സൂപ്പറാകാൻ നാലുടീമുകൾ
സൂപ്പറാകാൻ നാലുടീമുകൾ
Wednesday, December 7, 2016 1:36 PM IST
ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം ഫുട്ബോൾ സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇനി മൂന്നു ദിവസത്തെ കാത്തിരിപ്പ്. പത്തിനു നടക്കുന്ന ആദ്യ സെമിയിൽ മുൻ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കോൽക്കത്ത സ്വന്തം ഗ്രൗണ്ടിൽ മുംബൈ സിറ്റിയെ നേരിടും. പതിനൊന്നിനു കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഡൽഹി ഡൈനാമോസുമായി ഏറ്റുമുട്ടും. സ്വന്തം ഗ്രൗണ്ടിലെ ആദ്യ പാദത്തിൽ മികച്ച ജയം സ്വന്തമാക്കാനാണ്് ബ്ലാസ്റ്റേഴ്സും കോൽക്കത്തയും ലക്ഷ്യമിടുന്നത്. സ്വന്തം ഗ്രൗണ്ടിലെ വിജയാന്തരീക്ഷം ഏറ്റവും കൂടുതൽ സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്സാണ്. ഇതിൽ മുംബൈ സിറ്റിയാണ് ഐഎസ് എൽ ചരിത്രത്തിൽ സെമിയിലെത്തിയ പുതുമുഖങ്ങൾ. സീസണിന്റെ തുടക്കത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്‌ഥാനത്തു കുതിക്കുന്നു. വിജയങ്ങൾ നേടാനാകാതെ കേരള ബ്ലാസ്റ്റേഴ്സ് മുൻ വർഷത്തെ പോലെ കിതയ്ക്കുന്നു. രണ്ടു മാസങ്ങൾ കൊണ്ട് എല്ലാം തകിടം മറിഞ്ഞു. ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ തങ്ങളെ തോൽപ്പിച്ച നോർത്ത് ഈസ്റ്റിനെ അതേ സ്കോറിനുതോൽപ്പിച്ചു ബ്ലാസ്റ്റേഴ്സ് അവസാന നാലിലേക്കു എത്തിയിരിക്കുന്നു. സ്റ്റീവ് കോപ്പൽ എന്ന ഇംഗ്ലീഷ് തന്ത്രജ്‌ഞന്റെ കീഴിൽ ഓരോ മത്സരം കഴിയുമ്പോഴും മെച്ചപ്പെടുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കളത്തിൽ കണ്ടത്. കൊച്ചിയിൽ മഞ്ഞക്കടലിനു നടുവിൽ പന്തുതൊട്ടപ്പോഴൊന്നും ബ്ലാസ്റ്റേഴ്സിനു പിഴച്ചില്ല. തുടർച്ചയായ അഞ്ചു മത്സരങ്ങൾ സ്വന്തം നാട്ടിൽ ജയിച്ചു കയറിയതിന്റെ ആത്മവിശ്വാസത്തിലാണ് ഡിസംബർ 11ന് ബ്ലാസ്റ്റേഴ്സ് ഡൽഹി ഡൈനാമോസിനെ കൊച്ചിയിൽ നേരിടാനൊരുങ്ങുന്നത്. ഡിയേഗോ ഫോർലാൻ എന്ന ഫുട്ബോൾ മാന്ത്രികന്റെ മികവിൽ കളിച്ച മുംബൈ സിറ്റി 23 പോയിന്റുമായി ഒന്നാം സ്‌ഥാനക്കാരായാണു സെമിയിലെത്തിയത്. ആറു ജയം അഞ്ച് സമനില മൂന്നു തോൽവി എ്ന്നിങ്ങനെയായിരുന്നു ബോളിവുഡ് താരം രൺബീർ കപൂറിന്റെ ടീം ഇത്തവണ സ്വന്തമാക്കിയത്. അവസാന മത്സരങ്ങളിലെ കുതിപ്പിൽ രണ്ടാമതെത്തിയ സച്ചിൻ തെണ്ടുൽക്കറിന്റെയും മലയാളികളുടെയും സ്വന്തം ബ്ലാസ്റ്റേഴ്സിന് ആറു ജയം, നാലു സമനില, നാലു ജയം എന്ന കണക്കിൽ സെമിയിലെത്തി. അവസാന നാലിലെത്താൻ ബ്ലാസ്റ്റേഴ്സിന് അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും രാജകീയമായി തന്നെ കൊമ്പന്മാർ സെമിയിലെത്തി. ഫ്ളോറന്റ് മലൂദയുടെ മികവ് ഡൽഹി ഡൈനാമോസിന്റെ പ്രകടനത്തിൽ എടുത്തു കാട്ടിയിരുന്നു. കൂടാതെ ബ്രസീലിൽനിന്നെത്തിയ മാഴ്സെലിഞ്ഞോ ഒമ്പതു ഗോളുമായി ഡൈനാമോസിന്റെ ഗോളടിയിൽ മുന്നിൽനിന്നു. മൂന്നാം സീസണിലെ ടോപ് സ്കോററും മാഴ്സെലിഞ്ഞോയാണ്. ഹൊസെ മൊളീനയെന്ന പുതിയ പരിശീലകന്റെ കീഴിൽ കളിച്ച അത്ലറ്റിക്കോ ഡി കോൽക്കത്ത തുടർച്ചയായ മൂന്നാം സീസണിലും സെമിയിലെത്തി. ജയത്തേക്കാൾ കൂടുതൽ സമനിലയായിരുന്നു കോൽക്കത്തയ്ക്ക്. നാലു ജയം എട്ട് സമനില, രണ്ടു തോൽവി എന്നിങ്ങനെയായിരുന്നു അത്ലറ്റിക്കോയ്ക്ക്. ഇതിൽ സി.കെ. വിനീതിന്റെ മികവ് ബ്ലാസ്റ്റേഴ്സിനെ തുണയ്ക്കുമോ അതോ മാഴ്സലിഞ്ഞോയും മലൂദയും ബ്ലാസ്റ്റേഴ്സിനെ തകർക്കുമോ എന്ന് കാണേണ്ടിയിരിക്കുന്നു. ഫോർലാന്റെ മികവ് മുംബൈക്ക് ഫൈനലിലേക്കുള്ള വഴി തുറക്കുമോ അതോ ഇയാൻ ഹ്യും കൂട്ടരും അതിനു തടസമാകുമോ എന്നറിയുകയേ വേണ്ടൂ. രണ്ടാം പാദ സെമി 13നും 14നും.

