മെസിയില്ലാതെ ബാഴ്സ
മെസിയില്ലാതെ ബാഴ്സ
Tuesday, September 27, 2016 11:29 AM IST
ലണ്ടൻ/മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ. ഇന്നു നടക്കുന്ന മത്സരങ്ങളിൽ കരുത്തരായ ആഴ്സണൽ, അത്ലറ്റികോ മാഡ്രിഡ്, ബയേൺ മ്യൂണിക്, ബാഴ്സലോണ, പാരി സാൻ ഷെർമയിൻ, മാഞ്ചസ്റ്റർ സിറ്റി, നാപ്പോളി ടീമുകൾ ഇന്നിറങ്ങുകയാണ്.

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ സെൽറ്റിക്കിന്റെ വല യിൽ ഏഴു തവണ നിറയൊഴിച്ച ബാഴ്സലോണ രണ്ടാം മത്സരത്തിന് മോൺചെൻഗ്ലാഡ്ബാഷിനെതിരേ ഇറങ്ങും. ആദ്യമത്സരത്തിൽ ബാഴ്സയുടെ ഗോളടിയിൽ പങ്കാളിയായ ലയണൽ മെസി ഇന്നു നടക്കുന്ന മത്സരത്തിൽ കളിക്കുന്നില്ല. മാഞ്ചസ്റ്റർ സിറ്റിയോടു 4–0ന് തോറ്റ മോൺചൻഗ്ലാഡ്ബാഷ് നെയ്മർ, ലൂയിസ് സുവാരസ് എന്നിവരടങ്ങുന്ന ബാഴ്സയുടെ മാരകമായ ആക്രമണ നിരയെ എങ്ങനെ തടയുമെന്ന് കാണേണ്ടിയിരിക്കുന്നു. മെസിയെ കൂടാതെ സാമുവൽ ഉംറ്റിറ്റിയും പരിക്കിനെത്തുടർന്ന് ടീമിലില്ല. സ്വന്തം ഗ്രൗണ്ടിൽ മോൺചൻഗ്ലാഡ്ബാഷ് കരുത്തരാണ്. വിവിധ ടൂർണമെന്റുകളിൽ കഴിഞ്ഞ 11 കളിയിൽ ഗ്ലാഡ്ബാഷ് തോറ്റിട്ടില്ല. ലോകത്തെ മികച്ച ടീമുകളിൽ ഒന്നായ ബാഴ്സയെ നേരിടുന്നതിൽ സന്തോഷിക്കുന്നു. എന്നാൽ തങ്ങൾ ബാഴ്സയുടെ ആരാധകരല്ലെന്നും അവരുടെ മികവിനു കൂടുതൽ മെച്ചപ്പെടുത്തുന്ന ഒരു സഹനടന്റെ സ്‌ഥാനം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പ്രതിരോധ താരം ഓസ്കർ വെൻഡറ്റ് പറഞ്ഞു.

