സംവിധാനം ലഹരി
സംവിധാനം ലഹരി
<യ> പ്രദീപ് ഗോപി

മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിക്കുന്നു. തോപ്പിൽ ജോപ്പൻ എന്നു പേരിട്ടിരിക്കുന്ന സിനിമ പേര് സൂചിപ്പിക്കുന്നതു പോലെ ഒരു മാസ് മസാല ചിത്രം. മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിൽ എത്തുന്നു എന്നതാണു സിനിമയുടെ പ്രധാന പ്രത്യേകത. ചിത്രത്തിൽ അച്ചായൻ എന്നു തന്നെയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരിട്ടിരിക്കുന്നതെന്നതു മറ്റൊരു പ്രധാന സവിശേഷത.

മലയാളിക്ക് ഒരിക്കലും കണ്ടിട്ട് മടുപ്പ് തോന്നാത്ത ഒന്നാണ് മമ്മൂട്ടിയുടെ കോട്ടയം ശൈലിയിലുള്ള അച്ചായൻ വേഷങ്ങൾ. അച്ചായൻ വേഷത്തിൽ മമ്മൂട്ടി വന്നാൽ അത് കലക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

തുളസിദാസിന്റെ അസിസ്റ്റന്റായി ചാഞ്ചാട്ടം എന്ന സിനിമയിലൂടെയായിരുന്നു ബിഗ്സ്ക്രീനിലേക്കുള്ള ജോണി ആന്റണിയുടെ ആദ്യചുവടുവയ്പ്. പിന്നീട് ജോസ് തോമസ്, നിസാർ, താഹ, കമൽ തുടങ്ങി പത്തോളം പേരുടെ അസിസ്റ്റന്റായും പ്രവർത്തിച്ചു. 2003ൽ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്റെ കുപ്പായമണിഞ്ഞു. പിന്നീടു കൊച്ചിരാജാവ്, തുറുപ്പുഗുലാൻ, ഇൻസ്പെക്ടർ ഗരുഡ്, സൈക്കിൾ, ഈ പട്ടണത്തിൽ ഭൂതം, ഭയ്യാ ഭയ്യാ, മാസ്റ്റേഴ്സ്, താപ്പാന തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് തോപ്പിൽ ജോപ്പൻ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ കോട്ടയം സിഎംഎസ് കോളജിന്റെ വരാന്തയിലിരുന്ന് ഒരിടവേളയിൽ തന്റെ പുതിയ വിശേഷങ്ങൾ ജോണി ആന്റണി സൺഡേ ദീപികയുമായി പങ്കുവയ്ക്കുന്നു.

തോപ്പിൽ ജോപ്പനിലെ അച്ചായൻ

മധ്യതിരുവിതാകൂറിലെ കോട്ടയത്തോടു ചേർന്നു കിടക്കുന്ന ഇടുക്കി ജില്ലയിലെ തോപ്രാംകുടി എന്ന സ്‌ഥലത്തു നടക്കുന്ന കഥയാണിത്. എന്തിനും തുനിഞ്ഞിറങ്ങുന്ന ഒരു കഥാപാത്രമാണ് ഇതിലെ അച്ചായൻ. അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, കോട്ടയം കുഞ്ഞച്ചൻ, സംഘം, ഒരു മറവത്തൂർകനവ് തുടങ്ങിയ സിനിമകളിലെ അച്ചായൻ കഥാപാത്രങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ്. ആ ഒരു ജനുസിൽ പെട്ട കഥാപാത്രമാണു തോപ്പിൽ ജോപ്പനിലെ അച്ചായനെന്നു ഞാൻ പറയുന്നില്ല. പക്ഷേ എവിടെയോ ഈ സിനിമകളിലെ കഥാപാത്രത്തിന് വിദൂരമായ ഒരു സാദൃശ്യമുണ്ടായേക്കാം. എന്നാൽ അതിൽനിന്ന് ഒരുപാടു വ്യത്യസ്തതയുള്ള ഒരു കഥാപാത്രമാണിത്. കാരണം ഇതിൽ ഒരു പ്രണയമുണ്ട്, പ്രണയപരാജയമുണ്ട്, പ്രണയപരാജയം ഒരു വ്യക്‌തിയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുണ്ട്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗില04ഷമ2.ഷുഴ മഹശഴി=ഹലളേ>

