University News
ഇ-ലേണിംഗ് പുരസ്കാരം ഏറ്റുവാങ്ങി
തേഞ്ഞിപ്പലം: സംസ്ഥാന സർക്കാരിന്‍റെ ഇലേണിംഗ് പുരസ്കാരം കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീറും ഇഎംഎംആർ.സി ഡയറക്‌ടർ ഡി.ദാമോദർ പ്രസാദും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് ദർബാർ ഹാളിലായിരുന്നു അവാർഡ്ദാന ചടങ്ങ്. 201415 വർഷങ്ങളിൽ നിർമിച്ച് അവതരിപ്പിച്ച മൾട്ടിമീഡിയ പഠനോപാധികളുടെ ഉള്ളടക്കവും നിർമാണ പ്രക്രിയകളും വിലയിരുത്തിയാണ് കാലിക്കട്ട് സർവകലാശാലയിലെ ഇഎംഎംആർസിയെ (എഡ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്‍റർ) സംസ്ഥാന സർക്കാരിന്‍റെ 2015ലെ ഇലേണിംഗ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. വിദ്യാർഥികൾക്കും വിജ്ഞാന തൽപ്പരരായ മറ്റുള്ളവർക്കും പ്രയോജന പ്രദമായ രീതിയിലാണ് ഇവ വെബ്കാസ്റ്റ് ചെയ്യുന്നത്.

കേന്ദ്ര ഐടി വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.അരുണ സുന്ദർരാജ് സംസ്ഥാന ഐ.ടി സെക്രട്ടറി എം.ശിവശങ്കർ, ഐടി ജേർണലിസ്റ്റ് ആനന്ദ് പാർഥസാരഥി ഐഐഐടി. എം.കെ. ഡയറക്‌ർ, ഐടി മിഷൻ ഡയറക്‌ടർ, നാസ്കോം പ്രതിനിധി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

ത്രിദിന അന്താരാഷ്ട്ര നൂർസി പഠന സമ്മേളനം സമാപിച്ചു

തേഞ്ഞിപ്പലം: അറിവ് ആയുധമാക്കിയ സമൂഹങ്ങളാണ് ചരിത്രത്തിലെ എല്ലാ ഘട്ടങ്ങളിലും ലോകത്തെ നയിക്കുന്നതെന്ന് തുർക്കി സ്പീക്കറുടെ ഉപദേഷ്‌ടാവ് ഡോ.അഹമ്മദ് എൽദിസ് പറഞ്ഞു. കാലിക്കട്ട് സർവകലാശാലയിൽ ത്രിദിന അന്താരാഷ്‌ട്ര നൂർസി പഠന സമ്മേളനത്തിൽ സമാപന പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്പെയിനിലെ ഇസ്ലാമിക് സാമ്രാജ്യത്തിന്‍റെ പതനത്തിന് ശേഷം അറബ് മുസ്ലിം ലോകത്ത് അറിവിന് നൽകിയ പ്രാധാന്യം കുറഞ്ഞു. അതിനാലാണ് ചരിത്രപരമായ തിരിച്ചടികൾ നേരിടേണ്ടിവന്നത്. ജ്ഞാനത്തിന്‍റെ മണ്ഡലത്തിലേക്ക് തിരിച്ചുപോവുകയാണ് ഇതിന് പരിഹാരമെന്ന് ഡോ.അഹമ്മദ് എൽദിസ് പറഞ്ഞു.വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ മുഖ്യാതിഥിയായിരുന്നു. മലേഷ്യൻ ഇന്‍റർനാഷണൽ സർവകലാശാലയിലെ അബ്ദുള്ള അൽമഹ്‌മൂദ്, മദ്രാസ് സർവകലാശാലയിലെ പ്രഫ.ജാഹിർ ഹുസൈൻ, ധാക്ക സർവകലാശാലയിലെ ഡോ.കമാലുദ്ദീൻ, ഡോ.അബ്‌ദുൾ മജീദ്, ഡോ.എൻ.എ.എം.അബ്‌ദുൾ ഖാദർ, ഡോ.എ.ബി.മോയ്തീൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
More News