കുടുംബത്തിനുള്ളിലെ ടൈംബോംബ്
കുടുംബത്തിനുള്ളിലെ ടൈംബോംബ്
കൗമാരക്കാർക്കൊപ്പം വിവാഹിതരും മധ്യവയസ്ക്കരും സൈബർ സെക്സിന് അടിമകളായിമാറുമ്പോൾ ജീവിതാവസ്‌ഥ സങ്കീർണമാകുന്നു. 44 വയസുള്ള സ്കൂൾ അധ്യാപികയുടെ ഭർത്താവ് കഴിഞ്ഞ ഒരുവർഷമായി മൊബൈൽ ഫോൺ അടിമയാണ്. 52 വയസുള്ള ഭർത്താവ് സുഹൃത്തുക്കൾക്ക് വാട്സ് അപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നുവെന്നാണ് അവർ ആദ്യം കരുതിയത്. വീട്ടുകാര്യങ്ങളോ മക്കളുടെ കാര്യങ്ങളോ ഒന്നും ശ്രദ്ധിക്കാതെ 24 മണിക്കൂറും ഭർത്താവിന്റെ മൊബൈൽ ഫോൺ കുത്തൽ കണ്ടു മടുത്ത ഭാര്യ ഒടുവിൽ പാതിരാത്രി ഫോണെടുത്തു പരിശോധിച്ചപ്പോൾ കാമുകിയുടെ നിരവധി നഗ്നഫോട്ടോകൾ മാത്രമല്ല പരസ്പരം കൈമാറിയിട്ടുള്ള ധാരാളം അശ്ലീല വീഡിയോകളും ഫോണിൽ കണ്ട് ഞെട്ടി. ഇതേച്ചൊല്ലി വീട്ടിൽ എന്നുംവഴക്കും ബഹളവുമായി. പത്താംക്ലാസിൽ പഠിക്കുന്ന മകനു വീട്ടിലെ പ്രശ്നങ്ങൾ കാരണം പരീക്ഷപോലും നന്നായി എഴുതാൻ കഴിഞ്ഞില്ലെന്നും അവർ പറയുന്നു. സൈബർ സെക്സിനെതിരേ മാധ്യമങ്ങൾ പ്രതികരിക്കണമെന്നും അവർ പറയുന്നു.

ഇനി ഒരു ഭർത്താവിന്റെ വാട്സ് അപ്പ് ഭ്രമം കാണുക. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഭീകരതയെ വെല്ലുന്ന സൈബർ സെക്സിന്റെ അഡിക്ഷനിലാണ് അയാൾ. ഫലമോ രണ്ട് മുതിർന്ന പെൺമക്കളടങ്ങിയ കുടുംബം നട്ടംതിരിയുകയാണ്. 55 വയസുള്ള ഉദ്യോഗസ്‌ഥനാണ് ഈ ഗൃഹനാഥൻ. സ്കൂളിൽ പഠിച്ച പഴയ വിദ്യാർഥികളുടെ വാട്സ് അപ്പ് ഗ്രൂപ്പിലാണ് താൻ എന്ന് ഭാര്യയെ വിശ്വസിപ്പിച്ച് മുറിയിൽ കയറുന്ന ഗൃഹനാഥൻ പകലും രാത്രിയും ഒരുപോലെ മൊബൈൽ സന്ദേശങ്ങൾക്കു കാതോർക്കുകയും അയയ്ക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ സ്വഭാവം ടീനേജ് കുട്ടികളെക്കാൾ കഷ്ടമാണെന്ന് വീട്ടമ്മയായ ഭാര്യ പറയുന്നു. രണ്ട് സ്ത്രീകൾ അയയ്ക്കുന്ന സെക്സ് ചിത്രങ്ങളും സന്ദേശങ്ങളും താൻ ഫോണിൽ കണ്ടിട്ടുണ്ടെന്നും (ഭർത്താവ് കുളിമുറിയിൽ കയറുന്ന സന്ദർഭങ്ങളിലെന്നും) അവർ പറയുന്നു.

