അറിവ് എന്ന മൂല്യം
അറിവ് എന്ന മൂല്യം
സിദ്ധാന്തങ്ങൾ നരച്ചുപോയി, ഹരിതഭൂയിഷ്ഠമാണ്, പക്ഷേ, ജീവിതം (Theories are grey, but life is green) എന്ന ചൊല്ല് ഉദ്ധരിച്ച് മേനി കൊള്ളുന്നവർ അനേകരുണ്ട്. ജീവിതവും അതു വിളമ്പിനിരത്തുന്ന വിഭവങ്ങളും ചെലുത്താനാകുന്നത്ര ചെലുത്തി രസിച്ചാൽ മതി, വീണ്ടുവിചാരത്തിന്റെ വിലക്കുകൾക്കു കാതുകൊടുക്കേണ്ടതില്ല എന്നാണ് ആ വാക്യത്തിന്റെ നേരെയുള്ള അർത്ഥം. സാഹിത്യകൃതികളുടെ പാരായണാനുഭവത്തിൽ മുഴുകിയാൽ മതി സാഹിത്യവിമർശനത്തിന്റെയോ സാഹിത്യസിദ്ധാന്തങ്ങളുടെയോ കുഴപ്പം പിടിച്ച ലോകത്തിൽ മനസ്സിനെ മേയാൻ വിട്ട് പുലിവാലു പിടിക്കാൻ നോക്കേണ്ടതില്ല എന്നു വിശേഷാൽ അർത്ഥാന്തരത്തിലേക്കു കടക്കുന്നവരാണു ചിലർ. മലയാളത്തിലെ അതിപ്രശസ്തനായ ഒരു വിമർശകൻ ഒരു പ്രബന്ധം ആരംഭിക്കുന്നത് ഈ വാക്യം ഉദ്ധരിച്ചുകൊണ്ടാണ്; മറ്റൊരു പ്രഗല്ഭൻ ഇതേ വാക്യം ഒരു പ്രസംഗത്തിൽ ഉദ്ധരിക്കുകയും അതിന് ആധികാരികത വരുത്താൻ തനിക്കു തീരെ നിശ്ചയമില്ലാത്ത ഒരു കാര്യം ചേർത്തു പറയുകയും ചെയ്തതിന് ഇതെഴുതുന്നയാൾ ഒന്നാം സാക്ഷി. അടുത്ത കാലത്ത് മറ്റൊരു പണ്ഡിതസുഹൃത്ത് ഇതേ വാക്യം ഉദ്ധരിച്ചു കണ്ടപ്പോൾ ഞാൻ നടുങ്ങുകതന്നെ ചെയ്തു!

ജർമൻ മഹാകവി ഗൊയ്ഥെയുടേതായിട്ടാണ് എല്ലാവരും ഈ വാക്യം ഉദ്ധരിച്ചു തങ്ങളുടെ പ്രാമാണികത്വം സമർത്ഥിക്കുന്നത്. തീർത്തും അസത്യമാണു കാര്യം എന്നു പറയാവതല്ല. ഗൊയ്ഥെയുടെ ഒരു കൃതിയിൽ ഉള്ളതാണ് ആ വാക്യം. പക്ഷേ, ആ കൃതി ഒരു നാടകമാണ് – ഫോസ്റ്റ്. നാടകത്തിൽ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റേതായി പ്രത്യക്ഷപ്പെടുന്ന വാക്യം നാടകകൃത്തിന്റേതായി ഉദ്ധരിക്കുമ്പോൾ നൂറുവട്ടം ശ്രദ്ധിക്കണമെന്നു പറയാൻ സാഹിത്യം പഠിക്കണമെന്നില്ല. അല്ലെങ്കിലും വക്‌താവ്, ശ്രോതാവ്, പ്രകരണം എന്നിങ്ങനെ എന്തെല്ലാം പരിഗണിച്ചു വേണം അർത്ഥനിർണ്ണയം ചെയ്യാൻ എന്നല്ലോ ഭാഷയെ സംബന്ധിക്കുന്ന പ്രാഥമികതത്ത്വങ്ങളിൽ ഒന്ന്. ഈ പരിഗണന വല്ലതും ഉണ്ടായിട്ടുണ്ടോ ഈ ഉദ്ധരണികൾക്കു പിന്നിൽ? ഫോസ്റ്റു വായിച്ച ബലത്തിലല്ല നമ്മുടെ പണ്ഡിതന്മാർ ഈ വാക്യം ഉദ്ധരിച്ചതെന്നു തീർച്ചയാണ്. അവരാരും ഫോസ്റ്റു വായിച്ചിട്ടുണ്ടാകില്ല എന്നല്ല ഞാൻ അർത്ഥമാക്കുന്നതെന്ന് എടുത്തുപറയട്ടെ. സാഹിത്യത്തിൽ സാമാന്യകൗതുകമെങ്കിലുമുള്ള ആർക്കാണ് വിശ്വപ്രഥിതമായ ആ കൃതി മാറ്റി വയ്ക്കാൻ കഴിയുക! പക്ഷേ, കൃതിയുടെ വായനയിൽനിന്നല്ല ഉദ്ധരണിയുടെ പുറപ്പാടെന്നു തീർച്ച. ആയിരുന്നെങ്കിൽ പുറപ്പെട്ടിടത്തുവച്ചുതന്നെ അതു തടയപ്പെടുമായിരുന്നു. ചതി പറ്റിച്ചത് ഏതോ സായിപ്പാണെന്നു തോന്നുന്നു. സായിപ്പിനു തെറ്റുപറ്റുകയില്ലെന്നാണല്ലോ നമ്മുടെ കൊളോണിയൽ മനസ്സിന്റെ ഉറപ്പ്. ആദിപാപത്തിന്റെ അവകാശം ആർക്കെന്ന് ഉറപ്പിക്കാൻ വഴി കാണുന്നില്ല. എന്തായാലും ഈ പൂർവ്വപിതാവിന് അനന്തരാവകാശികൾ വേറെയും ഉണ്ടെന്ന് ബർട്രന്റ് റസ്സൽ സൂചിപ്പിക്കുന്നു. നമ്മുടെ വിഹിതം കുറഞ്ഞുപോകാതെ കാത്തതിനു നമ്മുടെ പണ്ഡിതന്മാരോടു നാം നന്ദിയുള്ളവരായിരിക്കുക.

