അയ്യോ....ആറുവർഷം പോയി (സ്വപ്നം കണ്ട്!)
അയ്യോ....ആറുവർഷം പോയി (സ്വപ്നം കണ്ട്!)
സ്വപ്നം കാണാതെ ഉറക്കമില്ല എന്നുമാത്രമല്ല, ജീവിതമേയില്ല. സുന്ദരസ്വപ്നമേ നീയെനിക്കേകിയ..., സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വർഗകുമാരികളല്ലോ.., എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ..., ഒരുകൊച്ചു സ്വപ്നത്തിൻ... ആയിരമായിരം പാട്ടുണ്ടെങ്കിലും സ്വപ്നംകണ്ടിറങ്ങിവന്ന ഈ മൂന്നോ നാലോ പാട്ടുകൾ കേട്ടാൽമതി നിങ്ങൾക്കുമുന്നിൽ ഒരു സ്വപ്നലോകം വിടരാൻ.

ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണമായും പ്രവർത്തനരഹിതമാകുന്നു. അതുകൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളും ഏതാണ്ടു നിലയ്ക്കും. എന്നാൽ ഈ ബോധംകെട്ടുള്ള ഉറക്കം എപ്പോഴുമുണ്ടാകില്ല. ബാക്കിസമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയം തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുകയും, മനസ്സ് ചെറുതായി ഉണരുകയും ചെയ്യും. ഈ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസിക പ്രവർത്തനത്തിന്റെ ഭാഗമാണ് സ്വപ്നങ്ങളെന്ന് ശാസ്ത്രജ്‌ഞർ പറയും.

ശാസ്ത്രത്തിന് ചുരുളുകൾ പൂർണമായി നിവർത്താൻ സാധിച്ചിട്ടില്ലെങ്കിലും സ്വപ്നങ്ങളെക്കുറിച്ചുള്ള ചില കൗതുകങ്ങൾ ഇതാ:

* കാണുന്ന സ്വപ്നം മുഴുവൻ ഓർമയില്ലാത്തതിനാലും കണക്കുകൂട്ടലിൽ താത്പര്യമില്ലാത്തതിനാലുമാവും നിങ്ങൾക്ക് എത്രനേരം സ്വപ്നം കാണുന്നു എന്ന ബോധ്യമില്ലാത്തത്. എന്നാൽ കേട്ടോളൂ., ഒരു ശരാശരി മനുഷ്യായുസിൽ ഏതാണ്ട് ആറുവർഷക്കാലം സ്വപ്നം കാണാൻമാത്രമായി ചെലവാകുന്നുണ്ട്. ഓരോ രാത്രിയും ഒന്നുമുതൽ രണ്ടു മണിക്കൂർ വരെ സ്വപ്നത്തിൽ മുഴുകിപ്പോകാം. നാലു മുതൽ ഏഴുവരെ വ്യത്യസ്ത സ്വപ്നങ്ങൾ അതിനകം നിങ്ങൾ കാണും.

* ഉറക്കമുണർന്ന് അഞ്ചുമിനിറ്റിനകം നിങ്ങൾ കണ്ട സ്വപ്നം മറന്നിരിക്കും. പത്തുമിനിറ്റായാൽ 90 ശതമാനംപേർക്കും സ്വപ്നത്തിന്റെ പൊടിപോലും ഓർക്കാൻ കഴിയില്ല. എന്നാൽ ഉറക്കത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ കാണുന്ന സ്വപ്നങ്ങൾ ഓർത്തിരിക്കാൻ സാധ്യത കൂടുതലാണ്. റാപ്പിഡ് ഐ മൂവ്മെന്റ് സ്ലീപ് എന്ന ഉറക്കനിലയാണ് ഇത്.

* കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? ചിന്തിക്കാത്ത ചോദ്യമാണല്ലേ. ഉവ്വ്, അന്ധർക്കും സ്വപ്നം കാണാം. മുമ്പ് കാഴ്ചയുണ്ടായിരിക്കുകയും പിന്നീട് നഷ്‌ടപ്പെടുകയും ചെയ്തവർ ദൃശ്യങ്ങൾ വ്യക്‌തതയോടെ സ്വപ്നത്തിൽ കാണും. ജന്മനാ കാഴ്ചയില്ലാത്തവർ കാണുന്ന സ്വപ്നം പക്ഷേ വ്യത്യസ്തമാണ്– ശബ്ദം, സ്പർശം, ഗന്ധം എന്നിവയുമായി ബന്ധപ്പെട്ടാണ് അവർ സ്വപ്നം കാണുക.

