മാസ്റ്റർക്ലാസ് കോഹ്ലി
മാസ്റ്റർക്ലാസ് കോഹ്ലി
Saturday, December 10, 2016 1:44 PM IST
മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ കളി പഠിച്ച മണ്ണിൽ അതേ നിലവാരത്തിലേക്കുയർന്നുകൊണ്ട് ഇന്ത്യയുടെ റൺമെഷീൻ വിരാട് കോഹ്ലി നിറഞ്ഞു. കോഹ്്ലി വളരുകയാണ് സച്ചിനോളമോ അതിനപ്പുറത്തേക്കോ. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നായകന്റെ പ്രകടനം കാഴ്ചവച്ച വിരാട് കോഹ്്ലിയുടെ മികവിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 400നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 451 റൺസെടുത്തിട്ടുണ്ട്. 147 റൺസോടെ പുറത്താകാതെ നിൽക്കുന്ന കോഹ്ലി തന്റെ കരിയറിലെ 15–ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. 136 റൺസ് നേടിയ മുരളി വിജയ്യും മിന്നും പ്രകടനമാണു പുറത്തെടുത്തത്. 30 റൺസെടുത്ത ജയന്ത് യാദവാണ് കോഹ്ലിക്കു കൂട്ട്. കോഹ്്ലി – യാദവ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്കു ലീഡ് സമ്മാനിച്ചത്. ഇന്ത്യക്ക് ഇപ്പോൾ 51 റൺസിന്റെ ലീഡുണ്ട്.

ഒന്നിന് 146 എന്ന നിലയിൽ മൂന്നാം ദിവസത്തെ കളിയാരംഭിച്ച ഇന്ത്യക്ക് അതേ സ്കോറിൽവച്ച് 47 റൺസെടുത്ത ചേതേശ്വർ പൂജാരയുടെ വിക്കറ്റ് വീണു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന വിരാട് കോഹ്്ലിയും മുരളി വിജയ്്യും ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തായി. മോശം പന്തുകളെ ആക്രമിച്ച ഇരുവരും താളം കണ്ടെത്തിയതോടെ ഇംഗ്ലീഷ് ബൗളർമാർക്കു രക്ഷയില്ലാതായി. കോഹ്ലി– വിജയ് കൂട്ടുക്കെട്ട് 116 റൺസിലെത്തിനിൽക്കുമ്പോഴാണ് വിജയ് പുറത്താകുന്നത്. ആദിൽ റാഷിദിന്റെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകി മുരളി വിജയ് മടങ്ങും വരെ എല്ലാം ഭദ്രമായിരുന്നു. എന്നാൽ പിന്നീട് ഇന്ത്യ പരുങ്ങലിലായി. 282 പന്തിൽനിന്നു 136 റൺസെടുത്താണ് വിജയ് മടങ്ങിയത്. പിന്നാലെ എത്തിയവർ കവാത്ത് മറന്നപ്പോൾ കളി ഇംഗ്ലീഷ് പടയുടെ കൈയിലായ പ്രതീതിയായി.

ഇവിടെയാണ് കോഹ്ലി തന്റെ ക്ലാസ് പുറത്തെടുത്തത്. തുടരെ വിക്കറ്റുകൾ നഷ്‌ടമാകുമ്പോഴും ലേശം പരിഭ്രമമില്ലാതെ ക്ഷമയോടെ നായകൻ ബാറ്റ് വീശി കളത്തിൽ നിന്നു. 83 പന്തുകളിൽ ബൗണ്ടറിയൊന്നും നേടാതെ നായകൻ ക്രീസിൽ പക്വതയോടെ കളിച്ചു.

മാനസിക പിരിമുറുക്കത്തിന്റെ ഈ നിമിഷങ്ങൾക്ക് അവസാനം കുറിച്ചത് രവീന്ദ്ര ജഡേജയാണ്. പിന്നീട് കോഹ്ലിയും കൂളായി കളിച്ചതോടെ വാങ്കഡെ ഉണർന്നു.

കോഹ് ലിയുടെ ബാറ്റിംഗ് വെടിക്കെട്ടിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ബോളർമാരെയാണ് പിന്നീട് ഇംഗ്ലീഷ് നായകൻ അലിസ്റ്റർ കുക്ക് കണ്ടത്. കളിക്കളത്തിൽ കോഹ്ലിയുടെ താണ്ഡവമായിരുന്നു. 241 പന്തുകളിൽ 17 ഫോറുകളുടെ അകമ്പടിയോടെയാണ് നായകന്റെ സെഞ്ചുറി.

