ലോകത്തെ നടുക്കിയ ചെർണോബിൽ ദുരന്തത്തിനു ചൊവ്വാഴ്ച 30 വയസ്
ലോകത്തെ നടുക്കിയ ചെർണോബിൽ ദുരന്തത്തിനു ചൊവ്വാഴ്ച 30 വയസ്
1986 ഏപ്രിൽ 26 സോവിയറ്റ് യൂണിയനിലെ യൂക്രെയ്ന് ഒരിക്കലും മറക്കാനാവില്ല. ചെർണോബിൽ ആറ്റമിക് പ്ലാന്റിലെ സുരക്ഷാ പരിശോധനയ്ക്കിടെ നാലാം റിയാക്ടർ പൊട്ടിത്തെറിച്ചത് ആണവചരിത്രത്തിലെ കറുത്ത നാഴികക്കല്ലായിരുന്നു. ലോകത്തെ നടുക്കിയ ആണവദുരന്തമുണ്ടായിട്ട് നാളെ മൂന്നു പതിറ്റാണ്ട് തികയുകയാണ്. വലിയൊരു ഞെട്ടലിൽനിന്നു മാറി, ഒഴിപ്പിക്കലിനു സർക്കാർ നിർദേശം നല്കിയത് 36 മണിക്കൂറുകൾക്കു ശേഷം. അപ്പോഴേക്കും വലിയൊരു വിഭാഗം ജനതയിലേക്ക് ദുരന്തത്തിന്റെ വികിരണങ്ങൾ വ്യാപിച്ചിരുന്നു.

പിന്നീട് 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു പ്രധാന കാരണമായത് ചെർണോബിൽ ദുരന്തമാണെന്നാണ് ഇവിടത്തെ ആളുകളുടെ വിശ്വാസം. സ്ഫോടനത്തിൽ 31 പേർ മാത്രമാണു മരിച്ചതെങ്കിലും അണുവികിരണങ്ങളുടെ ശക്‌തിയിൽ കാൻസറും അനുബന്ധ അസുഖങ്ങളും ബാധിച്ചു മരിച്ചത് പതിനായിരങ്ങളാണ്. ദുരന്തത്തിനു ശേഷം 1,15,000 പേർ കാൻസർ ബാധിച്ചു മരിച്ചുവെന്ന് ഗ്രീൻപീസ് സംഘടന പറയുന്നെങ്കിലും ലോകാരോഗ്യസംഘടനയുടെ കണക്കിൽ ഇത് 9,000 മാത്രമാണ്.
തൈറോയിഡ് കാൻസറും ജനിതക വൈകല്യവും മാനസികത്തകരാറും തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ദുരന്തം യുക്രെയ്ൻ ജനതയ്ക്കു സമ്മാനിച്ചത്. കുട്ടികളെയാണ് തൈറോയിഡ് കാൻസർ സാരമായി ബാധിച്ചത്. അയഡിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പായ അയഡിൻ 131നെ മുതിർന്നവർക്ക് പ്രതിരോധിക്കാൻ കഴിയുന്നതിനാൽ കാൻസർ തീവ്രതയുടെ വ്യാപ്തി കുറഞ്ഞു.

വർഷം 30 തികയുമ്പോഴും ചെർണോബിൽ പഴയ പ്രതാപത്തിലെക്ക് തിരിച്ചെത്തിയിട്ടില്ല. ചെർണോബിൽ റിയാക്ടറിന്റെ 30 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഇന്നും അതീവ അപകടമേഖലയാണ്. ഇവിടെ വ്യാപിക്കപ്പെട്ട റേഡിയോ ആക്ടീവ് മൂലകങ്ങൾ നശിക്കാൻ ഇനിയും 100 വർഷം വേണ്ടിവന്നേക്കും. ജനങ്ങൾക്ക് ഇവിടെ പ്രവേശിക്കാൻ അനുവാദമില്ലെങ്കിലും 2010 മുതൽ ഏകദേശം 160 പേർ അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ഇത് ബാക്കിയുള്ളവരെയും തിരിച്ചുവരാൻ പ്രേരിപ്പിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.


പുനരുദ്ധാരണത്തിനും വികസനത്തിനുമായി 230 കോടി ഡോളർ ലോകരാജ്യങ്ങൾ എല്ലാംകൂടി യുക്രെയ്നു നല്കി. ചെർണോബിൽ ദുരന്തം മറ്റു രാജ്യങ്ങളെ അവരുടെ ആണവ പദ്ധതികളെ കുറേക്കൂടി സുരക്ഷിതമാക്കാൻ പ്രേരിപ്പിച്ചു.

റേഡിയേഷൻ ഇപ്പോഴും നിലനിൽക്കുന്നതിനാൽ അപകടം നടന്ന പ്ലാന്റിനു ചുറ്റും വലിയ കവചം ഇപ്പോൾ പണിതുയർത്തുകയാണ് യുക്രെയ്ൻ ഇപ്പോൾ. സ്റ്റാച്യു ഓഫ് ലിബേർട്ടിയേക്കാൾ ഉയരമുള്ളതും യാൻകീ സ്റ്റേഡിയത്തേക്കാൾ വ്യാപ്തിയുള്ളതുമായ ആർച്ച് രീതിയിലുള്ള പ്രത്യേക കവചമാണിത്. ഇതുപയോഗിച്ച് റിയാക്ടർ മൂടിയശേഷം അറ്റകുറ്റപ്പണികൾ നടത്താനാണ് പദ്ധതി. 1,400 തൊഴിലാളികൾ ഇതിന്റെ നിർമാണത്തിൽ പങ്കെടുക്കുന്നു. റേഡിയേഷൻ മൂലം ഇതിന്റെ നിർമാണം പലതവണ മുടങ്ങി. പല കോൺട്രാക്ടർമാർ നിർമാണം ഉപേക്ഷിച്ചു. പദ്ധതിക്ക് ഇപ്പോൾ 77 കോടി ഡോളറിന്റെ കുറവുണ്ട്. 2017ൽ ഇതിന്റെ നിർമാണം വീണ്ടും ആരംഭിക്കുമെന്നാണു കരുതപ്പെടുന്നത്.

ലോകത്ത് ആണവോർജം പ്രധാന ശക്‌തിയായി മാറുമ്പോൾ മതിയായ കരുതലില്ലാത്തതിന്റെ ദൂഷ്യവശങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ചെർണോബിൽ ഇന്നും നിലനിർക്കുന്നു, കാൻസർ ദാതാവായി.

<ശാഴ െൃര=/ളലമേൗൃല/രവലൃിീയ്യഹ02.ഷുഴ മഹശഴി=ഹലളേ>