ഭാര്യ വീട്ടാവശ്യങ്ങളെക്കുറിച്ച് പറയുകയോ പുറത്തുപോകുന്നതിനെക്കുറിച്ച് പറയുകയോ ചെയ്താൽ ആൾ വയലന്റാകുമത്രേ. മദ്യം കിട്ടാതെ വരുമ്പോൾ ആൽക്കഹോൾ അഡിക്റ്റസും മയക്കുമരുന്നിന്റെ അഭാവത്തിൽ മയക്കുമരുന്നിനടിമകളും കാണിക്കുന്ന അതേ ചേഷ്ടകളാണ് മൊബൈൽ ഫോണിൽ നിന്നു വേർപ്പെടുന്ന സമയത്ത് ഇയാൾ പ്രകടിപ്പിക്കുന്നത്.

വാട്സ് അപ്പ് ലഹരിക്കിടയിൽ മുറിയിൽ കയറിവരുന്ന ഭാര്യ അയാളുടെ കടുത്ത ശത്രുവായിമാറിക്കഴിഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട ഒരുകാര്യം സംസാരിക്കുവാനായി ഭർത്താവിന്റെ അടുത്തെത്തിയാൽ തന്നെ ഭാര്യയെ ഇയാൾ തുറിച്ചുനോക്കുകയും ഒരു കാരണവുമില്ലാതെ ഉച്ചത്തിൽ ശകാരിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നു. ഭർത്താവ് ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തും ഇതുതന്നെയാണ് അവസ്‌ഥ. സ്വന്തം വീട്ടിൽ സ്വതന്ത്രമായി ഒന്നു നടക്കുവാൻപോലും കഴിയില്ലെന്നും ഭാര്യ പറയുന്നു. ഓഫീസിലും സമൂഹത്തിലും ബന്ധുക്കളോടും വളരെ മാന്യമായി ഇടപെടുന്നതുകൊണ്ടുതന്നെ ഇയാളെക്കുറിച്ച് പരാതി പറയുവാൻ പോലും കഴിയാത്ത അവസ്‌ഥയിലാണ് ഭാര്യ.

മൊബൈൽ ഫോൺ – ഇന്റർനെറ്റ് അശ്ലീലതയിൽ മുഴുകിപ്പോയ ഭർത്താവിനെ നിരന്തരം പിന്തുടർന്നുവരുന്ന ഒരു ഭാര്യയെ പരിചയപ്പെടാം. പറയുവാൻ വിഷമമുണ്ടെങ്കിലും പറയാതെ വയ്യ. ഈ ഭർത്താവ് ഒരു ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. വൈകുന്നേരം വീട്ടിലെത്തിയാൽ രാത്രി വൈകുവോളം ഒന്നുകിൽ കംപ്യൂട്ടറിനു മുന്നിൽ. അല്ലെങ്കിൽ മൊബൈൽ ഫോണിൽ! ഭാര്യയുടെ പരിശോധനാ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടുതന്നെ ഭർത്താവിന്റെ മൊബൈൽ ഫോൺ ലോക്ക്ഡ് ആണ്. ഭാര്യ പക്ഷേ ഒരു സിബിഐ ഓഫീസറെക്കാൾ വിരുതോടെ ഓരോ ദിവസവും മണിക്കൂറുകൾ പണിപ്പെട്ട് ലോക്ക് തുറക്കും (ഭർത്താവ് ഗാഢനിദ്രയിലാകുന്ന രാത്രിസമയത്ത്) സ്വന്തം ഭർത്താവിന്റെ കാമുകിമാർ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും കണ്ട് അവർ ഞെട്ടിവിറയ്ക്കുകയും അതേക്കുറിച്ച് അടുത്ത പകൽ കൊള്ളിവാക്കുകൾ പറഞ്ഞ് വീട് നരകമാക്കുകയും ചെയ്യുന്നു. ഭാര്യയെ വെട്ടിക്കുവാനായി ദിവസവും അയാൾ പണിപ്പെട്ട് നമ്പർ ലോക്കുകളും സ്ക്രീൻ ലോക്കുകളും മാറ്റുന്നുവെങ്കിലും എത്ര പണിപ്പെട്ടാണെങ്കിലും അവർ ലോക്ക് അഴിച്ച് പുതിയ പുതിയ സൈബർ ഹോട്ട് കാഴ്ചകൾ കണ്ടുപിടിക്കുകയാണ്. വളരെ പ്രയാസപ്പെട്ട് രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് താൻ ഭർത്താവിന്റെ കംപ്യൂട്ടർ പാസ്വേർഡ് കണ്ടെത്തുകയും അതുപയോഗിച്ച് ഭർത്താവിന് ലഭിക്കുന്ന അശ്ലീലം നിറഞ്ഞ മെസേജുകളും ചാറ്റിംഗ് വിശേഷങ്ങളും കണ്ടെത്തുകയും ചെയ്യുന്നുവെന്നും ഭാര്യ തുറന്നുപറയുന്നു.