മാറിമാറി വരുന്ന നായികമാർ

ശരിക്കും പറഞ്ഞാൽ ഈ സിനിമ ജൂൺ മാസം മാത്രം തുടങ്ങാനിരുന്നതാണ്. നായികമാരുടെ ഡേറ്റെല്ലാം ഓക്കെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ചിത്രീകരണം കുറച്ചു നേരത്തെ ആരംഭിച്ചതിനാൽ അവരുടെ ഡേറ്റിൽ ചില പ്രശ്നങ്ങളുണ്ടായി. ആൻഡ്രിയ ജെർമിയ ഈ ചിത്രത്തിൽ ഒരു നായികയായി വരുന്നുണ്ട്. പിന്നെ ഒരു നായിക കൂടിയുണ്ടാകും. ഈ നായിക സിനിമയുടെ അവസാനഭാഗത്തു മതിയാകും. ഡേറ്റ് കാര്യങ്ങളെല്ലാം സംസാരിച്ചു വച്ചിരിക്കുകയാണ്.

മൂന്നു വർഷത്തെ ഇടവേള

സാധാരണ ഞാനും മമ്മൂക്കയും ഒത്തുള്ള സിനിമകൾക്കെല്ലാം മൂന്നു വർഷത്തെ ഇടവേളയാണ് ഉണ്ടാകാറുള്ളത്. ആദ്യമായി ഞങ്ങൾ ഒന്നിച്ച തുറുപ്പുഗുലാൻ ഇറങ്ങുന്നതു 2006–ലാണ്. 2009ൽ പട്ടണത്തിൽ ഭൂതം തിയറ്ററുകളിലെത്തി. താപ്പാന 2012–ൽ റിലീസ് ചെയ്തു. മൂന്നു വർഷത്തെ ഗ്യാപ്പ് ഈ സിനിമകൾക്കിടയിലുണ്ടായിരുന്നു. അതു മനഃപൂർവമുണ്ടായതല്ല. അങ്ങനെ സംഭവിച്ചു പോകുന്നതാണ്. ഇപ്പോൾ 2016–ൽ തോപ്പിൽ ജോപ്പൻ എന്ന സിനിമ ചെയ്യുന്നു. ഒരു നല്ല സബ്ജക്ട് ഒത്തുകിട്ടാനുള്ള താമസമുണ്ടാകും. മമ്മൂക്കയുടെ അനുവാദവും അംഗീകാരവും ഒക്കെ ലഭിച്ചതിനു ശേഷമാണ് ഒരു സിനിമയിലേക്കു പ്രവേശിക്കുന്നത്. ഇതു പൂർണമായും ഒരു മമ്മൂക്ക ചിത്രം തന്നെയാണ്. മമ്മൂക്ക ഈ കഥാപാത്രത്തെ നന്നായി ആസ്വദിച്ചാണു ചെയ്യുന്നതെന്ന് എനിക്കു തോന്നുന്നു.

മോഹൻലാലിനെ നായകനാക്കി ആറു മുതൽ അറുപതു വരെ

ലാലേട്ടനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ എനിക്കു തോന്നുന്നത് ലാലേട്ടനെ അമ്പരപ്പിക്കാവുന്ന ഒരു കഥയോ കാര്യങ്ങളോ എനിക്കു സെറ്റായില്ല. ഓരോ സിനിമയും ഉണ്ടാകുന്നതാണ്, ഉണ്ടാക്കപ്പെടുന്നതല്ല. സിനിമകൾ ഉ

ണ്ടാകുന്നതു തന്നെയാണ്. അതിനു പല ഘടകങ്ങളും ഒത്തുചേരണം. ലാലേട്ടനെ അമ്പരപ്പിക്കാൻ കഴിയുന്ന ഒരു സബ്ജക്ട് എനിക്കുണ്ടാക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊന്നുണ്ടാകുന്ന സമയത്ത് തീർച്ചയായും അങ്ങനെയൊരു സിനിമ നടക്കും. അല്ലാതെ അതു നടന്നില്ല... മാറ്റിവച്ചു... വേണ്ടെന്നു വച്ചു... എന്നൊന്നും എനിക്കു തോന്നുന്നില്ല. എല്ലാം നടക്കേണ്ട സമയത്തു കൃത്യമായി നടക്കും.


