വർക്കലയിലെ ഓളവും തീരവും
വർക്കലയിലെ ഓളവും തീരവും
ഞങ്ങൾ വർക്കല സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ നേരം വെളുത്തുതുടങ്ങി. തിരുവനന്തപുരത്തുനിന്നും വെറും 40 കിലോമീറ്റർ മാത്രം. വേറെയും ചില ടൂറിസ്റ്റുകൾ ഗൾഫിൽനിന്നും ഇംഗ്ലണ്ടിൽനിന്നും വർക്കല സ്റ്റേഷനിൽ വന്നിറങ്ങി. അവിടെനിന്നും ഒരുകപ്പ് കാപ്പി കുടിച്ചതിനു ശേഷം ഞങ്ങൾ നേരത്തെ ബുക്കുചെയ്തിരുന്ന റിസോർട്ടിലേക്കു പോയി. റിസോർട്ടിനകത്തുതന്നെ ഒരു ആയുർവേദിക് ഹോസ്പിറ്റലും ഡോക്ടർമാരും ഉണ്ട്.
വർക്കല മുഴുവനും ഒരു തീരപ്രദേശമാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് ഇവിടെ പണികഴിപ്പിച്ചിട്ടുള്ള റിസോർട്ടുകൾ. ഈ ഹോട്ടലിലെ എല്ലാ മുറികളും, കൊച്ചുകൊച്ച് ഒറ്റവീടുകളും എല്ലാം കടലിന് അഭിമുഖമാണ്.

കേരളം കാണാൻ വേണ്ടി പുറംരാജ്യങ്ങളിൽനിന്നു വരുന്നവരിൽ നിരവധിപേർ തിരുവനന്തപുരത്തു വന്നിറങ്ങി കോവളം സ്റ്റേ കഴിഞ്ഞാൽപിന്നെ നേരേ വർക്കലയിലേക്കാണു വരുന്നത്. സമ്മർ ആയാൽ പിന്നെ തിരക്കോടു തിരക്കാണ്. ഇവിടെ വരുന്ന ടൂറിസ്റ്റുകളിൽ അധികവും കടലിൽ കുളിക്കാനും കളിക്കാനും മാത്രമല്ല നല്ല ഫ്രഷ് ആയിട്ടുള്ള സീഫുഡ് കഴിക്കാനും കൂടിയാണ്. അങ്ങനെ പ്രകൃതിയോട് ഇണങ്ങിയുള്ള ഒരു സുഖവാസ കേന്ദ്രമാണിത്. വിദേശികൾ പലരും വന്നുപോകുന്ന സ്‌ഥലം ആണെങ്കിലും വീതികുറഞ്ഞ വഴികളും കൊച്ചുകൊച്ചു കടകളുാണ് ഇവിടെ ഇപ്പോഴും. നമ്മൾ ഏതൊരു ഉല്ലാസയാത്രയ്ക്കും ഒരുങ്ങുമ്പോഴും മനസുനിറയെ പ്രതീക്ഷകൾ ആണ്. എന്തൊക്കെ കാണണം എന്തൊക്കെ ചെയ്യണം, എന്തൊക്കെ കഴിക്കണം അങ്ങനെ പലതും....

കടലിലേക്കു നോക്കിയിരുന്നുകൊണ്ടായിരുന്നു ബ്രേക്ഫാസ്റ്റ് കഴിച്ചത്. തൊട്ടു മുമ്പിൽ തിലമാലകൾ ഒന്നിനുപുറകെ ഒന്നായി ആ പാറക്കെട്ടുകളിൽ അലതല്ലുന്നുണ്ടായിരുന്നു–എത്രകണ്ടാലും മടുക്കാത്ത ഒരു കാഴ്ചയാണ് അത്. അധികം സമയം കളയാതെ ഞങ്ങൾ സ്‌ഥലം കാണാൻ ഇറങ്ങി. ഇവിടത്തെ ഒരു പ്രധാനപ്പെട്ട സ്‌ഥലമാണ് ’പാപനാശിനി’ കടൽ തീരം. ഇവിടേക്കാണ് പലരും അവരുടെ മരിച്ചവർക്കുവേണ്ടി ബലിയിടാൻ വരുന്നത്. അതു കഴിഞ്ഞ് ഈ കടലിൽ ഒന്നു മുങ്ങിക്കുളിച്ചാൽ എല്ലാ പാപവും മാഞ്ഞ് ഇല്ലാതാകുമെന്നാണു വിശ്വാസം. അതുകൊണ്ടായിരിക്കും ’പാപനാശിനി’ എന്നു പേരുകിട്ടിയത്. ഇവിടെയും കാഴ്ചകാണാനും ഫോട്ടോ എടുക്കാനും മറ്റും ധാരാളം ടൂറിസ്റ്റുകൾ പരതി നടക്കുന്നുണ്ടായിരുന്നു. അല്പം മാറി ആളൊഴിഞ്ഞ വശത്തായി കുറെ മുക്കുവന്മാർ അവരുടെ വല കെട്ടിക്കൊണ്ടിരിപ്പുണ്ടായിരുന്നു. അന്ന് വൈകിട്ട് കടലിലേക്കിറങ്ങുന്നതിനു മുമ്പുള്ള തയാറെടുപ്പാണ്.


