മുട്ടിനോക്കുന്നോ..! യുവതാരങ്ങളെ വെല്ലുവിളിച്ച് മോഹന്‍ലാല്‍; ജിമ്മിലെ ചിത്രം വൈറല്‍
Thursday, May 31, 2018 6:25 PM IST
കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് തുടങ്ങിവെച്ച, പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഏറ്റെടുത്ത ഫിറ്റ് ഇന്ത്യ ചലഞ്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. ആരോഗ്യമുള്ള രാജ്യം ലക്ഷ്യമിട്ട്, റാത്തോഡ് തുടക്കമിട്ട ഈ ചലഞ്ച് ഏറ്റെടുത്തവരില്‍ സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാമുണ്ട്. ഫിറ്റ് ഇന്ത്യ ചലഞ്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വെല്ലുവിളി ഏറ്റെടുത്തവരെല്ലാം തങ്ങളുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചതോടെയാണ് ചലഞ്ച് പെട്ടെന്ന് ശ്രദ്ധ നേടിയത്. ഇപ്പോള്‍ മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാലും ചലഞ്ചിന്‍റെ ഭാഗമായിരിക്കുകയാണ്. ഡംബല്‍ കൈയിലേന്തി ജിമ്മില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്‍റെ പുതിയ ചിത്രം വൈറലായിക്കഴിഞ്ഞു. റാത്തോഡ് തന്നെയാണ് മോഹന്‍ലാലിനെ ചലഞ്ച് ചെയ്തതും.

തന്‍റെ വര്‍ക്കൗട്ട് ചിത്രത്തിനൊപ്പം മൂന്നു യുവതാരങ്ങളെയാണ് അദ്ദേഹം ചലഞ്ച് ചെയ്തത്. സൂര്യ, ജൂണിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരാണവർ. യുവതാരം അല്ലു സിരീഷ് ചലഞ്ചിന്‍റെ ഭാഗമായി ജ്യേഷ്ഠൻ അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍, നാഗചൈതന്യ എന്നിവരെയും ചലഞ്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ചലഞ്ച് ഏറ്റെടുക്കുമെന്നാണ് സിനിമാലോകത്തുനിന്ന് മനസിലാവുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.