സെമിയിലേക്കുള്ള യാത്ര

അത്ര ശുഭകരമാല്ലാത്ത തുടക്കമായിരുന്നു ഈ സീസണിലും ബ്ലാസ്റ്റേഴ്സിനെ കാത്തിരുന്നത്. ആദ്യ മത്സരത്തിൽ ഗോഹട്ടിയിൽ നോർത്ത് ഈസ്റ്റിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോൽവി. ആദ്യജയത്തിനായി കാത്തിരിക്കേണ്ടി വന്നത് നാലാം മത്സരം വരെ. പിന്നീട്, സമനിലകളും ജയങ്ങളും തോൽവികളും മാറിമാറി വന്നപ്പോൾ അവസാന ആറു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ കാത്തത്. മുംബൈയോട് വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും നാലു വിജയങ്ങളും അത്ലറ്റിക്കോ ഡി കോൽക്കത്തയോട് അവരുടെ നാട്ടിൽ സമനില പിടിക്കാൻ സാധിച്ചതും കൊമ്പന്മാർക്ക് അനുഗ്രഹമായി. കൊച്ചിയിൽ ഒഴുകിയെത്തിയ സ്വന്തം കാണികൾക്കു മുമ്പിൽ നാലു ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. സെമിയും രണ്ടുപാദമായി നടക്കുന്നതിനാൽ ഹോം ഗ്രൗണ്ടിലെ അജയ്യരായ ബ്ലാസ്റ്റേഴ്സിന് അതും അനുഗ്രമാകും. ചെന്നൈയിനെതിരേ 3–1 എന്ന സ്കോറിനു ജയിച്ച കളിയാണ് ബ്ലാസ്റ്റേഴ്സിനെ ഒത്തിണക്കമുള്ള ടീമാക്കിയത്. ലീഗിലെ 14 മത്സരങ്ങളിൽ ആറു വിജയവും, നാലു സമനിലകളും. നാലു തോൽവികളും ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങി. മുംബൈയ്ക്കു പിന്നിൽ രണ്ടാം സ്‌ഥാനത്താണു ലീഗ് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. മുൻ വർഷങ്ങളിലെ പോലെത്തന്നെ ഗോൾ സ്കോറിംഗിൽ പിശുക്കു കാണിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിനു പിന്നിലുള്ളത് പൂന സിറ്റി എഫ്സി മാത്രം. അവസാന സ്‌ഥാനക്കാരായ എഫ്സി ഗോവ 15 ഗോളുകൾ നേടിയപ്പോൾ സെമിയെലെത്തിയ കൊമ്പന്മാർക്കു നേടാനായത് 13 ഗോളുകൾ.