ഫോസ്റ്റിലെ മെഫിസ്റ്റോഫിലിസ് എന്ന കഥാപാത്രം പറയുന്നതാണ് ഈ വാക്യം. മെഫിസ്റ്റോഫിലിസ് നാടകത്തിലെ ചെകുത്താനാണ്. ജീവിതത്തിലെ ലളിതസൗഖ്യങ്ങളെല്ലാം ഉപേക്ഷിച്ച് സത്യാന്വേഷണത്തിന്റെ ക്ലിഷ്ടപഥങ്ങളിൽ കാൽവയ്ക്കാൻ തീരുമാനിച്ച ഫോസ്റ്റിനെ അതിൽനിന്നു പിന്തിരിപ്പിച്ചു ഭോഗങ്ങളുടെ ചെളിക്കുത്തിൽ പുളയ്ക്കുന്ന പന്നിക്കുട്ടനാക്കാൻ ഈ ചെകുത്താൻ മുന്നോട്ടു വയ്ക്കുന്ന പ്രലോഭനങ്ങളുടെ മുഖവുരയാണ് ‘സിദ്ധാന്തങ്ങൾ നരച്ചു പോയി, ഹരിതഭൂയിഷ്ഠമാണ്, പക്ഷേ, ജീവിതം’ എന്ന വാക്യം. ശ്രേയോമാർഗ്ഗത്തിൽ പദമൂന്നിയവരെ പ്രേയസ്സുകളുടെ മായികസൗന്ദര്യവും മാധുര്യവും വച്ചു നീട്ടി പ്രലോഭിപ്പിക്കുകയാണല്ലോ ചെകുത്താന്റെ ജോലി. ദൈവികമായ എന്തും പരിപാലിക്കാൻ മനഃപൂർവ്വമായ ശ്രമം വേണം. മിഥ്യാമോഹങ്ങളുടെ മയൂരലാസ്യങ്ങളോടു വിടചൊല്ലി മനസ്സിനെ ഏകാഗ്രമാക്കി വിദൂരതയിലെവിടെയോ ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിക്കാനാകാത്ത, സന്ദിഗ്ധതയുടെയും ധർമ്മസങ്കടങ്ങളുടെയും നൈരന്തര്യംകൊണ്ട് വേട്ടയാടുന്ന, ഗ്രാഹ്യസ്‌ഥാനത്തെ നിഷ്ഠവിടാതെ ലക്ഷ്യം വച്ചു ജീവിക്കണമെങ്കിൽ ഉലയാൻ അനുവദിക്കാത്ത വിശ്വാസസൈ്‌ഥര്യം വേണം; ആ സൈ്‌ഥര്യത്തിനു കാവൽ നിൽക്കുന്ന ഐശ്വര്യമായ കൃപയും വേണം. മദിപ്പിക്കുന്ന ഇന്ദ്രിയമോഹങ്ങളിൽ ഊയലാടാൻ ഇതൊന്നും വേണ്ടാ. സത്യാന്വേഷണത്തിനു തിരിക്കുന്നവരെ നിർദ്ദയമായ ശാസനകൾ വിലക്കിക്കൊണ്ടിരിക്കും, ഭോഗജീവിതത്തിന്റെ ലഹരിയിൽ വീഴുന്നവരെ പൊതിയുന്നത് ഘോഷമേറിയ പ്രോത്സാഹനങ്ങൾ; അവൻ കേൾക്കുന്നത് ഒന്നാംതരം ചാടുവാക്കുകൾ!