ആഴ്സണൽ– ബാസൽ

അഞ്ചു വർഷത്തിനുശേഷം പ്രീമിയർ ലീഗിൽ ചെൽസിയെ തോൽപ്പിച്ചതിന്റെ ആവേശത്തിലും സന്തോഷത്തിലും ആഴ്സണൽ ഇന്ന് സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എഫ്സി ബാസലിനെതിരേ ഇറങ്ങും. ഗണ്ണേഴ്സിനൊപ്പമുള്ള 20 പൂർത്തിയാക്കിയ ആഴ്സിൻ വെംഗർ ചാമ്പ്യൻസ് ലീഗിൽ സ്വന്തം കാണികളുടെ മുന്നിൽ മികച്ച ജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ചെൽസിക്കെതിരേ പുറത്തെടുത്ത മികവ് ആവർത്തിക്കാനായാൽ വെംഗറുടെ ടീം തകർപ്പൻ ജയം സ്വന്തമാക്കും. ആദ്യമായാണ് ഒരു ടൂർണമെന്റിൽ ഗണ്ണേഴ്സും ബാസലും ഏറ്റുമുട്ടുന്നത്. അലക്സിസ് സാഞ്ചസ്, തിയോ വാൽകോട്ട്, മെസ്യൂട്ട് ഓസിൽ എന്നിവർ ആഴ്സണലിനുവേണ്ടി മികച്ച ഫോമിലാണ്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരങ്ങളിൽ ആഴ്സണലിനും ബാസലിനും ജയിക്കാനായില്ല. പീരങ്കപ്പട 1–1ന് പിഎസ്ജിയുമായി സമനില വഴങ്ങിയപ്പോൾ ബാസലിന്റെ മത്സരവും സമനിലയാകുകയായിരുന്നു. രണ്ടു ടീമിന്റെയും അവസാന അഞ്ചു കളിയിലെ പ്രകടനം ഒരേപോലെയാണ്. അഞ്ചിൽ നാലും ജയിച്ചപ്പോൾ ഒരു സമനിലയാകുകയായിരുന്നു. ആദ്യ മത്സരത്തിൽ ഡൈനാമോ കീവിനെ അവരുടെ ഗ്രൗണ്ടിൽ വച്ച് നേടിയ ജയം സ്വന്തം ഗ്രൗണ്ടിൽ തുടരാനാണ് നാപ്പോളി ഇന്ന് ബെൻഫിക്കയ്ക്കെതിരേയും ലക്ഷ്യമിടുന്നത്.

അത്ലറ്റിക്കോ– ബയേൺ

മാഡ്രിഡിലാണ് മറ്റൊരു ഉജ്വലപോരാട്ടം നടക്കുന്നത്. അത്ലറ്റികോ മാഡ്രിഡിന്റെ വിസന്റെ കാൽഡെറോണിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക് ഇറങ്ങും. കാർലോ ആൻസിലോട്ടിയുടെ കീഴിൽ കളിച്ച എട്ടിലും ജയം നേടിയ ബയേൺ ആ വഴിയേ പോകാൻ തന്നെയാണ് ഒരുങ്ങുന്നത്. എട്ട് തുടർ ജയങ്ങളുമായി ആൻസിലോട്ടി ബയേണിൽ പുതിയ റിക്കാർഡ് കുറിച്ചു. ഇതുവരെ ഒരു പരിശീലകനും ബയേണിനൊപ്പം ആദ്യ എട്ട് മത്സരങ്ങളിലും തുടർ ജയം നേടാനായിട്ടില്ല. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമിയിൽ അത്ലറ്റികോയിൽ നിന്നേറ്റ തോൽവിക്കു പകരം വീട്ടാനുള്ള അവസരമാണ് ബയേണിനു ലഭിച്ചിരിക്കുന്നത്. അന്നത്തെ മത്സരത്തിൽ മാഡ്രിഡിലെ ആദ്യ പാദത്തിൽ ബയേണിന്റെ ശക്‌തമായ മുന്നേറ്റത്തെ ശക്‌തമായ കോട്ടകെട്ടി തകർത്ത അത്ലറ്റികോ സൗളിന്റെ ഗോളിൽ 1–0ന് ജയിച്ചു. മ്യൂണിക്കിൽ നടന്ന രണ്ടാം പാദത്തിൽ ബയേൺ ജയിച്ചെങ്കിലും ആന്റോണി ഗ്രീസ്മാന്റെ ഗോൾ അത്ലറ്റികോയ്ക്ക് എവേ ഗോളിന്റെ ആനുകൂല്യവും ഫൈനലിലേക്കുള്ള വഴിയുമൊരുക്കി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരങ്ങളിൽ ബയേണും അത്ലറ്റികോയും ജയിച്ചിരുന്നു. ബയേൺ എതിരില്ലാത്ത അഞ്ചു ഗോളിനു റോസ്റ്റോവിനെയും അത്ലറ്റികോ ഏകപക്ഷീയമായ ഒരു ഗോളിനു പിഎസ്വി ഐന്തോവനെയും തോൽപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അത്ലറ്റികോ സ്വന്തം ഗ്രൗണ്ടിൽ ശക്‌തരാണ്. ഒരു തോൽവി പോലും വഴങ്ങിയിട്ടില്ല. ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ അഞ്ചു ഹോം മത്സരങ്ങളിലും എതിരാളികൾക്ക് അത്ലറ്റികോയുടെ വല കുലുക്കാനുമായിട്ടില്ല. ഗ്രീസ്മാൻ തന്നെയാണ് ഇത്തവണയും ഡിയേഗോ സിമിയോണിയുടെ ടീമിന്റെ കുന്തമുന. ബയേണിന്റെ മുന്നേറ്റ നിരയിലെ റോബർട്ട് ലെവൻഡോസ്കി, ഫ്രാങ്ക് റിബറി എന്നിവർ ഫോമിലാണെന്നത് ബാവേറിയൻ ടീമിന് അത്ലറ്റികോയുടെ തട്ടകത്തിൽ ആത്മവിശ്വാസം നൽകുന്നു.


