കായികോത്സവം സമാഗതം
കായികോത്സവം സമാഗതം
Wednesday, November 30, 2016 1:48 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട്് സർവകലാശാല സ്റ്റേഡിയത്തിൽ ഡിസംബർ മൂന്നു മുതൽ ആറു വരെ നടക്കുന്ന 60–ാമത് സ–ംസ്‌ഥാന സ്കൂൾ കായികോത്സവത്തിന് ഒരുക്കങ്ങളായി. സംസ്‌ഥാനത്തെ 14 ജില്ലകളിൽ നിന്നായി ആൺ– പെൺ വിഭാഗങ്ങളിലായി സബ് ജൂണിയർ, ജൂണിയർ, സീനിയർ ഇനങ്ങളിൽ 2561 കായിക താരങ്ങൾ 95 മത്സര ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന മേള മൂന്നിന് രാവിലെ ഏഴിന് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ തുടങ്ങും.

കായികതാരങ്ങൾക്ക് പുറമേ 350 ഓളം ഒഫീഷ്യൽസും കായികമേള നിയന്ത്രിക്കാനുണ്ടാകും. ഫാൾസ് സ്റ്റാർട്ട് ഡിറ്റക്റ്റിംഗ് സിസ്റ്റം, ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷർ എന്നീ രണ്ട് സംവിധാനങ്ങൾ ആദ്യമായി–സംസ്‌ഥാന സ്കൂൾ കായികമേളയിൽ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ഈ സംവിധാനങ്ങൾക്ക് പുറമേ ഫോട്ടോ ഫിനിഷിംഗ് കാമറ അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. മൂന്നിന് രാവിലെ ഒൻപതിന് ഡിപിഐ പതാക ഉയർത്തും. വൈകീട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മേളയ്ക്കെത്തുന്ന കായിക താരങ്ങൾക്ക് സർവകലാശാല കാമ്പസിന് സമീപത്തെ പഞ്ചായത്തുകളിലെ 17 സ്കൂളുകളിലായാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മേളയ്ക്കെത്തുന്നവരെ അതത് കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ പരപ്പനങ്ങാടി, ഫാറൂഖ് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മേളയിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടിന് ഉച്ചകഴിഞ്ഞ് എത്തുമെന്ന് സംഘാടകർ അറിയിച്ചു.

ദീപശിഖാ പ്രയാണം നാളെ കോഴിക്കോട്ടുനിന്ന്

തേഞ്ഞിപ്പലം: മൂന്നു മുതൽ ആറു വരെ കാലിക്കട്ട് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സംസ്‌ഥാന സ്കൂൾ കായികോത്സവ വേദിയിലേക്കുള്ള ദീപശിഖാ പ്രയാണം നാളെ രാവിലെ 10ന് കോഴിക്കോട് നിന്നാരംഭിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ ബാഡ്മിന്റൺ താരം അപർണ ബാലൻ ഫ്ളാഗ് ഓഫ് ചെയ്യും.


മെഡിക്കൽ കോളജ്, പന്തീരാങ്കാവ്, രാമനാട്ടുകര സേവാമന്ദിര– സ്കൂളുകളിലെ വിദ്യാർഥികൾ ദീപശിഖ സ്വീകരിച്ച് രാമനാട്ടുകരയിലെ നിസരി ജംഗ്ഷനിലെത്തിക്കും. തുടർന്ന് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് മലപ്പുറം ജില്ലാ അതിർത്തിയായ ചേലേമ്പ്രയിലെ ഇടിമുഴിക്കലിൽ എത്തിക്കും. രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണത്തെ മലപ്പുറം ജില്ലയിലേക്ക് സ്വീകരിച്ചാനയിക്കും. ദീപശിഖാ പ്രയാണത്തെ സർവകലാശാല കാമ്പസിലെ പ്രധാന കവാടത്തിൽ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ, പി.അബ്ദുൾ ഹമീദ് എംഎൽഎ, സർവകലാശാല കായിക ഡയറക്ടർ ഡോ.വി.പി.സക്കീർ ഹുസൈൻ എന്നിവർ ചേർന്ന് സ്വീകരിക്കും. കായികോത്സവത്തിന് തുടക്കമാകുന്ന മൂന്നിന് വൈകീട്ട് മൂന്നിന് ഒളിംപ്യൻ ഇർഫാൻ ഉദ്ഘാടന ചടങ്ങിനിടെ ദീപശിഖ സ്റ്റേഡിയത്തിലെത്തിക്കും.

ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ വിദ്യാർഥികളുടെ കലാവിരുന്നും. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നിനാണ് കലാവിരുന്ന്. ഇതിന്റെ ഭാഗമായി അതത–് സ്കൂളുകളിൽ വിദ്യാർഥികൾ പരിശീലനം തുടങ്ങി.

സർവകലാശാല സ്റ്റേഡിയത്തിൽ ട്രയൽ അവതരണം ഇന്ന് നടക്കും. മലബാറിന്റെ തനത് കലാരൂപങ്ങളായ ഒപ്പന, കോൽക്കളി, കളരിപ്പയറ്റ് എന്നിവയ്ക്ക് പുറമേ വന്ദേമാതര ആലാപനം, ബാന്റ് വാദ്യം എന്നിവയുമുണ്ടാകും. കായികോത്സവത്തിന് വേദിയാകുന്ന സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഒരേ സമയത്തു തന്നെ വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം. ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ്, അരിയല്ലൂർ എം.വി.ഹയർസെക്കൻഡറി, എടരിക്കോട് പികെഎംഎച്ച്എസ്എസ്, ചെട്ടിയാംകിണർ ജിഎച്ച്എസ് –എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് കലാപരിപാടികൾ അവതരിപ്പിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.