സ്വന്തമായി വരുമാനം ഇല്ലാത്ത വീട്ടമ്മയായ ഇവർ പറയുന്നത് – ഭർത്താവിനെ അങ്ങിനെ വെറുതെവിടാൻ താൻ ഒരുക്കമല്ലെന്നാണ്. തന്റെ ജീവിതം നശിച്ചാലും ഇനി പിന്നോട്ടില്ലെന്നും. സ്കൂൾ വിദ്യാർഥികളായ രണ്ട് ആൺമക്കളും അച്ഛന്റെയും അമ്മയുടെയും ചീത്തവിളികളും യുദ്ധവും കണ്ട് തളർന്നാലും ഭർത്താവിനെ ഒതുക്കിയേ താൻ അടങ്ങൂവെന്നും അവർ വാശിയോടെ പറയുന്നു. എന്റെ ജീവിതം എന്തായാലും നഷ്ടപ്പെട്ടു. അയാൾ മാത്രം അങ്ങനെ സുഖിക്കേണ്ട എന്നുപറയുന്ന ഭാര്യമാരുമുണ്ട്.
കുടുംബത്തിനുള്ളിൽ അശ്ലീലതയെച്ചൊല്ലി ഭാര്യയും ഭർത്താവും നടത്തുന്ന അതിഭീകരമായ വാക്കേറ്റങ്ങളിൽ, കൈയേറ്റങ്ങളിൽ മൂകസാക്ഷികളാകുന്നതും ബലിയാടാകുന്നതും നിരപരാധികളായ മക്കളാണെന്ന വസ്തുത അനാരോഗ്യകരമായ ഈ മത്സരങ്ങൾക്കിടയിൽ മാതാപിതാക്കൾ മറന്നുപോകുന്നു. കുട്ടികളുടെ വ്യക്‌തിത്വവികാസത്തെയും മാനസികാവസ്‌ഥയെയും സ്വഭാവത്തെയും ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് മാതാപിതാക്കൾ തമ്മിലുള്ള സംഘർഷങ്ങൾ എന്ന സത്യവും വിസ്മരിക്കപ്പെടുന്നു.

ഭർത്താവിന്റെ തണലായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന നാൽപതുകാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ വാക്കുകൾ ഇങ്ങനെയാണ്. ഈ മൊബൈൽ ഫോണാണ് എല്ലാകുഴപ്പത്തിനും കാരണം. വിവാഹം കഴിഞ്ഞകാലത്ത് അദ്ദേഹം വളരെ നീറ്റായിരുന്നു. എന്നെയും കുട്ടികളെയും എല്ലാ ഞായറാഴ്ചകളിലും പുറത്തു കൊണ്ടുപോകുകയും കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ വീട്ടുകാര്യങ്ങൾക്കൊന്നും ഒരു ഉത്സാഹവുമില്ല. ഏത് നേരവും കൈയിൽ ഫോൺ കാണും. മെസേജ് വായിച്ച് തനിയെ ചിരിക്കുന്നതും മുഖം വികസിക്കുന്നതുമൊക്കെ കാണാം. എന്താണ് ശരിക്കും സംഭവിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അദ്ദേഹം കൈവിട്ടുപോയപോലെ ഒരനിശ്ചിതാവസ്‌ഥ തോന്നും. ആത്മഹത്യ ചെയ്താലോയെന്നും പലപ്പോഴും ആലോചിച്ചുപോകുന്നു. പെൺമക്കളെ ഇങ്ങനെ ഒരച്ഛന്റെ അടുത്താക്കി മരിക്കാനും കഴിയില്ലല്ലോ?

