"രാമലീലയെ തകർക്കുമെന്ന് പറയുന്നതാണ് യഥാർഥ ഫാസിസം..'
Friday, September 22, 2017 3:10 AM IST
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ പുതിയ സിനിമ രാമലീലയ്ക്കെതിരേ ‌നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരേ തുറന്നടിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ദിലീപ് ജയിലിലായതിന്‍റെ പേരിൽ ഈ സിനിമയ്‌ക്കെതിരായി നിലകൊള്ളുകയും, ഇത് ബഹിഷ്‌കരിക്കണമെന്ന് ആജ്ഞാപിക്കുകയും ഇത് പ്രദർശിപ്പിക്കുന്ന കൊട്ടകകളെ വരെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്തുകയും ചെയ്യാൻ തക്കവണ്ണം ഇവിടത്തെ ചങ്ങലക്കിടാത്ത "സാംസ്കാരികവും സദാചാരപരവുമായ" ഭ്രാന്ത് മൂത്തിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ആരോപിതൻ അഴികൾക്കുള്ളിലാണ്. നിയമം കൃത്യമായി അതിന്‍റെ ജോലിയും ചെയ്യുന്നു. പക്ഷെ, അത് മാത്രം പോരാ, ഇക്കൂട്ടർക്ക്. അതിന്‍റെ പേരിൽ കഴിയുന്നത്ര പേരെ നശിപ്പിക്കണം, കഴിയുന്നത്ര ജീവിതങ്ങൾ താറുമാറാകണം, ഒരുപാട് പേര് കരയണം, അതാണ് ഉദ്ദേശമെന്നും ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതത്തിൽ നിന്നാണ് ആ ഉദ്ദേശം ഉടലെടുക്കുന്നതെന്നും മുരളി ഗോപി പറയുന്നു.

ആറ്റുനോറ്റ് ആദ്യ സിനിമ ചെയ്യുന്ന ഒരു സംവിധായകൻ ഉണ്ട് ഈ സിനിമയ്ക്ക്. ആ ഒരു കാരണം മതി ഈ സിനിമയെ താങ്ങി സംസാരിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ കാണണമോ കാണണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഈ നാട്ടിലെ ഓരോ പൗരന്‍റെയും സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. എന്നാൽ, ഇത് എന്തുവന്നാലും കാണരുത്; കാണാൻ ശ്രമിച്ചാൽ കാണിക്കില്ല എന്ന് പറയുന്നത് ഫാസിസമാണെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കടുംകൈയാണ് ഇതെന്നും മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നവാഗത സംവിധാ‍യകൻ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല 28നാണ് തീയറ്ററുകളിലെത്തുന്നത്. ടോമിച്ചൻ മുളകുപാടമാണ് ബിഗ് ബജറ്റിൽ ചിത്രം നിർമിച്ചത്.

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.