സിറ്റി– സെൽറ്റിക്

പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായശേഷം എല്ലാ മത്സരങ്ങളിലും സിറ്റിക്കു മികച്ച തുടക്കമിടാനായി. പ്രീമിയർ ലീഗിൽ തുടർ ജയങ്ങളുമായി ഒന്നാം സ്‌ഥാനത്താണ്. ഗാർഡിയോളയുടെ പരിശീലന മികവ് സിറ്റിയുടെ ആക്രമണ ഫുട്ബോളിനെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ മോൺചൻഗ്ലാഡ്ബാഷിനെ 4–0ന് കീഴടങ്ങിയ സിറ്റി ലീഗിൽ തങ്ങളുടെ മികവ് തെളിയിച്ചു. സെർജിയോ അഗ്വേറോ കഴിഞ്ഞ കളിയിൽ രണ്ടു ഗോളടിച്ച് ഫോമിലാണെന്ന് തെളിയിച്ചു. ടീമിലെ പല താരങ്ങളും മിന്നുന്ന ഫോമിലാണ്. ആദ്യ മത്സരത്തിൽ ബാഴ്സലോണയിൽനിന്നും ഏഴു ഗോളിന്റെ വൻ തോൽവി ഏറ്റുവാങ്ങിയ സെൽറ്റിക്കാണ് സിറ്റിയുടെ എതിരാളികൾ.

മറ്റ് മത്സരങ്ങളിൽ പിഎസ്ജി ബൾഗേറിയൻ ക്ലബ് ലുഡോഗറെറ്റ്സ് റസ്ഗാർഡിനെ നേരിടും. പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിനോട് സമനിലയിൽ പിരിയേണ്ടിവന്നിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ മുന്നേറ്റമാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. ഡൈനാമോ കീവിനെ അവരുടെ നാട്ടിൽ നേടിയ ജയത്തിന്റെ തുടർച്ച ലക്ഷ്യമിട്ടാണ് നാപോളി ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ബെൻഫിക്കയെ നേരിടുക.


ആഴ്സണൽ–ബാസൽ

അത്ലറ്റിക്കോ–ബയേൺ മ്യൂണിക്

ബെസിക്റ്റാസ്–ഡൈനാമോ കീവ്

മോൺചൻഗ്ലാഡ്ബാഷ്–ബാഴ്സലോണ

സെൽറ്റിക് –മാഞ്ചസ്റ്റർ സിറ്റി

റാസ്ഗാർഡ്–പിഎസ്ജി

നാപോളി–ബെൻഫിക്ക

റോസ്റ്റോവ്–പിഎസ്പി ഐന്തോവൻ

(മത്സരങ്ങൾ രാത്രി 12.15 മുതൽ ടെൻ ചാനലുകളിൽ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.