* യഥാർഥത്തിൽ നിങ്ങൾ കാണുന്ന സ്വപ്നം അങ്ങനെയങ്ങ് വെറുതെ കണ്ടുകിടക്കുന്നതല്ല. നിങ്ങൾക്ക് സ്വന്തം സ്വപ്നങ്ങളിൽ ചിലതിനെ കൺട്രോൾ ചെയ്യാൻ കഴിയും. തുടക്കവും ഒടുക്കവുമെല്ലാം ഒരു സിനിമാ സംവിധായകനെപ്പോലെ നി്ങൾക്കു ക്രമപ്പെടുത്താനാവും– നിങ്ങൾ അറിയാറില്ലെങ്കിലും. ലൂസിഡ് ഡ്രീമിംഗ് ഫേസ് എന്നാണ് ഈ അവസ്‌ഥയെ വിളിക്കുന്നത്.

* മൂന്നോ നാലോ വയസാകുന്നതുവരെ കുട്ടികൾ സ്വന്തം സ്വപ്നങ്ങളിലെ താരമാകാറില്ല!.

* സ്വപ്നം കാണാത്തതായി ലോകത്താരുമില്ല (ഗുരുതരമായ മാനസിക പ്രശ്നങ്ങൾ ഉള്ളവർ ഒഴികെ). നിങ്ങൾ സ്വപ്നം കാണാറില്ല എന്ന് ഉറപ്പായി തോന്നുന്നുണ്ടെങ്കിലും അങ്ങനെയല്ല, അതു നിങ്ങൾക്ക് ഓർമയില്ലാത്തതാണ്.

* ഒരുപക്ഷേ സ്വപ്നം ഓർമവരുമ്പോഴും അതിലുണ്ടായിരുന്ന വ്യക്‌തികളെ മറന്നേക്കാം. എന്നാൽപ്പോലും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇടപെട്ടിട്ടുള്ളയാളെ മാത്രമേ നിങ്ങൾ സ്വപ്നത്തിൽ കാണൂ.

* ടിവിയുടെ കാര്യം പറയുന്നപോലെ സ്വപ്നം കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും സംഭവിക്കാം. ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി കണ്ടുവളർന്ന തലമുറയാണ് സ്വപ്നം കറുപ്പിലും വെളുപ്പിലും കാണാൻ കൂടുതൽ സാധ്യതയത്രേ. ഇന്ന് കളർ ടിവികൾ മാത്രമുള്ളതിനാൽ സ്വപ്നവും കളർഫുള്ളായി കാണാം. ഇരുപത്തഞ്ചു വയസിനു താഴെയുള്ള 4.4 ശതമാനംപേർ മാത്രമേ ഇന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നങ്ങൾ കാണാറുള്ളൂവെന്ന് പഠനങ്ങളും പറയുന്നു.

* മനുഷ്യർ മാത്രമല്ല, മൃഗങ്ങളും സ്വപ്നം കാണും. ഉച്ചയ്ക്കുള്ള ഭക്ഷണം കഴിഞ്ഞാൽ സ്വപ്നത്തിൽ മുഴുകിയിരിക്കുന്ന പുള്ളിപ്പുലിയെ കാണണമെങ്കിൽ അടുത്തുള്ള മൃഗശാലയിലേക്കു വിട്ടോളൂ. നല്ല ഉറക്കത്തിലുള്ള വളർത്തുനായ മുൻകാലുകൾ വേഗത്തിൽ ആട്ടുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ– അവൻ സ്വപ്നത്തിൽ ഓടുകയാണ്!.

* ചില സ്വപ്നത്തിനിടയ്ക്ക് ചിലർ എഴുന്നേറ്റ് വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുമത്രേ. സ്വപ്നത്തിന്റെ ഭാഗമായുള്ള ഈ ജോലികൾ ചെയ്തില്ലെങ്കിൽ സ്വസ്‌ഥമായി ഉറങ്ങാൻ സാധിക്കാത്തതിനാലാണിത്.