ഇന്റർനെറ്റ് – മൊബൈൽ ചാറ്റും വാട്സ് അപ്പും തങ്ങളുടെ സ്വൈര്യ സല്ലാപങ്ങൾക്ക് ഫലപ്രദമായി വിനിയോഗിക്കുന്ന ഭർത്താക്കന്മാരും ഭാര്യമാരും ഇന്നുണ്ട്. അതായത് ഒന്നിലധികം ബന്ധങ്ങളെ ഇതിലൂടെ അതിവിദഗ്ധമായി മുന്നോട്ടുകൊണ്ടുപോകുന്നവർ!

കൊല്ലം സ്വദേശിയായ ഒരു ഭർത്താവ് സ്വകാര്യ കമ്പനിയിലെ മാർക്കറ്റിംഗ് വിഭാഗത്തിലാണ്. ദിവസവും യാത്രകൾ. ഒരു ദിവസം ഫോൺ വീട്ടിൽവച്ചു മറന്നുപോയി. ഫോൺ തുടരെ തുടരെ മെസേജ് വർഷിച്ചപ്പോൾ എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്നുവെന്ന് ഭയന്ന ഭാര്യ ഫോൺ തുറന്നുനോക്കി. നാലു സ്ത്രീകൾക്ക് ഏതണ്ട് ഒരേ ഭാഷയിൽ ഹോട്ട് സന്ദേശങ്ങൾ ഭർത്താവ് അയച്ചതിനുള്ള മറുപടികൾ വന്നതാണത്രെ. നാലുപേർക്ക് രഹസ്യ സമാഗമങ്ങളുടെ സ്‌ഥലവും തീയതിയും ഭർത്താവ് നൽകിയിരിക്കുന്നതുകണ്ട താൻ മരവിച്ച അവസ്‌ഥയിലായിപ്പോയി എന്നും അവർ പറയുന്നു. മൂത്തമകനോട് ഇതേക്കുറിച്ച് ചെറുതായി സൂചിപ്പിച്ചപ്പോൾ ഇതൊക്കെ പരാതിയായി പറഞ്ഞുനടക്കണോ എന്നാണത്രേ ന്യൂജനറേഷൻ മകന്റെ ചോദ്യം! ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ഫൺ വേണ്ടേയെന്നു ചോദിക്കുന്നവരുമുണ്ട്. പുരുഷമേധാവിത്വം ഇന്നും നിലനിൽക്കുന്ന സമൂഹത്തിൽ (പഴയ തലമുറക്കാർ പ്രത്യേകിച്ചും) ഭർത്താവിന്റെ ഈ വിനോദങ്ങൾ കണ്ടും കേട്ടും തകരുന്ന അനേകം സ്ത്രീകളുണ്ട്. പുതിയകാലത്തെ ഈ അവസ്‌ഥകൾക്കുനേരെ തകിടം മറിയുന്നവരുമുണ്ട്. ഭാര്യ ഏതുസമയത്തും ഫോണിൽ ആണെന്നുള്ള പുരുഷന്റെ പരാതിയും ഇപ്പോൾ പുത്തരിയല്ല.

തിരുവനന്തപുരത്തെ പ്രശസ്തനായ ഒരു മനഃശാസ്ത്ര വിദഗ്ധൻ ഈ അടുത്തകാലത്ത് പറഞ്ഞത് – തന്നെ കാണുവാൻ കൗൺസലിംഗ് സെന്ററിലെത്തിയ ഒരു വിദ്യാർഥിനി അമ്മയുടെ ഫോൺവിളികളം മെസേജ് അയയ്ക്കലും കണ്ട് തനിക്ക് ജീവിതംതന്നെ മടുത്തിരിക്കുകയാണെന്നാണ്. അമ്മയുടെ സ്വഭാവം കാരണം അച്ഛൻ ജോലിസ്‌ഥലത്തുനിന്നു വീട്ടിലേക്ക് അധികം വരാറില്ലെന്നും താൻ ഒറ്റപ്പെടുകയാണെന്നും പെൺകുട്ടി പറഞ്ഞു. (തുടരും)

<യ> ഊരാക്കുടുക്കായി സൈബർ ഇടങ്ങൾ–4/ എസ്്. മഞ്ജുളാദേവി