ബാലപീഡകർക്കു വധശിക്ഷയുമായി ഇന്തോനേഷ്യ
ബാലപീഡകർക്കു വധശിക്ഷയുമായി ഇന്തോനേഷ്യ
ബാലപീഡനങ്ങൾക്ക് കർശന നടപടിയുമായി ഇന്തോനേഷ്യ. കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്നവർക്ക് മരണമോ രാസപദാർഥം ഉപയോഗിച്ചുള്ള വന്ധ്യംകരണമോ നല്കുന്ന ശിക്ഷകൾ ഏർപ്പെടുത്തുന്ന നിയമത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ഒപ്പുവച്ചു. ഒരു സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി കൊന്നത് രാജ്യത്ത് വിവാദമായതിനെത്തുടർന്നാണ് പുതിയ നിയമം. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോണിക് സംവിധാനം വഴി പോലീസ് നിരീക്ഷിക്കുകയും ചെയ്യും.

കഴിഞ്ഞ മാസം സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങിയ 14 വയസുള്ള പെൺകുട്ടിയെ ഒരു കൂട്ടം ആളുകൾ മാനഭംഗപ്പെടുത്തി കൊലചെയ്തു. സുമാത്രയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ദ്വീപിലായിരുന്നു സംഭവം. മൂന്നു ദിവസത്തിനുശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 16ഉം 17ഉം വയസുള്ള ഏഴു കൗമാരക്കാർ സംഭവത്തെത്തുടർന്ന് പിടിയിലായി.

സംഭവം രാജ്യത്ത് വൻ വിവാദങ്ങൾക്ക് വഴിവച്ചു. ബാലപീഡകർക്കെതിരേ കർശനമായ നടപടിയുണ്ടാകണമെന്ന് ഭൂരിഭാഗംപേരും ആവശ്യപ്പെട്ടു. സംഭവത്തെ 2012ലെ ഡൽഹി നിർഭയ സംഭവവുമായാണ് സമരക്കാർ സാമ്യപ്പെടുത്തിയത്. ഇന്ത്യയിലേതിനു സമാനമായ സമരമാണ് ഇന്തോനേഷ്യൻ തലസ്‌ഥാനമായ ജക്കാർത്തയിലും നടന്നത്.


ഇതുവരെ ബാലപീഡകർക്ക് ഇന്തോനേഷ്യയിൽ പരമാവധി 14 വർഷത്തെ തടവായിരുന്നു ശിക്ഷ. രാസപദാർഥമുപയോഗിച്ചുള്ള വന്ധ്യംകരണം പ്രാബല്യത്തിൽ വരുത്തുന്നതുവഴി ഇത്തരം ശിക്ഷാരീതിയുള്ള ചുരുക്കം ചില രാഷ്ട്രങ്ങളുടെ കൂടെ ഇന്തോനേഷ്യയും എണ്ണപ്പെടും. അമേരിക്കയിലെ ചില സ്റ്റേറ്റുകളിലും പോളണ്ടിലും ഈ ശിക്ഷ പ്രാബല്യത്തിലുണ്ട്. 2011ൽ ഏഷ്യയിലാദ്യമായി ദക്ഷിണ കൊറിയ നിയമം പ്രാബല്യത്തിലാക്കി.

ബാലപീഡകരെ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രസിഡന്റ് പുറത്തുവിട്ടിട്ടില്ല. ജയിലിൽനിന്നു കുറ്റവാളികൾ വിട്ടയയ്ക്കപ്പെടുമ്പോൾ അവരിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കുമെന്നാണ് ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടത്.