* കൂർക്കംവലിയും സ്വപ്നവും തമ്മിൽ ഒരു ബന്ധമുണ്ട്. ഒപ്പം കിടക്കുന്നയാൾ കൂർക്കംവലിക്കുകയാണെങ്കിൽ നിങ്ങളുടെ സ്വപ്നവും ഉറക്കവും അതോടെ തീരും എന്നതു മാത്രമല്ല. കൂർക്കവലി ശീലമുള്ളയാൾ ആ പരിപാടി നടത്തിക്കൊണ്ടിരിക്കേ സ്വപ്നം കാണാറില്ലത്രേ!.

* ചിലയിനം സ്വപ്നങ്ങൾക്കിടയ്ക്ക് അത്യപൂർവമായ ശാരീരികാവസ്‌ഥകളിലേക്കും നിങ്ങൾ എത്തിപ്പെടാം. യഥാർഥത്തിൽ ജീവിതത്തിൽ സംഭവിക്കുന്ന അതേ പോലെയാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുക.

* സ്വപ്നങ്ങൾ അധികവും ഓർത്തുവയ്ക്കാൻ കഴിയാറില്ല എന്ന് നാം നേരത്തേ കണ്ടു. എന്നാൽ ഇതിന് അപവാദങ്ങളുണ്ട്. പ്രശസ്തമായ പല കണ്ടുപിടിത്തങ്ങൾക്കും പ്രചോദനമായത് സ്വപ്നങ്ങളാണ്. ഐസക്ക് ന്യൂട്ടൻ, അലക്സാണ്ടർ ഗ്രഹാം ബെൽ, ചില കവികൾ എന്നിവരൊക്കെ കാണുന്ന സ്വപ്നങ്ങൾ കുറിച്ചുവയ്ക്കാറാണ് പതിവ്. ആദ്യം പറഞ്ഞ രണ്ടുപേർ അതിൽനിന്ന് കണ്ടുപിടിത്തങ്ങൾ നടത്തുകയും കവികൾ കവിതയെഴുതുകയും ചെയ്തു!.


* ദിവാസ്വപ്നം അഥവാ പകൽക്കിനാവ് എന്നൊരു കാര്യംകൂടിയുണ്ട്. രാത്രി കാണുന്ന സ്വപ്നം പകലിലേക്കുകൂടി നീളുന്നതായിരിക്കാം ഇതെന്ന് വിദഗ്ധർ പറയുന്നു.

* സ്വപ്നങ്ങളിൽ ലിംഗസമത്വം കുറവാണ്. പുരുഷന്മാർ സാധാരണ വയലന്റായ സ്വപ്നങ്ങളാണ് കൂടുതലും കാണുന്നത്. അവർ മിക്കവാറും (ഏതാണ്ട് 70 ശതമാനത്തിലേറെ) മറ്റുള്ള ആണുങ്ങളെയായിരിക്കും കാണുക. എന്നാൽ സ്ത്രീകൾ സ്വപ്നത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായി കാണും.

* സ്വപ്നം ഫലിക്കുമോ എന്ന ചോദ്യംകൂടി. ഒരു സർവേയിൽ പങ്കെടുത്ത 18 മുതൽ 38 ശതമാനം വരെ ആളുകൾ ഒരിക്കലെങ്കിലും പ്രവചന സ്വഭാവമുള്ള സ്വപ്നം കണ്ടിട്ടുണ്ട്. 98 ശതമാനം പേരും വിശ്വസിക്കുന്നതും അതാണ്– സ്വപ്നം ഫലിക്കും!! ആ, കണ്ടറിയാം.

<യ> എന്താണ് ആ സ്വപ്നത്തിന്റെ അർഥം?!