ഫോസ്റ്റ് ഈ ചാടുവാക്കുകളിൽ മയങ്ങിവീഴുകതന്നെ ചെയ്തു. അയാൾ സത്യാന്വേഷണത്തിന്റെ വഴിവിട്ടു. ആലോചന വേണ്ടെന്നു പറയുന്നതിനേക്കാൾ പഥ്യമായ വാക്ക് ഏതുണ്ട്?

മനുഷ്യന്റെ മുമ്പിൽ എന്നും ഈ പ്രലോഭനം ഉണ്ടായിരിക്കും എന്നു കാണിക്കുകകൂടിയല്ലേ മനുഷ്യപുത്രനു നേരിടേണ്ടിവന്ന പരീക്ഷകളുടെ വിവരണത്തിന്റെ ലക്ഷ്യം? നാല്പതുനാളുകൾ മരുഭൂമിയിൽ ഉപവാസമനുഷ്ഠിച്ചു ദൈവസാന്നിദ്ധ്യത്തിന്റെ നിറവനുഭവിച്ച് തന്റെ ദൗത്യമെന്ത്, താൻ നടക്കേണ്ട വഴിയെന്ത് എന്നു ഉറപ്പുവരുത്തി കർമ്മവീഥിയിലേക്ക് ഇറങ്ങാൻ ആയുമ്പോഴാണ് ചെകുത്താൻ ഹിതവചനം ഉതിർത്തുകൊണ്ട് എത്തിയത്! നന്നേ വിശപ്പു തോന്നുന്നില്ലേ, എന്തിന് ഇതു സഹിക്കുന്നു, ഇക്കാണായതൊക്കെ നിന്റെ മുമ്പിൽ വിളമ്പിവച്ചിരിക്കുന്ന വിഭവങ്ങളല്ലേ എന്നാണ് അവന്റെ ചോദ്യം. ആ പരീക്ഷണത്തിന്റെ കഥ വിവരിക്കേണ്ടതില്ല; ദൈവപുത്രൻ അതിനെ അതിജീവിച്ചു. അതിനുള്ള ആത്മബലം അവനു കൃപയായി ലഭിച്ചിരുന്നു; ദൈവവചനത്തിന്റെ കവചം അവൻ ധരിച്ചിരുന്നു.


അവ ഇല്ലാത്തതുകൊണ്ടാണ് ഫോസ്റ്റു വീണുപോയത്. പക്ഷേ, വീണുപോയാലും വീണ്ടെടുപ്പു നിഷേധിക്കപ്പെട്ടവനല്ല മനുഷ്യൻ എന്ന സത്യവും ഫോസ്റ്റ് ഉദാഹരിക്കുന്നു.

പ്രലോഭനം എന്ന നിലയ്ക്കല്ല, താക്കീത് എന്ന നിലയിൽ ഈ വെളിച്ചത്തിലേക്ക് ഉണരാൻ പ്രേരിപ്പിക്കുന്ന കഥയാണ് കഠോപനിഷത്തിന്റെ ഉപോദ്ഘാതം. നചികേതസ് ധർമ്മദേവന്റെ കൊട്ടാരത്തിലെത്തിയത് പാര്യന്തികസത്യമെന്ത് എന്ന അലട്ടുന്ന ചോദ്യവുമായാണ്. ചെന്നപ്പോൾ ധർമ്മദേവൻ സ്‌ഥലത്തില്ല. പക്ഷേ, നചികേതസ്സ് പിൻമാറാൻ ഒരുക്കമല്ല. അടക്കിയാൽ അടങ്ങാത്ത ചോദ്യവുമായാണ് താൻ എത്തിയിരിക്കുന്നത്. ഇവിടെനിന്നല്ലാതെ മറ്റെവിടെനിന്നെങ്കിലും ഉത്തരം കിട്ടും എന്നു പ്രതീക്ഷിക്കാനുമില്ല!

