സർവകലാശാല സംശയങ്ങള്: NBA അക്രഡിറ്റേഷൻ
കേരളത്തിലെ ചില എൻജിനിയറിംഗ് കോളജുകളുടെ പരസ്യങ്ങളിൽ NBA അക്രഡിറ്റഡ് എന്നു കാണാറുണ്ട്. എന്താണ് NBA അക്രഡിറ്റേഷൻ? NBA അക്രഡിറ്റഡ് ഉള്ള കോളജുകളിൽ പഠിക്കുന്നതുകൊണ്ട് മേന്മകൾ എന്തെങ്കിലുമുണ്ടോ?
ജോർജ് സാമുവൽ ചെറുപുഴ, കണ്ണൂർ.
നമ്മുടെ രാജ്യത്തെ എൻജിനിയറിംഗ്/ മാനേജ്മെന്റ്/ ഫാർമസി/ ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ പ്രോഗ്രാമുകൾക്ക് അക്രഡിറ്റേഷൻ നൽകുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അക്രഡിറ്റേഷൻ ബോഡിയാണ് എൻബിഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ.
രാജ്യത്തെ എൻജിനിയറിംഗ്/ മാനേജ്മെന്റ്്/ ഫാർമസി/ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ സ്റ്റാറ്റ്യൂട്ടറി ബോഡിയായ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (AICTE) 1994ൽ ആരംഭിച്ചതാണ് എൻബിഎ. 2010ൽ എൻ ബിഎ സ്വയംഭരണാധികാരമുള്ള സ്ഥാപനമായി മാറ്റപ്പെട്ടു.
എൻബിഎയുടെ പ്രധാന ലക്ഷ്യങ്ങൾ
1. രാജ്യത്തെ ടെക്നിക്കൽ എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളുടെ നിലവാരം നിശ്ചയിക്കുക. നിലവാരം നിശ്ചയിക്കുന്നതിന് കൃത്യവും ശാസ്ത്രീയവുമായ ടൂളുകളും മറ്റ് അനുബന്ധ വിലയിരുത്തൽ നിയമങ്ങളും രൂപീകരിക്കുക.
2. ടെക്നിക്കൽ/ മാനേജ്മെന്റ്്/ ഫാർമസി/ ട്രാവൽ ആൻഡ് ടൂറിസം എന്നിവ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ എക്സലൻസ് തിട്ടപ്പെടുത്തി വിദേശത്തും സ്വദേശത്തും ഇത്തരം കോഴ്സുകളുടെ പ്രാധാന്യത്തെ മനസിലാക്കിക്കൊടുക്കൽ.
3. ടെക്നിക്കൽ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഇൻഡസ്ട്രിയുമായി ബന്ധമുള്ള ടെക്നിക്കൽ പഠനത്തിനു ഗുണഭോക്താക്കളായി മാറുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങൾക്കൂടി ആരാഞ്ഞ് അവയെ മികവുള്ളതാക്കുക.
പൊതുവെ പറഞ്ഞാൽ സാങ്കേതികവിദ്യ പഠനരംഗത്തും മാനേജ്മെന്റ്/ഫാർമസി സയൻസ്/ ട്രാവൽ ആൻഡ് ടൂറിസം പഠന മേഖലയിലും സംഭവിച്ചിട്ടുള്ള ഗുണനിലവാര തകർച്ച മനസിലാക്കി പൊതുജനങ്ങളെ അതു ബോധ്യപ്പെടുത്താൻ കഴിയുംവിധം ഇത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന ഏത് സ്ഥാപനങ്ങളാണ് നിലവാരം ഉള്ളത് എന്ന് നിശ്ചയിച്ചു കൊടുക്കലാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എൻബിഎ അക്രഡിറ്റേഷൻ എന്നു പറയുന്നത് ഒരു സ്ഥാപനത്തിനു കിട്ടുന്ന അക്രഡിറ്റേഷനല്ല, മറിച്ച് ആ സ്ഥാപനത്തിൽ ഓഫർ ചെയ്യുന്ന എൻജിനിയറിംഗ്, മാനേജ്മെന്റ്, ഫാർമസി, ആർക്കിടെക്ചർ, അപ്ലൈഡ് ആർട്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ് പോലുള്ള പ്രോഗ്രാമുകളിൽ ഡിപ്ലോമ/ബിരുദ/ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഓരോന്നോരോന്നായി ലഭിക്കുന്ന അക്രഡിറ്റേഷൻ ആണ്.
ഈ അക്രഡിറ്റേഷൻ ലഭിക്കുന്നതോടെ സ്ഥാപനം ഓഫർ ചെയ്യുന്ന പ്രോഗ്രാമിന് ഉയർന്ന നിലവാരവും മേന്മയും ഉണ്ട് എന്നാണ് സൂചന.
ഇതുപ്രകാരം ഒരു സ്ഥാപനത്തിലെ ഏതെങ്കിലും മുകളിൽ സൂചിപ്പിച്ച പ്രോഗ്രാമുകൾക്ക് എൻബിഎ അക്രഡിറ്റേഷൻ ഉണ്ട് എന്ന് പരസ്യം കണ്ടാൽ പ്രസ്തുത പ്രോഗ്രാം അന്തർദേശീയ നിലവാരത്തിലുള്ളതാണെന്ന കാര്യം ഉറപ്പായി. ഇത്തരം അക്രഡിറ്റേഷൻ നേടിയിട്ടുള്ള പ്രോഗ്രാമുകളാണ് ഒരാൾ പഠിച്ചു പാസായിട്ടുള്ളതെങ്കിൽ, ലോകത്തിലെ വിവിധങ്ങളായ രാജ്യങ്ങളിൽ ഉപരിപഠനത്തിനും തൊഴിലിനുമായി ശ്രമം നടത്തുമ്പോൾ, ഇവർക്ക് മുൻഗണനയും പരിഗണനയും ലഭിക്കും.
2030 ആകുമ്പോഴേക്കും നമ്മുടെ രാജ്യത്തെ എല്ലാ സാങ്കേതിക വിദ്യ/ മാനേജ്മെന്റ് പഠന പ്രോഗ്രാമുകൾ എൻബിഎ അക്രഡിറ്റേഷൻ നേടുന്നതിനുള്ള നിർദേശങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ആരംഭിക്കാൻ എൻജിനിയറിംഗ്/ മാനേജ്മെന്റ് കോളജുകൾക്ക് കേന്ദ്രസർക്കാർ വാക്കാൽ നിർദേശം നൽകി കഴിഞ്ഞു.
ഇത്തരത്തിൽ എൻബിഎ അക്രഡിറ്റേഷൻ നേടിയിട്ടുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ വിദ്യാർഥി നേടുമ്പോൾ അവർക്കു ലഭിക്കുന്ന സർട്ടിഫിക്കറ്റ് എൻ ബിഎ അക്രഡിറ്റേഷൻ ഉള്ള സർട്ടിഫിക്കറ്റ് ആയിരിക്കും. ഇതാണ് എൻബിഎ അക്രഡിറ്റഡ് ഡിഗ്രി എന്നതുകൊണ്ട് അർഥമാക്കുന്നത്.