അടിപതറി ബയേൺ
Thursday, September 29, 2016 12:01 PM IST
ബർലിൻ: ചാമ്പ്യൻസ് ലീഗിന്റെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനു തോൽവി. സ്പാനിഷ് ടീം അത്ലറ്റിക്കോ മാഡ്രിഡാണ് ബയേണിനെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്ലറ്റിക്കോയുടെ വിജയം.

എന്നും വിജയം കുത്തകയാക്കിയിരുന്ന ബയേണിന്റെ തോൽവിയിൽ ജർമൻ ആരാധകർ മുഴുവനും ഞെട്ടിയിരിക്കുകയാണ്.

അന്റോണിയോ ഗ്രീസ്മാൻ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതിന്റെ പിന്നാലെ 35–ാം മിനിറ്റിൽ യാന്നിക് കാരാസ്ക്കോയാണ് അത്ലറ്റിക്കോയുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ വിധി നിർണയിച്ചതും കരാസ്കോയുടെ പ്രകടനത്തിലൂടെതന്നെ. മത്സരത്തിലുടനീളം അത്ലറ്റിക്കോ മാഡ്രിഡ് ആധിപത്യം നിലനിർത്തിയതും ബയേൺ മ്യൂണിക്കിന് കനത്ത തിരിച്ചടിയായി. കാർലോ ആഞ്ചലോട്ടി പരിശീലകനായശേഷം ബയേണിന്റെ ആദ്യ തോൽവിയാണിത്.

അതുപോലെ ഈ സീസണിൽ ബയേൺ വഴങ്ങുന്ന ആദ്യ തോൽവിയുമാണിത്്. കഴിഞ്ഞ സീസണിലെ സെമിയിലും ബയേൺ, അത്ലറ്റിക്കോയുടെ മുന്നിൽ അടിപതറിയിരുന്നു. അന്നു പെപ് ഗാർഡിയേളയായിരുന്നു കോച്ച്.


ഇതോടെ തുടർച്ചയായ രണ്ടാം ജയത്തിലെ ആറു പോയിന്റുമായി അത്ലറ്റിക്കോ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്‌ഥാനത്തെത്തി. മൂന്ന് പോയിന്റുള്ള ബയേൺ രണ്ടാമതാണ്. ബയേൺ തോറ്റതിന്റെ കാരണങ്ങൾ തേടിയെന്നു മാത്രമല്ല കടുത്ത വിമർശനങ്ങളുമായി ജർമനിയിലെ ഫുട്ബോൾ വിദഗ്ധർ രംഗത്തു വന്നിട്ടുണ്ട്. ദേശീയ ടീമിന്റെ നായക സ്‌ഥാനം ഏറ്റെടുത്ത ശേഷം മാനുവൽ നോയർ ബയേണിനുവേണ്ടി ഇറങ്ങിയ മത്സരം തോൽക്കേണ്ടതായിരുന്നില്ല എന്നാണ് ജർമൻ മുൻ ക്യാപ്റ്റനും ഗോളിയുമായിരുന്ന ഒലിവർ കാൻ പറയുന്നത്.

നോയറിന്റെ പിഴവാണ് പരാജയകാരണമെന്നും അദ്ദേഹം വിലയിരുത്തുന്നു.അതുപോലെ ആര്യൻ റോബനും ലെവൻഡോസ്കിയും അവസരത്തിനൊത്തുയർന്നില്ല . റിബറി, തോമസ് മ്യൂളർ എന്നിവരടക്കം ബയേൺ താരങ്ങളെല്ലാം തികഞ്ഞ പരാജയമായിരുന്നു. എന്നും പ്രതിരോധത്തിന്റെ വൻമതിലാകാറുള്ള ജെറോം ബോട്ടെംഗും നിരാശപ്പെടുത്തി.

ജോസ് കുമ്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.