തിരിച്ചടി

ലാലേട്ടനെ വച്ചുള്ള സിനിമ നടക്കാതെ പോയതിൽ ഞാൻ വളരെ നിരാശനായിരുന്നു എന്നൊക്കെ പറയുന്നതു വെറുതെയാണ്. ഞാനെന്റെ കരിയറിൽ ഒരിക്കലും നിരാശനായിട്ടില്ല. കാരണം ഒന്നുമില്ലായ്മയിൽ നിന്ന് ഒടേതമ്പുരാൻ ഇതുവരെ എന്നെ എത്തിച്ചു. എന്റെ ജീവതത്തിൽ ഞാൻ എന്തായിരിക്കുന്നുവോ ആ നിലയിൽ ഞാൻ വളരെ സംതൃപ്തനാണ്. അതു നിലനിർത്തിക്കൊണ്ടുപോകാനും ഒരു നല്ല മനുഷ്യനായി ജീവിക്കാനുമാണ് ആഗ്രഹം. നിർമാതാക്കൾക്കു പണമുണ്ടാക്കിക്കൊടുക്കുന്ന ഒരു സംവിധായകനായി തുടരുക എന്നല്ലാതെ മറ്റ് അതിമോഹങ്ങളൊന്നുമില്ല.

തികഞ്ഞ ദൈവവിശ്വാസി

വളരെ കഷ്‌ടപ്പാടിന്റെ സാഹചര്യത്തിലൂടെയാണു മാതാപിതാക്കളടക്കം ഞങ്ങൾ കടന്നുവന്നത്. പ്രാർഥനയിലൂടെ മാത്രം പല കാര്യങ്ങളും ജീവിതത്തിൽ സാധിച്ചു. വലിയ ദുർഘടഘട്ടങ്ങൾ പ്രാർഥനയിലുടെ മാത്രം തരണംചെയ്തിട്ടുണ്ട്. ഇല്ലായ്മകളെ ശക്‌തമായി നേരിടാൻ കഴിഞ്ഞത് ഈ വിശ്വാസമാണെന്നു കരുതുന്നു. നമുക്ക് ഈ ലോകത്ത് ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു ശക്‌തി എന്നു പറയുന്നത് ഒടേതമ്പുരാൻ മാത്രമാണ്. ആരു നമ്മളെ കൈവിട്ടാലും ഒടേതമ്പുരാൻ നമ്മളെ കൈവിടില്ല. എല്ലാ മനുഷ്യർക്കും ഓരോ കഴിവുണ്ട്. ആരു നമ്മെ കൈവിട്ടാലും ദൈവം തന്ന ആ ടാലന്റ് നമ്മളെ കൈവിടില്ല. ആ ടാലന്റ് കൊണ്ടാണു നമുക്കു മുന്നോട്ടു പോകാൻ കഴിയുന്നത്.

നടനാകാൻ മോഹിച്ചു

കുട്ടിക്കാലത്ത്, അതായത് ഒരു പത്തു വയസൊക്കെ ഉള്ള കാലത്ത് സിനിമ കാണുന്ന എല്ലാവർക്കും നടനാകണമെന്ന മോഹം മനസിൽ ഉണ്ടാകും. കുറച്ചു കഴിയുമ്പോൾ നമ്മുടെ രൂപമൊന്നും ഒരു നടനു പറ്റിയതല്ലെന്ന തിരിച്ചറിവുണ്ടാകും. സിനിമയോട് ഏറ്റവും അടുത്തു നിൽക്കുന്നതും സിനിമയെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ക്രിയേറ്റർ ആവുക എന്നു ചിന്തിച്ചു തുടങ്ങി. ഏതോ ഒരു സംവിധായകൻ സംവിധാനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ബെസ്റ്റ് പ്രഫഷൻ ഇൻ ദ വേൾഡ് എന്നാണ്. സംവിധാനം എന്നു പറയുന്ന പ്രക്രിയയെ ഞാൻ നന്നായി ആസ്വദിച്ചാണു ചെയ്യുന്നത്. മറ്റു ടെൻഷനുകളും പ്രശ്്നങ്ങളുമൊക്കെയുണ്ടാകും. എന്നാൽ സിനിമ ചെയ്യുന്ന സമയത്ത് ഞാൻ അതിന്റെ ലഹരിയിൽ തന്നെയാണ്.

