എം.ജെ. ജേക്കബ് ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിലേക്ക്
എം.ജെ. ജേക്കബ് ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിലേക്ക്
Tuesday, October 18, 2016 11:28 AM IST
തിരുവനന്തപുരം: പ്രായത്തെ കീഴടക്കി മുന്നേറുന്നവരാണു രാഷ്ട്രീയ നേതാക്കൾ എന്നു പറയാറുണ്ട്. പിറവത്തെ മുൻ എംഎൽഎയായ എം.ജെ. ജേക്കബിനും പറയാനുള്ളത് അത്തരം മുന്നേറ്റത്തെക്കുറിച്ചാണ്. എന്നാൽ ഇവിടെ അദ്ദേഹത്തിനു പിന്നാലെ ഓടിയെത്താൻ പ്രായം കിതയ്ക്കുകയാണ്. പൊതുപ്രവർത്തനത്തിലും കായികമേഖലയിലും ഒരുപോലെ മിന്നുന്ന താരമാണ് അദ്ദേഹം. 25ന് ഓസ്ട്രേലിയയിലെ പെർത്തിൽ തുടങ്ങുന്ന ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് എം.ജെ. ജേക്കബ്. 75 വയസ് കഴിഞ്ഞവരുടെ വിഭാഗത്തിൽ ലോംഗ് ജംപ്, ട്രിപ്പിൾ ജംപ്, 2000 മീറ്റർ സ്റ്റീപിൾ ചേസ് എന്നീ ഇനങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.

പൊതുപ്രവർത്തനത്തിലേക്കു വന്നത് അല്പം വൈകിയാണെങ്കിലും കായിക രംഗവുമായി എം.ജെ. ജേക്കബിനു ചെറുപ്പം മുതൽ വലിയ അടുപ്പമാണ്. വടകര സെന്റ് ജോൺസ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ ട്രാക്കിലും ഫീൽഡിലും താരമായിരുന്നു അദ്ദേഹം. ആലുവ യുസി കോളജിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി മീറ്റിൽ 1500 മീറ്റർ ഹർഡിൽസിൽ ജേക്കബ് തീർത്ത റിക്കാർഡ് വർഷങ്ങൾക്കു ശേഷമാണ് തിരുത്തപ്പെട്ടത്. പഠനം പൂർത്തിയാക്കിയ ശേഷം ഫാക്ടിൽ ഉയർന്ന തസ്തികയിൽ ജോലി നോക്കി. ഫാക്ടിലെ ജോലി ഉപേക്ഷിച്ച് പൊതുരംഗത്ത് കൂടുതൽ കർമനിരതനായ അദ്ദേഹത്തെ 2006 ൽ പിറവത്തെ ജനങ്ങൾ എംഎൽഎയാക്കി. എന്നാൽ, പൊതുപ്രവർത്തനത്തിനൊപ്പം കായിക രംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു. 35 വയസിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിലും മറ്റ് ദേശീയ–സംസ്‌ഥാന മീറ്റുകളിലും തുടർച്ചയായി അദ്ദേഹം നേട്ടങ്ങൾ കൊയ്തു. എംഎൽഎമാർക്കായി നടത്തിയ കായികമേളയിൽ 50 കഴിഞ്ഞവരുടെ വിഭാഗത്തിൽ ജേക്കബ് ഒന്നാമതെത്തി.


75 പിന്നിടുമ്പോഴും ഇതെല്ലാം സാധ്യമാകുന്നതിന്റെ രഹസ്യവും അദ്ദേഹം തന്നെ പങ്കുവയ്ക്കും : “ ചിട്ടയായ ജീവിതം, പുലർച്ചെ നാലിന് എഴുന്നേൽക്കും പിന്നെ വ്യായാമം. എവിടെയായാലും വ്യായാമവും നടത്തവും മുടക്കാറില്ല. ചില ദിവസം നടത്തം മാറ്റി ഓട്ടമാക്കും. ഇടയ്ക്കു കാലിനു പരിക്ക് പറ്റിയപ്പോൾ വീട്ടിലുള്ളവരുടെ നിർബന്ധത്തിൽ കുറച്ചുനാൾ വിശ്രമം, പിന്നെ വീണ്ടും ട്രാക്കിലേക്ക്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം പെർത്തിലെ കടുപ്പമേറിയ ലോക ചാമ്പ്യൻഷിപ്പിലും മുന്നേറാമെന്ന തികഞ്ഞ പ്രതീക്ഷയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.