ഓരോരുത്തർക്കും ഏറെ ഇഷ്‌ടമുള്ള വിഷയങ്ങളെക്കുറിച്ചാണ് കൂടുതലും സ്വപ്നം കാണുകയെന്ന് സ്വപ്നത്തിന്റെ അർഥവും മനശാസ്ത്രവും വിശകലനം ചെയ്യുന്ന തന്റെ പുസ്തകത്തിൽ ഓസ്ട്രേലിയൻ സൈക്കോളജിസ്റ്റായ ഡോ. വിൽഹം സ്റ്റെകൽ പറയുന്നു. സൃഷ്‌ടിപരമായ ഫലങ്ങൾ നേടാൻ ഉണർന്നിരിക്കുന്ന സമയത്ത് നിങ്ങൾ കഠിനമായി പ്രയത്നിക്കുന്നുവെന്നിരിക്കട്ടെ. ഏതെങ്കിലും ഒരു പദ്ധതി, അല്ലെങ്കിൽ ലക്ഷ്യം പൂർത്തീകരിക്കാനായി ഊർജവും പരിശ്രമവും വലിയ തോതിൽ ചെലവഴിക്കുന്നുണ്ടാവും അപ്പോൾ. നിങ്ങളുടെ ലക്ഷ്യം ഒരുഘട്ടത്തിൽ വളരെ വിദൂരമാണെങ്കിൽപ്പോലും നിങ്ങൾക്കതിനോട് അത്രമാത്രം താത്പര്യമുണ്ടെങ്കിൽ അതേക്കുറിച്ച് നിരവധിതവണ സ്വപ്നം കണ്ടിരിക്കും. സ്വപ്നം യാഥാർഥ്യമാക്കാനുള്ള പ്രചോദനവുമുണ്ടാകും.

ആഴംകാണാത്ത ഗർത്തത്തിൽ വീഴുന്നതായുള്ള സ്വപ്നം ഭയത്തെയാണ് സൂചിപ്പിക്കുന്നത്. വ്യാപാരത്തിലോ പ്രേമബന്ധത്തിലോ അല്ലെങ്കിൽ ജീവിതത്തിലെ മറ്റേതെങ്കിലും തലത്തിലോ ഉള്ള പ്രശ്നങ്ങൾ നേരിടുന്നതിലെ ആത്മവിശ്വാസക്കുറവിനെ ആ സ്വപ്നം സൂചിപ്പിക്കുന്നു. മറ്റാരെങ്കിലും വീഴുന്നതായി സ്വപ്നം കണ്ടാൽ അയാളോടുള്ള നിങ്ങളുടെ അസൂയയെ ആണ് അതു സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യം നേരിടാനുള്ള ആത്മവിശ്വാസക്കുറവിനെ പ്രതിഫലിപ്പിക്കുന്നതാണ് തളർവാതം പിടിപെടുന്ന സ്വപ്നവും. തളർവാതം പിടിപെട്ടതായി സ്വപ്നം കാണുന്ന ചിലർക്ക് ഉണർന്നശേഷവും അല്പസമയത്തേക്ക് ശരീരം അനക്കാൻ സാധിക്കാറില്ല.

സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മരണം സ്വപ്നം കാണുന്നത് മിക്കവരെയും ഞെട്ടിക്കാറുണ്ട്. ഉറക്കംവിടുമ്പോൾ മാത്രമാവും അതൊരു ദുഃസ്വപ്നമായിരുന്നു എന്നു വ്യക്‌തമാവുക. എന്നാൽ സ്വപ്നത്തിൽ മരണം കാണുന്നത് അങ്ങനെ പേടിക്കേണ്ട ഒന്നല്ലത്രേ. മാറ്റത്തെ സൂചിപ്പിക്കുന്നതാണ് സ്വപ്നത്തിലെ മരണം. ഒരു പ്രവർത്തനം അവസാനിപ്പിക്കുന്നതോ പുതിയതൊന്ന് തുടങ്ങുന്നതോ ആവാം അതു സൂചിപ്പിക്കുന്നത്.

വലിയ പരീക്ഷകൾ എഴുതുന്നത് സ്വപ്നംകണ്ടാൽ അടുത്തുതന്നെ ഐഎഎസ് പരീക്ഷയ്ക്ക് നിങ്ങൾ പോകും എന്നല്ല അർഥം. നിങ്ങൾ എന്തിനോ വേണ്ടിയുള്ള അന്വേഷണത്തിലാണ് എന്നരതേ ഈ സ്വപ്നങ്ങൾ സൂചിപ്പിക്കന്നത്.

