്യനിരയിൽ ഇന്ത്യയുടെ ബാറ്റ്സ്മാന്മാരെല്ലാം മികച്ച ഫോമിലാണ്.

ഇന്ത്യയുടെ കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കോഹ്ലിക്കൊപ്പം മികച്ച ബാറ്റിംഗ് പുറത്തെടുത്ത രവിചന്ദ്രൻ അശ്വിൻ ബാറ്റിംഗിലും തന്റെ കരുത്ത് തെളിയിച്ചു. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയിൽ ഇന്ത്യ ബ്ലൂവിനായി പുറത്താകാതെ 256 റൺസ് നേടി പുജാര ഫോമിലാണെന്നു തെളിയിച്ചു. ഈ പരമ്പര രോഹിത് ശർമയ്ക്ക് വലിയൊരു പരീക്ഷയാണ്. ഈ പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിൽ ഇടം നേടി മികച്ച ബാറ്റിംഗ് പുറത്തെടുത്താൽ മാത്രമേ രോഹിതിനു ടെസ്റ്റ് ടീമിൽ സ്‌ഥാനം ഉറപ്പാക്കാനാകൂ. മധ്യനിരയിൽ അജിങ്ക്യ രഹാനയുമായാണ് മുംബൈ താരത്തിനു മത്സരിക്കേണ്ടത്. വിൻഡീസ് പര്യടനത്തിൽ രഹാനെ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയിരുന്നു.

ബൗളിംഗിൽ സ്പിൻ ത്രയം അശ്വിൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര ഇന്ത്യയുടെ ബൗളിംഗിനെ ശക്‌തിപ്പെടുത്തുന്നു. ഗ്രീൻപാർക്ക് സ്റ്റേഡിയം സ്പിന്നിനെ അനുകൂലിക്കുമെന്നാണ് അറിയുന്നത്.


ഇന്ത്യയുടെ കഴിഞ്ഞ പത്ത് ഹോം ടെസ്റ്റ് മത്സരങ്ങളിൽ വിക്കറ്റുകൾ കൂടുതലും സ്പിന്നർമാർക്കായിരുന്നു. 81.08 ശതമാനം വിക്കറ്റാണ് സ്പിന്നർമാർ എറിഞ്ഞിട്ടത്. 185 വിക്കറ്റിൽ 150 എണ്ണം സ്പിന്നർമാർക്കായിരുന്നു.

അശ്വിൻ 72 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ 47 എണ്ണം സ്വന്തമാക്കി. ഇന്ത്യൻ ടീമിലെ സീനിയർ പേസർ ഇഷാന്ത് ശർമയ്ക്കു ചിക്കുൻഗുനിയ സ്‌ഥിരീകരിച്ചതിനെത്തുടർന്ന് ടീമിൽനിന്നു പുറത്തായി. അതുകൊണ്ട് മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവരിലാണ് ഇന്ത്യൻ പേസ് ബൗളിംഗിന്റെ ഉത്തരവാദിത്വം. കോഹ്ലി മൂന്നു സ്പിന്നർമാരെ കളിപ്പിക്കുകയാണെങ്കിൽ മൂന്നു പേസർമാരിൽ ഒരാൾക്കു മാത്രമേ അവസാന പതിനൊന്നിൽ സ്‌ഥാനം നേടാനാകൂ.

കിവീസിന്റെ പരിചയസമ്പന്നനായ പേസർ ടിം സൗത്തിക്കു പരിക്കിനെത്തുടർന്ന് ഇന്ത്യക്കെതിരേയുള്ള പരമ്പര നഷ്‌ടമായി. വാരിയെല്ലിനേറ്റ പരിക്കിനെത്തുർന്നു ജയിംസ് നീഷം ആദ്യ മത്സരത്തിലുണ്ടാവില്ല. കിവീസ് ബാറ്റിംഗ് പ്രധാനമായും ആശ്രയിക്കുക് നായകൻ വില്യംസൺ, പരിചയ സമ്പന്നരായ റോസ് ടെയ്ലർ, മാർട്ടിൻ ഗുപ്ടിൽ എന്നിവരുടെ ബാറ്റിംഗിനെയാണ്.

മൂവരും ക്ലാസ് ബാറ്റ്സ്മാന്മാരാണ് എന്നാൽ ഇന്ത്യയിൽ ഇവർക്കു സ്പിൻ ബൗളിംഗിനെതിരേ മികവ് പുറത്തെടുക്കുകയെന്ന വലിയ വെല്ലുവിളിയുണ്ട്. ഈ വെല്ലുവിളിയെ അതിജീവിച്ചാൽ മാത്രമേ മികവിലെത്താനാകൂ. കിവീസ് ടീമിലെ സ്പിന്നർമാരായ ഇഷ് സോധി, മിച്ചൽ സാന്റ്നർ, മാർക്ക് ക്രെയ്ഗ് എന്നിവർക്ക് ഇന്ത്യയിൽ ടെസ്റ്റ് കളിച്ചു പരിചയമില്ല.

