"ഒരുപാട് സിനിമകളുള്ള അയാൾ എന്തിനാണ് ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം, പക്ഷേ..'
Monday, July 23, 2018 11:30 AM IST
പൃഥ്വിരാജിന്‍റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിന്‍റെ ജോലികൾ പുരോഗമിക്കുകയാണ്. ആരാധകർ ഒന്നടങ്കം ചിത്രത്തെ ആകാംക്ഷയോടെ കാത്തിരിക്കവേ ലൂസിഫറിന്‍റെ ലൊക്കേഷനിൽ ഓർമകൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നായകൻ മോഹൻലാൽ. തന്‍റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവച്ചിട്ട് സംവിധായകനാകുന്നത് ഒരുപക്ഷേ ലോകത്ത് തന്നെ അപൂര്‍വമായിരിക്കാമെന്നാണ് മോഹൻലാൽ പറയുന്നത്.. ഇവിടെ സംവിധായകനില്‍ നടന്‍ കൂടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൃഥ്വിയുടെ അച്ഛൻ സുകുമാരൻ, അമ്മ മല്ലിക, സഹോദരൻ ഇന്ദ്രജിത്ത് എന്നിവരെക്കുറിച്ചുള്ള ഓർമകളും താരം പങ്കുവയ്ക്കുന്നുണ്ട്.

"എന്നെ സംബന്ധിച്ച്‌ ഇതിലൊക്കെ അത്ഭുതകരമായ ഒരു കാര്യം, ഏറെ തിരക്കുള്ള, ആരാധകരുള്ള നടനായ പൃഥ്വിരാജ്, അദ്ദേഹത്തിന്‍റെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നതാണ്. ഒരുപാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ ഒരു പാഷനാണ്..'- മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.

മോഹൻലാലിന്‍റെ ബ്ലോഗിന്‍റെ പൂർണരൂപം:

വിസ്മയശലഭങ്ങള്‍

വഴികളിലും വളവുകളിലുമെല്ലാം ജീവിതം അത്ഭുതങ്ങള്‍ കാത്ത് വച്ചിട്ടുണ്ടാവും എന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. എന്നാല്‍ നമ്മില്‍ പലരും അത് കാണാന്‍ ശ്രമിക്കാറില്ല. കണ്ടാല്‍ തന്നെ അതിനെ ഗൗനിക്കാറില്ല. അതില്‍ നിഷ്‌കളങ്കമായി അത്ഭുതപ്പെടാറില്ല.

നാം തന്നെ നമുക്ക് മുകളില്‍ കെട്ടിപ്പൊക്കിയ തിരക്കുകളും നമ്മുടെയുള്ളില്‍ തന്നെ കുമിഞ്ഞ ഈഗോകളും നമ്മുടെ കണ്ണുകളില്‍ നിന്ന് നിഷ്‌കളങ്കതയുടെ പടലങ്ങളെ മായ്ച്ചു കളഞ്ഞിരിക്കുന്നു. ജീവിതം അതിന്റെ ഭംഗികളുമായി മുന്നില്‍ വരുമ്പോഴും നാം വിരസമായ മുഖത്തോടെയായിരുന്നു.

ജീവിതത്തിലെ അപ്രതീക്ഷിതമായ എല്ലാ കാര്യങ്ങളേയും അതിന്റേതായ രീതിയില്‍ വിസ്മയത്തോടെ മാറി നിന്ന് നിരീക്ഷിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അപ്പോള്‍ ആരോ എവിടെയോ ഇരുന്ന് നെയ്യുന്ന ഒരു അത്ഭുത വല പോലെ തോന്നും ജീവിതം. ഓരോ കാര്യത്തിനും എവിടെയൊക്കെയോ ഉള്ള ഏതോ കാര്യം കാരണമായിട്ടുണ്ടാവാം. ഈ വലയില്‍ ഒരു നൂല് പോലും വേറിട്ട് നില്‍ക്കുന്നില്ല. എല്ലാത്തിനുമുണ്ട് പരസ്പര ബന്ധം

പുതിയ സിനിമയായ ലൂസിഫറില്‍' പൃഥ്വിരാജ് സുകുമാരന്റെ ക്യാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ ആണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞ് പോകുന്നത്.

ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടില്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ പാച്ചിക്ക എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലാണ്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ സിനിമയിലേക്ക് കൈപിടിച്ച്‌ നടത്തിയ ആള്‍.... 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കൊപ്പം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയില്‍ പാച്ചിക്കാ അഭിനയിച്ചിരുന്നു.

അതിന് ശേഷം ഇപ്പോള്‍, ഒരു കഥാപത്രമായി എനിക്ക് മുഖാമുഖം. ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപി ചേട്ടന്റെ മകന്‍ മുരളി ഗോപി. മറ്റൊരു നടന്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വമായ ഒരു സംഗമം. ഇത് പൂര്‍വകല്‍പ്പിതമാണെന്ന് എന്ന് വിശ്വസിച്ച്‌ അതില്‍ വിസ്മയിക്കാനാണ് എനിക്ക് ഇഷ്ടം.

പൃഥ്വിയുടെ ചലനങ്ങളില്‍ സുകുമാരന്‍ ചേട്ടന്റെ ഒരുപാട് നിഴലുകള്‍ വീണിട്ടുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. സുകുമാരന്‍ ചേട്ടനുമായും പൃഥ്വിയുടെ അമ്മ മല്ലിക ചേച്ചിയുമായും തിരുവനന്തപുരത്ത് ഉള്ള കാലത്ത് തന്നെ എനിക്ക് കുടുംബപരമായ അടുപ്പമുണ്ട്.