മറ്റുള്ളവർ നമ്മളെ എങ്ങനെ മനസിലാക്കണമെന്ന് സ്വപ്നങ്ങൾ സൂചിപ്പിക്കാറുണ്ട്. പഴയ വസ്ത്രങ്ങൾ സ്വപ്നംകാണുന്നെങ്കിൽ നിങ്ങൾ മറ്റുള്ളവർക്ക് ആകർഷണമുണ്ടാക്കുന്നില്ല എന്ന തോന്നലാണ് വെളിവാക്കുന്നത്. നിങ്ങൾ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു എന്ന തോന്നലുണ്ടെങ്കിലും ഇത്തരം സ്വപ്നം കാണാമത്രേ.

മിക്കവാറുംപേർ ഇടയ്ക്കിടെ കാണുന്ന സ്വപ്നമാണ് ഏതെങ്കിലും മൃഗം ആക്രമിക്കാൻ വരുന്നത്. മാനസികാവസ്‌ഥയെ തന്നെയാണ് ആ സ്വപ്നങ്ങളും പ്രതിഫലിപ്പിക്കുന്നത്. മൃഗം ഓടിക്കുന്ന സ്വപ്നം കാണുന്നെങ്കിൽ അതിനർഥം നിങ്ങൾക്ക് കടുത്ത പേടിയോ ദേഷ്യമോ ഉണ്ടെന്നാണ്. മാറ്റമില്ലാതെ തുടരുന്ന ലൈംഗിക അടിച്ചമർത്തലിനെയാണ് സ്ത്രീകൾ മൃഗങ്ങളെ സ്വപ്നംകാണുന്നത് സൂചിപ്പിക്കുന്നതത്രേ.

വലിയ പാതകളും ഇടവഴികളും സ്വപ്നംകാണുന്നവരുണ്ട്. യഥാർഥത്തിൽ കാണുന്നവരുടെ ജീവിതപാതതന്നെയാണരതേ അത്. നിലവിലുള്ള ജീവിതരീതിയെ ചോദ്യംചെയ്യുകയാണ് ഇത്തരം സ്വപ്നങ്ങൾ എന്നും വിദഗ്ധർ പറയുന്നു. വാഹനങ്ങൾ സ്വപ്നംകാണുന്നതിനു പിന്നിലുള്ള മാനസികാവസ്‌ഥ രസകരമാണ്. നിങ്ങളെ മറ്റാരോ നിയന്ത്രിക്കുന്നുണ്ട് എന്ന തോന്നലിൽനിന്നാണ് വാഹന സ്വപ്നങ്ങൾ തെളിയുന്നത്. ഒരു കാർ നിയന്ത്രണംവിട്ട് പാഞ്ഞുപോകുന്നത് സ്വപ്നം കാണുന്നുവെങ്കിൽ നിങ്ങൾ മറ്റാരുടേയോ ചൊല്പടിക്കു വിധേയനാണെന്നാണ് സൂചന.

ശാന്തസുന്ദരമായ തടാകം സ്വപ്നം കാണുന്നത് ശാന്തമായ മനസുള്ളപ്പോൾ മാത്രമാണ്. തിരകൾ ഉയരുന്ന കടൽ കാണുന്നത് മനസ് അസ്വസ്‌ഥമായിരിക്കുമ്പോഴും.

നിങ്ങൾ ഒരു കുന്ന് വിജയകരമായി കയറുന്നതാണ് സ്വപ്നത്തിൽ വരുന്നതെങ്കിൽ വിജയിക്കാനുള്ള നിങ്ങളുടെ ആഗ്രഹമാണ് അതു സൂചിപ്പിക്കുന്നത്. തുടക്കത്തിൽത്തന്നെ ഒരു കൊടുമുടി സ്വപ്നംകണ്ടാൽ നിങ്ങൾ കാര്യങ്ങളെ മുൻവിധിയോടെ സമീപിക്കുന്നയാളാണ് എന്നരതേ അർഥം.

തയാറാക്കിയത്: <യ> വി.ആർ. ഹരിപ്രസാദ്