സ്കോർ 364ൽ എത്തിയപ്പോൾ ജഡേജയും വീണു. 46 പന്തിൽ നിന്നും രണ്ടു ഫോറും ഒരു സിക്സറുമടക്കം 25 റൺസിൽ നിൽക്കുമ്പോഴാണ് ആദിൽ റാശിദിന്റെ പന്തിൽ ബട്ട്ലറിനു ക്യാച്ച് നൽകി ജഡേജ പവലിയനിലേക്ക് മടങ്ങിയത് .
പിന്നീടെത്തിയ ജയന്ത് യാദവ് ക്യാപ്റ്റന്റെ മനസറിഞ്ഞു കളിച്ചു. 86 റൺസ് നേടിയ ഇവരുടെ കൂട്ടുക്കെട്ടാണ് ഇന്ത്യയെ ലീഡിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലി, റാഷിദ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

സ്കോർ ബോർഡ്

ഇംഗ്ലണ്ട്: ഒന്നാം ഇന്നിംഗ്സ് 400

ഇന്ത്യ ബാറ്റിംഗ്

കെ. എൽ. രാഹുൽ ബി. അലി 24, മുരളി വിജയ് സി ആൻഡ് ബി റാഷിദ് 136, സിഎ പുജാര ബി ബാൾ 47, കോഹ്ലി നോട്ടൗട്ട് 147, കരുൺ നായർ എൽബി ബി അലി 13, പാർഥിവ് പട്ടേൽ സി ബെയർസ്റ്റോ ബി റൂട്ട് 15, ആർ. അശ്വിൻ സി ജെന്നിംഗ്സ് ബി റൂട്ട് 0, ജഡേജ സി ബട്ലർ ബി റാഷിദ് 25, ജയന്ത് യാദവ് നോട്ടൗട്ട് 30. എക്സ്ട്രാസ് 14. ആകെ ഏഴിന് 451.

ബൗളിംഗ്

ആൻഡേഴ്സൺ 15–5–43–0, വോക്സ് 8–2–34–0, അലി 45–5–139–2, റാഷിദ് 44–5–152–2, ബാൾ 14–5–29–1, സ്റ്റോക്സ് 8–2–24–0, റൂട്ട് 8–2–18–2.

നാഴികക്കല്ലുകളിലൂടെ കോഹ്ലി

മുംബൈ: ബാറ്റേന്തിയാൽ സെഞ്ചുറി നേടുന്ന താരമായി വിരാട് കോഹ്ലി മാറിയിരിക്കുന്നു. മാസ്റ്റർ ബ്ലാസ്റ്റർ ഒരുകാലത്തു അലങ്കരിച്ചിരുന്ന സ്‌ഥാനമാണ് ഇന്നു താരം ഇന്ത്യൻ നിരയിൽ അലങ്കരിക്കുന്നത്.

=ഈ ഒരു വർഷം കോഹ്ലി ടെസ്റ്റ് മത്സരത്തിൽ നിന്നും മാത്രം നേടിയത് 1000 റൺസ്. ഇന്ത്യൻ ടീമിന്റെ വൻമതിൽ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാഹുൽ ദ്രാവിഡാണ് അവസാനം (2011ൽ) 1000 റൺസ് തികച്ച താരം. പതിനൊന്നു ടെസ്റ്റ് മത്സരങ്ങളിൽനിന്നു 70 റൺസ് ശരാശരിയിലാാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. 211 റൺസാണ് താരത്തിന്റെ സ്കോർകാർഡിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്കോർ.

ടെസ്റ്റ് കരിയറിൽ താരം 4000 റൺസ് സ്വന്തമാക്കിയിരിക്കുന്നു. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് കോഹ്ലി. ബൗണ്ടറികളുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന വിരേന്ദർ സെവാഗാണ് ഇന്ത്യൻ പട്ടികയിൽ ഒന്നാമത്. 79 ഇന്നിംഗ്സുകളിൽ നിന്നാണ് സേവാഗ് 4000 റൺസ് നേടിയത്. 89 ഇന്നിംഗ്സുകളിൽനിന്നാണ് കോഹ്്ലി ഈ നേട്ടം കൈവരിച്ചത്. ഗാവസ്കർ, സച്ചിൻ എന്നിവർ കോഹ്്ലിയുടെ മുന്നിലാണ്.

ഇതേ മത്സരത്തിൽ കോഹ്ലി തന്റെ 15–ാമത് ടെസ്റ്റ് സെഞ്ചുറി നേടി എന്നത് മറ്റൊരു പ്രത്യേകതയാണ്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ഇന്ത്യ 2–0നു മുന്നിലാണ്. ചെന്നൈയിൽ ഡിസംബർ 16–നാണ് അവസാന മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.