എംജി യൂണിവേഴ്സിറ്റി ബാഡ്മിന്റൺ: തേവര എസ്എച്ചും സെന്റ് തെരേസാസും ചാമ്പ്യന്മാർ
Friday, September 23, 2016 11:45 AM IST
കോതമംഗലം: എം.ജി യൂണിവേഴ്സിറ്റി ഇന്റർ കൊളീജിയറ്റ് പുരുഷ–വനിതാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തേവര സേക്രഡ് ഹാർട്ടും എറണാകുളം സെന്റ് തെരേസാസും ചാമ്പ്യൻമാരായി.

പുരുഷ ഫൈനലിൽ തേവര സേക്രഡ് ഹാർട്ട് കോളജും മൂലമറ്റം സെന്റ് ജോസഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളജുമാണ് ഏറ്റുമുട്ടിയത്. തേവര എസ്.എച്ച് കോളജ് ഒമ്പത് പോയിന്റോടെ ചാമ്പ്യന്മാരായി. മൂലമറ്റം സെന്റ് ജോസഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ ആറു പോയിന്റോടെ റണ്ണറപ്പുമായി. മൂന്നും നാലും സ്‌ഥാനങ്ങളിൽ യഥാക്രമം കുട്ടിക്കാനം മരിയൻ കോളജും എറണാകുളം സെന്റ് ആൽബർട്സ് കോളജും നേടി.


വനിതകളുടെ മത്സരത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളജ് തുടർച്ചയായ എട്ടാം തവണയാണ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. എറണാകുളം സെന്റ് ആൽബർട്ട്സ് കോളജാണ് റണ്ണറപ്പ്. എം.എ. കോളജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.

കോതമംഗലം എം.എ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടു ദിവസമായി നടന്ന മത്സരത്തിൽ 13 വനിതാ ടീമുകളും എട്ട് പുരുഷ ടീമുകളുമാണ് മാറ്റുരച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.