മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ പുരുഷ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പുറത്ത്. ലോക റാങ്കിംഗില്‍ 117-ാം സ്ഥാനത്തുള്ള ഉസ്ബക്കിസ്ഥാന്റെ ഡെനിസ് ഇസ്തോമിനാണ് ജോക്കോവിച്ചിനെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. സ്കോര്‍: 7-6(10-8), 5-7, 2-6, 7-6(7-5), 6-4.
ആറ് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ജോക്കോവിച്ച് ഇതാദ്യമായാണ് 68 റാങ്കില്‍ കൂടുതലുള്ള കളിക്കാരനു മുന്നില്‍ മുട്ടുമടക്കുന്നത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും രണ്ടും മൂന്നും സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. എന്നാല്‍, നാലും അഞ്ചും സെറ്റില്‍ ഡെനിസ് തിരിച്ചടിച്ച് സെര്‍ബ് താരത്തിനു പുറത്തേക്കുള്ള വഴി കാണിച്ചു.
മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ കടന്നു. സൈപ്രസിന്റെ മാര്‍കോസ് ബഗ്ഡാറ്റിസിനെയാണ് 6-3, 6-1, 6-3ന് നദാല്‍ കീഴടക്കിയത്. ഫ്രാന്‍സിന്റെ മോന്‍ഫില്‍സ്, കാനഡയുടെ റോണിക്, സ്പെയിനിന്റെ ഡേവിഡ് ഫെറര്‍ തുടങ്ങിയവരും പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ട് കടന്നു.
വനിതാ സിംഗിള്‍സിലും വമ്പന്‍ അട്ടിമറി നടന്നു. സീഡ് ചെയ്യപ്പെടാത്ത ക്രൊയേഷ്യന്‍ താരം മിറ്യാനലൂസിച് ബറോണി മൂന്നാം നമ്പര്‍ താരമായ പോളണ്ടിന്റെ അഗ്നേ്യസ്ക റഡ്വാന്‍സ്കയെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചു. 6-3, 6-2നായിരുന്നു ക്രൊയേഷ്യന്‍ താരത്തിന്റെ ജയം. അതേസമയം, രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ്, ആറാം നമ്പര്‍ സ്ലൊവാക്യയുടെ ഡൊമിനിക സിബുല്‍കോവ, ഡെന്മാര്ക്കിന്റെ കരോളിന് വോസ്നിയാകി തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
ഇന്ത്യക്കു നിരാശ
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്സില്നിന്ന് ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ്-ബ്രസീലിന്റെ ആന്ദ്രേ സാ സഖ്യം പുറത്ത്. പത്താം സീഡായ ട്രീറ്റ് ഹ്യുയി-മാക്സ് മിര്ണയി സഖ്യത്തോട് 6-4, 6-7(3), 4-6 എന്ന സ്കോറിനാണ് പെയ്സ് സഖ്യം പരാജയപ്പെട്ടത്. ഇന്ത്യന്‍ സാന്നിധ്യമായിരുന്ന പുരവ് രാജ-ദിവിജ് ഷാരണ്‍ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. ചെന്നൈ ഓപ്പണിലെ രണ്ടാം സ്ഥാനക്കാരായ രാജ-ദിവിജ് സഖ്യം ഫ്രഞ്ച് കൂട്ടുകെട്ടായ ജോനാഥന് എസ്സെറിക്-ഫാബ്രിക് മാര്ട്ടിന് സഖ്യത്തോട് 6-7(9), 6-7(4)നാണ് പരാജയപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.