ജീവിതത്തിൽ ബസ് കണ്ടക്ടറുടെ വേഷവും

എന്നെ സിനിമയിൽ കൊണ്ടുപോയതു ജോക്കുട്ടൻ എന്നയാളാണ്. എന്നെ സിനിമാരംഗത്ത് എത്തിക്കുമെന്നു കുട്ടിക്കാലത്തു തന്നെ എനിക്കദ്ദേഹം വാക്കു തന്നിരുന്നു. അദ്ദേഹത്തിന്റെ ഓഫറിനു ചെറിയ കാലതാമസം ഉണ്ടായപ്പോൾ വെറുതെ വീട്ടിൽ നിൽക്കേണ്ട എന്നു കരുതി സുഹൃത്തിന്റെ ബസിൽ ചെക്കറും കണ്ടക്ടറുമായി പോയി. 11 മാസം ഈ ജോലി ചെയ്തു.

സിനിമയിലേക്കുള്ള കടന്നുവരവ്

കണ്ടക്ടറായി ജോലി ചെയ്തുകൊണ്ടിരിക്കേ ജോക്കുട്ടന്റെ വിളി വന്നു. അങ്ങനെ അദ്ദേഹത്തോടൊപ്പം മദ്രാസിലേക്കു പോയി. രണ്ടു വർഷം അവിടെ ചെറിയ കഷ്‌ടപ്പാടുകളൊക്കെയുണ്ടായി. അദ്ദേഹത്തിന്റെ ശിപാർശയിൽ തുളസി സാറിന്റെ (തുളസിദാസ്) അസിസ്റ്റന്റായി കയറി. പിന്നീടു പത്തോളം സംവിധായകരുടെ അസിസ്റ്റൻഡായി പ്രവർത്തിച്ചു. അതിനു ശേഷമാണ് സ്വതന്തസം വിധായകനായി സിഐഡി മൂസ ചെയ്തത്.

നാടകാഭിനയം

സ്കൂളിൽ പഠിക്കുന്ന കാലത്ത് സബ്ജില്ലാ–ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ഡിസിഎൽ–കെസിഎസ്എൽ പരിപാടികളിലും പള്ളിപ്പെരുന്നാളുകളിലെ നാടകങ്ങളിലും അഭിനയിച്ചു. ഇതിനെല്ലാം പ്രചോദനം സിനിമ തന്നെയായിരുന്നു. സിനിമ കണ്ട ശേഷം അതിനെ അനുകരിച്ച് ചെയ്യുകയായിരുന്നു. സിനിമ കണ്ടുള്ള പരിചയത്തിൽ നിന്നാണ് നാടകവും എന്നിലുണ്ടായത്.

കുടുംബം

കോട്ടയം ജില്ലയിലെ മാമ്മൂടാണു സ്വദേശം. ഭാര്യ ഷൈനി. രണ്ടു പെൺകുട്ടികളാണ്. മൂത്തയാൾ ലുദുവിന. അവൾ എട്ടാം ക്ലാസിലേക്കാവുന്നു. രണ്ടാമത്തെയാൾ അന്ന, അഞ്ചിലേക്കു കടക്കുന്നു.

ന്യൂജനറേഷൻ സിനിമ

വ്യത്യസ്തമായി ചിന്തിക്കുന്ന ഒരുപാടു സംവിധായകർ കടന്നുവരുന്നുണ്ട്. അൽഫോൻസ് പുത്രൻ, ദിലീഷ് പോത്തൻ തുടങ്ങിയവരിൽ നിന്നൊക്കെ ഇനിയും ഏറെ പ്രതീക്ഷിക്കാവുന്നതാണ്. സിനിമാ ഇൻഡസ്ട്രിയെ ഞെട്ടിച്ചവരാണവർ. പ്രത്യേക സ്റ്റൈൽ ഓഫ് മേക്കിംഗ് ഇവർക്കുണ്ട്. ന്യൂജനറേഷൻ എന്നു പറഞ്ഞു നടക്കുന്ന എല്ലാവരും മിടുക്കന്മാരാണെന്നു പറയാനാകില്ല. വിജയം സമ്മാനിക്കുന്നവരാണു മിടുക്കന്മാർ.

ചിത്രങ്ങൾ: <യ> സനൽ വേളൂർ