ഈ കളി മതിയോ?

ഇറ്റലിക്കായി 2006 ലോകകപ്പ് സ്വന്തമാക്കിയ ടീമിലുണ്ടായിരുന്ന ജിയാൻ ലൂക്ക സാംബ്രോട്ടയാണു ഡൽഹി ഡൈനാമോസിന്റെ തന്ത്രങ്ങൾ മെനയുന്നത്. ലീഗിൽ ഡൽഹിയെ തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല. ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചപ്പോൾ ഡൽഹിയിൽ ഡൈനാമോസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കൊമ്പന്മാരെ തളച്ചു. അതു കൊണ്ട് ഇത്രയും കളികളിൽ പുറത്തെടുത്ത പ്രകടനം മതിയാവില്ല മലൂദ നയിക്കുന്ന ഡൈനാമോസിനെ തകർക്കാൻ. ടീമിന്റെ കാര്യത്തിൽ കോച്ച് സ്റ്റീവ് കോപ്പലിനും പൂർണ നിയന്ത്രണം കൈവരിക്കാൻ സാധിച്ചിട്ടില്ല. മുന്നേറ്റനിരയിൽ സി.കെ. വിനീതിന്റെ പ്രകടനം ഒഴിച്ചുനിർത്തിയാൽ ബെൽഫോർട്ടിന്റെ ഒറ്റയാൾ മുന്നേറ്റങ്ങൾ മാത്രമാണ് എടുത്തു പറയാനുള്ളത്. എന്നാൽ, പാസ് കൊടുക്കാതെ സ്വയം ഗോൾ നേടാനുള്ള ശ്രമത്തിൽ ബെൽഫോർട്ട് സൃഷ്‌ടിച്ച അവസരങ്ങൾ പാഴാക്കുന്നത് സ്‌ഥിരം കാഴ്ചയാണ്. ആന്റോണിയോ ജർമനും മുഹമ്മദ് റാഫിക്കും മൈക്കൽ ചോപ്രയ്ക്കും കാര്യമായ സംഭാവനകൾ നൽകാൻ ഇതുവരെയും സാധിച്ചിട്ടില്ല.

മധ്യനിരയിൽ മെഹ്താബ് ഹുസൈൻ സസ്പെൻഷനിലായി പുറത്തിരുന്നതോടെ ഇഷ്ഫാക് അഹമ്മദിനെ കഴിഞ്ഞ മത്സരത്തിൽ കോപ്പലിന് ഇറക്കേണ്ടി വന്നു. ഡക്കൻസ് നാസണിനെയും മുന്നേറ്റനിരയിൽ കോപ്പൽ പരീക്ഷിച്ചു. പക്ഷേ ചെന്നൈയിനെതിരേ 3–1ന് ജയിച്ച കളിയിലും എഫ്സി ഗോവയ്ക്കെതിരേ 2–1ന് ജയിച്ച കളിയിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ പുറത്തെടുത്ത പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് എപ്പോഴും കഴിയുന്നില്ല. മാർക്കി താരം ആരോൺ ഹ്യൂസ് നയിക്കുന്ന പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്‌തി. എങ്കിലും നോർത്ത് ഈസ്റ്റിനെതിരേയുള്ള അവസാന അങ്കത്തിൽ ഹോസുവിന് പകരം ലെഫ്റ്റ് ബാക്ക് സ്‌ഥാനത്തു റിനോ ആന്റോയെ കളിപ്പിച്ചപ്പോൾ ഉരുക്കുകോട്ടയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. ലെഫ്റ്റ് ബാക്ക് സ്‌ഥാനത്തു ഹോസുവിനേക്കാൾ മെച്ചപ്പെട്ട താരം റിനോയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഹ്യൂസ്, ഹെങ്ബർട്ട്, ജിങ്കൻ, ഹോസു എന്നിവർ തമ്മിലുണ്ടായിരുന്ന സഖ്യം നഷ്‌ടമായപ്പോൾ അത് പ്രതിരോധത്തെ കാര്യമായി ബാധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.