മദിരാശിയില്‍ സുകുമാരന്‍ ചേട്ടന്റെ വീട്ടിലായിരുന്നു പാച്ചിക്കാ താമസിച്ചിരുന്നത്. പൃഥ്വിയും ഇന്ദ്രജിത്തും കളിച്ച്‌ നടക്കുന്നത് ക്യമറയിലൂടെയല്ലാതെ തന്നെ കണ്ടയാളാണ് പാച്ചിക്കാ. ജീവിതത്തിലെ ഒരു കാര്യങ്ങളും ഒരു രേഖകളും വെറുതെയാവുന്നില്ല. എവിടെയൊക്കെയോ പരസ്പരം ബന്ധപ്പെടാനായി അവര്‍ യാത്ര തുടരുന്നു. അതെ..

എന്നെ സംബന്ധിച്ച്‌ ഇതിലൊക്കെ അത്ഭുതകരമായ ഒരു കാര്യം, ഏറെ തിരക്കുള്ള, ആരാധകരുള്ള നടനായ പൃഥ്വിരാജ്, അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നതാണ്. ഒരുപാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ ഒരു പാഷനാണ്.

ഏത് വിഷയത്തിലും അത്തരമൊരു താത്പര്യം ഉണ്ടാകുമ്പോള്‍ ചെയ്യുന്നത് ഒരു ജോലിയാവില്ല. ചെയ്യുന്ന ആള്‍ ആ വിഷയമായി മാറും. അയാളില്‍ അപ്പോള്‍ ഒരു പ്രത്യേക ലഹരിയുടെ.. ‘ട്രാൻസി’ന്റെ അംശമുണ്ടാവും. അത്തരക്കാരുമായി സര്‍ഗാത്മകമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഏറെ സുഖകരമായ ഒരു കാര്യമാണ്. ഞാനിപ്പോള്‍ അതാണ് അനുഭവിക്കുന്നത്.

ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്‍വമായിരിക്കാം ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവച്ചിട്ട് സംവിധായകനാകുന്നത്. ഇവിടെ സംവിധായകനില്‍ നടന്‍ കൂടിയുണ്ട്. എന്നിലുമുണ്ട് ഒരു നടന്‍. പക്ഷേ എന്നില്‍ ഒരു സംവിധായകനില്ല.

എന്താണോ എന്റെ നടനായ സംവിധായകന് വേണ്ടത് എന്ന് എന്നിലെ നടന് മനസിലാവണം. എന്നിലെ നടനില്‍ നിന്ന് എന്തെടുക്കണം എന്ന് നടനായ സംവിധായകനും. ആ ഒരു രസതന്ത്രത്തില്‍ എത്തിയാല്‍ ഞങ്ങലെ പോലും അത്ഭുതപ്പെടുത്തുന്ന പിറവികളുണ്ടാവാം. അതിനായാണ് ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച്‌ യാത്ര തുടരുന്നത്. അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ഞാന്‍ നടനെന്ന നിലയില്‍ പൂര്‍ണമായും സമര്‍പ്പിക്കണം... യാതൊരു വിധ അഹന്തകളുമില്ലാതെ.... ഒരുപാട് പേരുടെ പാഷനോടൊപ്പം ഞാനും..

നാല്‍പ്പത് വര്‍ഷത്തിലധികമായി ഞാന്‍ അഭിനയിക്കുന്നു. ഒരിക്കല്‍ ഏതോ ഒരു സിനിമയില്‍ ഒരുപാട് നടന്മാരോടൊപ്പമുള്ള ഒരു ഷോട്ടിനിടെ പെട്ടെന്ന് ഒരു ഓര്‍മ എന്നില്‍ മിന്നല്‍ പോലെ വന്ന് മാഞ്ഞു. എന്റെ മുന്നില്‍ നില്‍ക്കുന്ന മിക്ക നടന്മാരുടെയും.. അവരുടെ അച്ഛന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍, ബിജുമേനോന്‍, സായ്കുമാര്‍, വിജയരാഘവന്‍, പൃഥ്വിരാജും ഇന്ദ്രജിത്തും, മുരളി ഗോപി.. മുകേഷിന്റെ അമ്മയൊടൊപ്പം..

അങ്ങനെയങ്ങിനെ തലമുറകള്‍ ഒഴുകിപ്പോകുന്നു. അതിന്റെ നടുവില്‍ ഒരു നാളം പോലെ അണയാതെ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഈ തലമുറകളെല്ലാം എന്നെ തഴുകി കടന്ന് പോയതാണ്.

ഔഷധവാഹിയായ അരുവിയെ പോലെ സുഗന്ധം നിറഞ്ഞ കാറ്റിനെ പോലെ, അത് ഗുരുത്വമായും കരുത്തായും എന്നിലേക്ക് കുറച്ചൊക്കെ പ്രവഹിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ പുതിയ തലമുറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ വിനീതനാവുന്നു. അവരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്നു. അതിലെ ആനന്ദം രഹസ്യമായി അനുഭവിക്കുന്നു. അതിലൂടെ ഒരു വിസ്മയ ശലഭമായി പറന്ന്.. പറന്ന്.. പറന്ന്.. അങ്ങനെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.