തീരത്തോടു ചേർന്ന് ‘ക്യാച് ഓഫ് ദി ഡേ’ എന്ന ഒരു ബോർഡ് കണ്ടു. അന്നുപിടിച്ച മീനുകളുടെ ലിസ്റ്റ് ആണ്. അതിൽ ഏതുവേണമെന്നും എങ്ങനെ വേണമെന്നും പറഞ്ഞാൽ മാത്രം മതി. താമസിക്കാതെ നമ്മുടെ മേശയിലേക്കു ചൂടോടെ എത്തിയിരിക്കും. ചില അമേരിക്കൻ സഞ്ചാരികൾ നാലഞ്ചുതരം മീനുകൾ വറുത്തതും ചുട്ടതും എല്ലാം ഇരുന്ന് ആസ്വദിച്ചു കഴിക്കുകയാണ്. അവർക്ക് ചോറിനോടു താത്പര്യമില്ല. മീനും സൂപ്പും. ഇതിലാണ് അവർക്ക രസം. ഈ ഹാളിന്റെ മറ്റൊരുവശത്ത് ഇവിടെ ചികിത്സയ്ക്കും സുഖചികിത്സയ്ക്കു മൊക്കെ വന്നിട്ടുള്ളവർ ഇരിക്കുന്നതു കണ്ടു. ഇവരുടെ കൈയിൽ ഓരോ ലിസ്റ്റ് ഉണ്ട്. അതു ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണത്തിന്റെ കുറിപ്പാണ്. അവർക്ക് സസ്യാഹാരം മാത്രമേ കഴിക്കാവൂ. അതനുസരിച്ച് എല്ലാം വിളമ്പിക്കൊടുക്കും. സർക്കാരിന്റെ വകയായി നേച്ചർ കെയർ ഹോസ്പിറ്റലും ഉണ്ട്. ഇത് 1981–ൽ തുടങ്ങിയതാണ്.

അടുത്തദിവസം ഞങ്ങൾ അവിടത്തെ ഒരു പുരാതന വിഷ്ണുക്ഷേത്രം കാണാൻപോയി. ഇതിന് രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്നാണു പറയുന്നത്. കുന്നിൽമുകളിലാണ് ക്ഷേത്രം. ചുവന്ന ഓടിട്ട ഒരു ഉള്ളറയിൽ ആണ് പ്രതിഷ്ഠവച്ചിരിക്കുന്നത്. ഇതിനടുത്തായി ഒരു നൂൽമരവും പാമ്പുംകാവും ഉണ്ട്. പൂജ കഴിഞ്ഞ് പലരും അവിടെനിന്ന് ഇറങ്ങിവരുന്നതു കണ്ടു.

പ്രധാനപ്പെട്ട ഒരു സ്‌ഥലമാണ് ശ്രീനാരായണ ഗുരു സമാധിയായ ശിവഗിരി. ഒരു ഓട്ടോപിടിച്ചു പോകാനുള്ള ദൂരമേയുള്ളു. ഇവിടെയുള്ള ഒരു കുന്നിൻമുകളിലാണ് ഒരു കൊച്ചുവീടുവച്ച് ഗുരു താമസിച്ചത്. അത് ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. ഗുരുവിന്റെ ഓർമയ്ക്കായി ഒരു പ്രാർഥനാലയം പണികഴിപ്പിച്ചു. ഇന്ന് ഇവിടെ ഒരുപാട് തീർഥാടകർ എത്താറുണ്ട്. ഇതിനോടു ചേർന്ന് 1912–ൽ നിർമിച്ച ശാരദാമന്ദിർ എന്ന അമ്പലവും ഉണ്ട്.
ഉച്ചകഴിഞ്ഞ് ഞങ്ങൾ ഷോപ്പിംഗിനുപോയി. പലതും ഇവിടെമാത്രം കിട്ടുന്നതായിരുന്നു. സന്ധ്യമയങ്ങിയതോടെ റിസോർട്ടിലേക്ക് നടന്നു. ഇരുവശങ്ങളിലും ഹോട്ടലുകൾ, ദീപാലംകൃതമായിരുന്നു. അവിടെ അന്നത്തെ മെനു എഴുതിയിട്ടുള്ള ബോർഡുംവച്ചിട്ടുണ്ട്. എല്ലായിടത്തുനിന്നും മീൻപൊരിക്കുന്ന മണം പരക്കുന്നുണ്ടായിരുന്നു. രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങൾ എല്ലാം തെളിഞ്ഞുകഴിഞ്ഞു. മീൻപിടിക്കാൻ പോയവരുടെ വള്ളങ്ങൾ ദൂരെ അലകൾക്കൊപ്പം പൊങ്ങിയും താണും നീങ്ങിക്കൊണ്ടിരുന്നു. രാത്രി വൈകുവോളം അവിടെയിരുന്നതിനു ശേഷം, തിരിച്ച് മുറിയിലേക്കു പോയി. വർക്കല മറക്കാനാവാത്ത കാഴ്ചതന്നെ. ഓർമകൾ മരിക്കുന്നില്ല, കൂട്ടത്തിൽ ഒരുപിടി രുചികളും.

<ആ>ഓമന ജേക്കബ്