<ആ>ഇന്ത്യ സാധ്യതാ ടീം

മുരളി വിജയ്, കെ.എൽ. രാഹുൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ, ആർ. അശ്വിൻ, വൃദ്ധിമൻ സാഹ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, അമിത് മിശ്ര.

ന്യൂസിലൻഡ് (സാധ്യതാ ടീം)– ടോം ലാഥം, മാർട്ടിൻ ഗപ്ടിൽ, കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, ഹെൻറി നികോളസ്, ബിജെ വാറ്റ്ലിംഗ്, മിച്ചൽ സാന്റ്നർ, മാർക്ക് ക്രെയ്ഗ്, ഇഷ് സോധി, നീൽ വാഗ്നർ/ഡഗ് ബ്രേസ്വെൽ, ട്രെൻഡ് ബോൾട്ട്

<ആ>കണക്കുകളിൽ

1988

ന്യൂസിലൻഡ് അവസാനമായി ഇന്ത്യയിൽ ജയിക്കുന്നത്. ന്യൂസിലൻഡിന് ഇതുവരെ ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര പോലും ജയിക്കാനായിട്ടില്ല. ഇന്ത്യയിൽ 31 മത്സരങ്ങളിൽ ന്യൂസിലൻഡിന് രണ്ടു ജയം മാത്രമേ ഉണ്ടായിരുന്നുള്ളു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് കിവീസ് അവസാനമായി ഇന്ത്യയെ തോൽപ്പിക്കുന്നത്. അതിനുശേഷം നടന്ന 14 ടെസ്റ്റുകളിൽ ആതിഥേയർ ആറ് മത്സരം ജയിച്ചപ്പോൾ എട്ട് എണ്ണം സമനിലയായി.

3

ഏഷ്യയിൽ തുടർച്ചയായ ടെസ്റ്റ് പരമ്പരകളിൽ ന്യൂസിലൻഡ് തോറ്റിട്ടില്ല. മൂന്നു പരമ്പരയും സമനിലയായി. 2012–13ൽ ശ്രീലങ്ക, 2013–14ൽ ബംഗ്ലാദേശ്, 2014–15ൽ പാക്കിസ്‌ഥാൻ. കളിച്ച ഏഴു മത്സരങ്ങളിൽ ന്യൂസിലൻഡ് രണ്ടെണ്ണം ജയിച്ചപ്പോൾ രണ്ടെണ്ണം തോറ്റു. മൂന്നെണ്ണം സമനില. എന്നാൽ ഇന്ത്യയിൽ ഈ കണക്കുകൾ വ്യത്യാസമാണ്, പത്ത് പരമ്പരകളിൽ എട്ടിലും തോറ്റു.

9

ഇന്ത്യയുടെ കഴിഞ്ഞ പത്ത് ഹോം മത്സരങ്ങളിൽ ഒമ്പതിലും ജയിച്ചു. ഓസ്ട്രേലിയയെ നാലിൽ നാലു മത്സരത്തിലും തോൽപ്പിച്ചു. വെസ്റ്റിൻഡീനെതിരേ രണ്ടു മത്സരങ്ങളിൽ പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാലു കളിയിൽ മൂന്നിലും ജയിച്ചപ്പോൾ ഒരെണ്ണം മഴ മൂലം നടന്നില്ല.

155

2015 മുതൽ കെയ്ൻ വില്യംസന്റെ സ്പിന്നിനെതിരേയുള്ള ശരാശരി. 500ൽ അധികം പന്ത് നേരിട്ട ബാറ്റ്സ്മാന്മാരിൽ ഏറ്റവും മികച്ച ശരാശരിയുള്ള കിവീസ് താരം. രണ്ടാമത് 118 ശരാശരിയുള്ള റോസ് ടെയ്ലർ.

18

ന്യൂസിലൻഡിന്റെ കഴിഞ്ഞ (2012) ഇന്ത്യൻ പര്യടനത്തിൽ അശ്വിൻ വീഴ്ത്തിയ ആകെ വിക്കറ്റുകൾ.

85.20

ന്യൂസിലൻഡിനെതിരേയുള്ള കോഹ്ലിയുടെ ശരാശരി. കോഹ്ലി നേരിട്ടുള്ള ടീമുകളിൽ ഏറ്റവും മികച്ച ശരാശരി.

81.08

ഇന്ത്യയുടെ കഴിഞ്ഞ പത്ത് ഹോം ടെസ്റ്റ് മത്സരങ്ങളിൽ വിക്കറ്റുകൾ കൂടുതലും സ്പിന്നർമാർക്കായിരുന്നു. 81.08 ശതമാനം വിക്കറ്റാണ് സ്പിന്നർമാർ എറിഞ്ഞിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.