കാണികൾ സംയമനം പാലിക്കണമെന്നു കെഎഫ്എ
കാണികൾ സംയമനം പാലിക്കണമെന്നു കെഎഫ്എ
Saturday, December 10, 2016 1:44 PM IST
കൊച്ചി: ഇന്ത്യൻ സൂപ്പർലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി നടന്ന നിർണായക ലീഗ് മത്സരത്തിനുശേഷം ഒരുവിഭാഗം കാണികളിൽനിന്നുണ്ടായ അനിഷ്ടസംഭവങ്ങളിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഫിഫയും സംഘാടക സമിതിയും ആശങ്ക രേഖപ്പെടുത്തി.

ഇതേത്തുടർന്നു കളിക്കാർക്കും കാണികൾക്കും പരമാവധി സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അധികാരികൾ ആവശ്യപ്പെട്ടതനുസരിച്ചു സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ പാസുകൾക്ക് ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നു കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ മത്സരത്തിൽ കാണികളിൽനിന്ന് ഉണ്ടായതുപോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ, ഇതുവരെ ഉയർന്നനിലവാരം പുലർത്തിവന്നിരുന്ന കൊച്ചിയിലെ കാണികളെപ്പറ്റി മോശം അഭിപ്രായമുയരും. ഫുട്ബോൾ ആവേശം സ്വാഗതാർഹമാണ്. പക്ഷേ ഫുട്ബോൾ പ്രേമികൾ കുറേക്കൂടി ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അത് അപമാനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ കായികകേരളത്തിന്റെ സൽപേരിനെ പ്രതികൂലമായി ബാധിക്കും. ഭാവിയിൽ കൊച്ചിയിൽ നടക്കാൻ സാധ്യതയുള്ള രാജ്യാന്തരമത്സരങ്ങളെപോലും ഇതു പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ട് എല്ലാ ഫുട്ബോൾ പ്രേമികളുടെയും സഹകരണം തുടർന്നു നടക്കാനിരിക്കുന്ന ഐഎസ്എൽ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഉണ്ടാകണമെന്നും പി. അനിൽകുമാർ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.