അങ്ങനെ കാത്തിരിപ്പ്. മൂന്നാംനാളിലാണ് ധർമ്മദേവന്റെ മടങ്ങിവരവ്. അദ്ദേഹം കുറച്ചൊന്ന് അമ്പരക്കുക തന്നെ ചെയ്തു. സത്കരിക്കപ്പെടാത്ത അതിഥി വീടിനു പിടിച്ച തീയാണെന്നാണ് പ്രമാണം. അതുകൊണ്ടു നചികേതസ്സിന്റെ ആവശ്യമെന്തും നിറവേറ്റാൻ ദേവൻ സന്നദ്ധനായി. ഈ സന്നദ്ധതയുടെ മുമ്പിൽ അതിഥി തന്റെ ഇംഗിതം വെളിപ്പെടുത്തി: ‘‘ദേവ, മരിച്ചവനെക്കുറിച്ച് അവൻ ഉണ്ടെന്നു ചിലരും ഇല്ലെന്നു മറ്റു ചിലരും പറയുന്നു. ഇതിന്റെ സത്യമെന്തെന്ന് പറഞ്ഞുതന്നാലും. എനിക്ക് ഇതറിഞ്ഞാൽ മാത്രം മതി; മറ്റൊന്നും വേണ്ട.’’ ഈ ആവശ്യത്തിന്റെ മുമ്പിൽ ധർമ്മദേവൻ കുഴഞ്ഞുപോയി. ആത്മാവിനെക്കുറിച്ചുള്ള പരമസത്യം വെളിപ്പെടുത്തിത്തരൂ എന്നാണ് ആവശ്യം. എങ്ങനെ സാദ്ധ്യമാക്കും? അദ്ദേഹം മെല്ലെ മൊഴിഞ്ഞു: ‘‘ദേവന്മാർക്കുപോലും അജ്‌ഞാതമായ രഹസ്യമാണ് നീ ചോദിക്കുന്നത്. അതു വെളിപ്പെടുത്തുക അസാദ്ധ്യം. പകരം ഞാൻ നിനക്ക് എന്തും തരും. സപ്തസാഗരങ്ങൾ ചൂഴുന്ന ഊഴി നിനക്കു നല്കും. ഈ രത്നഗർഭയുടെ വിഭൂതികൾ മുഴുവൻ നിന്റെ മുമ്പിൽ കൂമ്പാരമായി കൂട്ടാം, അപ്സരോരമണികളെ അധിക്കരിക്കുന്ന സൗന്ദര്യത്തിടമ്പുകൾ അയുതം നിനക്കു പാദസേവ ചെയ്യും. ഇതെല്ലാം സ്വീകരിച്ച് ഈ ചോദ്യത്തിൽനിന്ന് എന്നെ മുക്‌തനാക്കിയാലും.’’ അക്ഷോഭ്യനായിരുന്നു നചികേതസ്സ്. അവൻ മറുപടി പറഞ്ഞു: ‘‘ദേവാ, ഞാൻ ശ്രേയോമാർഗ്ഗത്തിൽ പദമൂന്നിയവൻ, ഈ പ്രേയസ്സുകൾ എന്നിൽ ചാഞ്ചല്യമുളവാക്കുകയില്ല.’’... ഇത് സത്യാന്വേഷിയുടെ അചഞ്ചലനിഷ്ഠയാണ്. ഈ നിഷ്ഠ ഉലഞ്ഞാൽ വീണു. വീഴുന്നത് ചെളിക്കുത്തിലേക്കാണ്. ആദ്യമൊന്നും അത് അറിയുകയില്ലെന്നു മാത്രം.

സിദ്ധാന്തങ്ങൾ നരച്ചു; പച്ചപ്പുകെടാതെ ആസ്വാദ്യമായ സുഖങ്ങൾ വിളമ്പി സത്കരിക്കാൻ ഒരുങ്ങിനില്ക്കുന്ന ജീവിതത്തെ ഉപേക്ഷിക്കാൻ അവയുടെ പിന്നാലെ അലയുന്നത് ശുദ്ധഭോഷ്ക്ക് എന്ന് പ്രലോഭിപ്പിക്കുന്ന ശക്‌തിയാണു ചെകുത്താൻ!

