ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് ഊഷ്മള വരവേല്പ്
ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് ഊഷ്മള വരവേല്പ്
Friday, September 23, 2016 11:51 AM IST
തിരുവനന്തപുരം: റിയോ ഡി ഷാനെറോ ഒളിമ്പിക്സിൽ ഇന്ത്യക്കു മെഡൽ സമ്മാനിച്ച താരങ്ങൾക്ക് കേരളത്തിന്റെ ആദരം. ബാഡ്മിന്റണിൽ വെള്ളി സ്വന്തമാക്കിയ പി.വി. സിന്ധുവിനെയും ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലികിനെയുമാണ് കേരള സ്പോർട്–സ് കൗൺസിലും സ്പോർട്സ് ഡയറക്ടറേറ്റും സംയുക്‌തമായി ആദരിച്ചത്.

കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ഇവർക്ക് മലയാളക്കരയുടെ ആദരവ് നല്കിയത്. താരങ്ങളെ വരവേൽക്കാൻ കോട്ടൺഹില്ലിലെ പെൺകുട്ടികളും ജി.വി. രാജ സ്പോർട്സ് സ്കൂളുകളിലെ കായികതാരങ്ങളും എത്തിയതു ചടങ്ങിനു മാറ്റുകൂട്ടി. താരങ്ങൾ വേദിയിലേക്ക് എത്തിയപ്പോൾ ആർപ്പുവിളികളോടെയാണ് വിദ്യാർഥികൾ വരവേറ്റത്.

മുക്കാടൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സംഭവന നൽകിയ 50 ലക്ഷം രൂപ സിന്ധുവിനും 25 ലക്ഷം രൂപ സാക്ഷി മാലികിനും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ കൈമാറി. സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപിചന്ദിന് പത്തു ലക്ഷം രൂപയും സാക്ഷിയുടെ കോച്ച് മന്ദീപിന് അഞ്ചു ലക്ഷം രൂപയും സമ്മാനിച്ചു.

കേരളത്തിന്റെ ഈ സ്വീകരണം ഏറെ സന്തോഷം തരുന്നതായി മറുപടി പ്രസംഗത്തിൽ സിന്ധു പറഞ്ഞു. നിരവധി ഒളിമ്പ്യന്മാരെ സംഭാവന ചെയ്ത കേരളത്തിൽ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് ഏറെ അഭിമാനകരമാണ്. ഇത്തരമൊരു ചടങ്ങു സംഘടിപ്പിക്കാൻ തയാറായ എല്ലാ മലയാളികളോടും നന്ദി പറഞ്ഞാണ് സാക്ഷി മാലിക് വേദി വിട്ടത്.


ചടങ്ങിൽ മുൻകായികമന്ത്രിയും കെടിഡിസി ചെയർമാനുമായ എം. വിജയകുമാർ അധ്യക്ഷനായിരുന്നു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയ്കുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കായികതാരം പത്മിനി തോമസ്, മുക്കാടൻസ് ഗ്രൂപ്പ് പ്രതിനിധി വിപിൻ തോമസ് തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.


<ആ>ഒളിമ്പ്യന്മാരോടു സംസ്‌ഥാന സർക്കാരിന് അവഗണനയെന്ന്

തിരുവനന്തപുരം: റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി മെഡൽനേട്ടം സ്വന്തമാക്കിയ രണ്ടു താരങ്ങൾ കേരളത്തിൽ എത്തിയപ്പോൾ സംസ്‌ഥാന സർക്കാർ അവഗണന കാട്ടിയെന്ന് ആരോപണം. ഒളിമ്പിക് മെഡൽ ജേതാക്കളായ പി.വി. സിന്ധു, സാക്ഷി മാലിക് എന്നിവർക്ക് ഒരുക്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, പരിപാടിയുടെ അവസാന നിമിഷം മുഖ്യമന്ത്രി എത്തില്ലെന്നറിയിച്ചു. തുടർന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസനാണ് ഉദ്ഘാടനം ചെയ്തത്.

മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് താരങ്ങളെ അവഹേളിച്ചതിനു തുല്യമാണെന്നാണ് കായികപ്രേമികളുടെ നിലപാട്. എന്നാൽ, പരിപാടി സ്പോൺസർ ചെയ്തത് ആരോപണവിധേയരായതിനാലാണ് പരിപാടിയിൽനിന്നു മുഖ്യമന്ത്രി പിൻമാറിയതന്നൊണു പോലീസിൽ നിന്നു ലഭിച്ച വിവരം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ കൂടി അടിസ്‌ഥാനത്തിലാണ് മുഖ്യമന്ത്രി വിട്ടുനിന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.