മനുഷ്യന്റെ മുമ്പിൽ എന്നും ഉള്ളതാണ് ഈ ദ്വന്ദം – ദൈവത്തിന്റെയും സാത്താന്റെയും ദ്വന്ദം. ആരുടെ വഴിയേ പോകണം എന്നതു തിരഞ്ഞെടുപ്പിന്റെ പ്രശ്നമാണ്. പക്ഷേ, തിരഞ്ഞെടുക്കുമ്പോഴാണ്, തിരഞ്ഞെടുപ്പിന്റെ അവകാശവും ഉത്തരവാദിത്വവും നിറവേറ്റുമ്പോഴാണ്, മനുഷ്യൻ ജൈവലോകത്തിലെ ഉയർന്നശ്രേണിയിലേക്കു കടക്കുന്നത്. അജ്‌ഞാതമായതിനെയെല്ലാം വെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള പ്രേരണ തീർച്ചയായും മനുഷ്യപ്രകൃതിയിൽ അന്തർഭവിച്ചിട്ടുണ്ട്. ആ പ്രേരണയുടെ പിന്നിൽ പ്രയോജനാപേക്ഷപോലും വർത്തിക്കുന്നില്ല. ജീവൻപോറ്റാൻ വേണ്ടത്ര അറിയാനുള്ള അനുഗ്രഹം എല്ലാ ജീവികൾക്കും ദൈവം കനിവോടെ നല്കിയിട്ടുണ്ട്. എവിടെയാണ് വെള്ളമുള്ളത്, അവിടെ എത്താൻ ഏതു വഴിയാണു പോകേണ്ടത് എന്നു വൃക്ഷത്തിന്റെ വേരുകളെ പഠിപ്പിക്കാൻ ഒരു പാഠശാലയും തുറന്നു വച്ചിട്ടില്ല. എന്നിട്ടും ഏതു നിദാഘശിലയെയും തുരന്നുപോകാൻ അതിനു കഴിയുന്നു. ജൈവപ്രകൃതിയിൽ ഓരോന്നിനും ഒത്തവിധം ഈ വൈഭവം ജന്മനാ സിദ്ധിച്ചിരിക്കുന്നു. എന്നാൽ, മനുഷ്യനുമാത്രം ജീവിച്ചുപോകലിൽ ജീവിതം അവസാനിക്കുന്നില്ല. അവന്റെ അറിവിന്റെ സീമ നിശ്ചയിക്കാൻ ജീവിക്കാൻ വേണ്ടതോ വേണ്ടാത്തതോ എന്ന ചിന്തയ്ക്ക് അവകാശമില്ല. അതുകൊണ്ടാണ് ‘ജിജ്‌ഞാസ’ മനുഷ്യനു മാത്രമേയുള്ളൂ എന്ന് സ്പാനിഷ് ചിന്തകനായ ഉനാമുനോ എഴുതിയത്. ജിജ്‌ഞാസ അറിയാനുള്ള ആഗ്രഹമാണ്; അറിയും വരെ, ഏതു പ്രഹേളികയുടെയും കുരുക്കഴിയുംവരെ, ഉറക്കമില്ല എന്ന പൊറുതികേടാണ്. ജ്‌ഞാനത്തെ മൂല്യമാക്കുന്നത് ഈ ദിവ്യമായ അസ്വാസ്‌ഥ്യമാണ്. ആ അസ്വാസ്‌ഥ്യമാണ് മനുഷ്യനാണെന്നതിന്റെ ഉറപ്പ്. അത് ഇര പിടിക്കാനുള്ള വൈഭവമല്ല; സത്യത്തിന്റെ ദീപ്തമുഖം കാണുംവരെ സ്വസ്‌ഥതയില്ല എന്ന മനുഷ്യത്വത്തിന്റെ ദിവ്യമായ ഭ്രാന്താണ്.

നരച്ച സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വേവലാതി ഉപേക്ഷിച്ച് ജീവിതം ഒരുക്കിവച്ചിരിക്കുന്ന സുഖങ്ങൾ ആവോളം ആസ്വദിച്ചുകൊള്ളൂ എന്നു പറഞ്ഞുവരുന്നവൻ ആരായാലും അവൻ ചെകുത്താന്റെ അവതാരമാണെന്ന് അറിയുന്നതാണ് വിവേകം – മാനുഷികമായ വിവേകം. പക്ഷേ, ആസക്‌തികളെ പെരുപ്പിച്ച് അതിൽ വീണ് ആത്മാവു നഷ്ടപ്പെടുത്തുന്നതാണ് ജീവിതസാഫല്യം എന്നു ഘോഷിക്കുന്ന ചെകുത്താന്റെ യുഗത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്!

പ്രഫ. എം. തോമസ് മാത്യു

useful_links
story
article
poem
Book